പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ല; എന്‍പിആര്‍ നടപടികള്‍ തുടരാം; ഹര്‍ജികള്‍ രണ്ടായി പരിഗണിക്കും; കേസ് അഞ്ചാഴ്ചയ്ക്കു ശേഷം അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക്

Wednesday 22 January 2020 11:32 am IST

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രത്തിന് അനുകൂല നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യം കോടതി തള്ളി. ഒപ്പം, എന്‍പിആര്‍ നടപടികള്‍ തടയണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. വിഷയത്തില്‍ സമര്‍പ്പിച്ച 140ഓളം ഹര്‍ജികള്‍ രണ്ടായി പരിഗണിക്കും. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളും സിഎഎ നിയമവുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികളും രണ്ടായി ആകും പരിഗണിക്കും. കേസ് പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉത്തരവിട്ടു. സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. സിഎഎ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ എന്തുനടപടികള്‍ എടുത്താലും കോടതിയുടെ അന്തിമ ഉത്തരവാകും നടപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികള്‍ ഈ വിഷയത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. 

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരളമടക്കം ചില സര്‍ക്കാരുകളും സംഘടനകളും പാര്‍ട്ടികളുമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപീഡനം സഹിക്ക വയ്യാതെ പലായനം ചെയ്തെത്തിയ ആറു ന്യൂനപക്ഷങ്ങള്‍ക്ക് (ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധമതക്കാര്‍) ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. എന്നാല്‍, ഇത് മുസ്ലീങ്ങള്‍ക്കെതിരും ഭരണഘടനാ വിരുദ്ധവുമാണെന്നാരോപിച്ചാണ് ഹര്‍ജികള്‍. നിയമം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

എന്നാല്‍, നിയമം ഏതെങ്കിലും മതത്തിന് എതിരല്ലെന്നും പൂര്‍ണമായും ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ളതാണെന്നും ആരുടെയും പൗരത്വം റദ്ദാക്കാനുള്ളതല്ലെന്നും കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പ്രതിപക്ഷവും ചില മുസ്ലിം സംഘടനകളും പ്രതിഷേധങ്ങളും കലാപങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു. കലാപത്തില്‍ യുപിയില്‍ 19 പേരും മംഗലാപുരത്ത് രണ്ടു പേരും കൊല്ലപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.