വിരാമമില്ലാതെ ദുരിതക്കെടുതി

Tuesday 13 August 2019 3:20 pm IST

ചാരുംമൂട്: മേഖലയില്‍ പല ഭാഗത്തും വെള്ളം കയറിയതോടെ ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ദിനംപ്രതി ആശ്രയിച്ചിരുന്ന യാത്രാമാര്‍ഗ്ഗങ്ങളും ഇല്ലാതായി. നൂറുക്കണക്കിനു വീടുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെയും ദുരിതം. പലരും സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

നൂറനാട് ഇടപ്പോണ്‍ മേഖലയില്‍ മുപ്പതോളം വീടുകള്‍ വെള്ളത്തിലായി. കിഴക്കന്‍വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അച്ചന്‍കോവിലാറ്റുവെള്ളം കരിക്കാലിച്ചാല്‍ പുഞ്ചപൂര്‍ണ്ണമായി വെള്ളത്തിനടിയിലാക്കി. പത്താംമൈല്‍-പന്തളം റോഡിലെ മാവിളപ്പടിഭാഗം വെള്ളം കയറിയതോടെ സ്വകാര്യബസ് സര്‍വ്വീസ് ഉള്‍പ്പെടെ സ്തംഭിച്ചു. കോമല്ലൂര്‍-കുടശ്ശനാട് റോഡിലെ പാലമേല്‍ബണ്ട് ഭാഗം വെള്ളത്തിലായി. ഇതുവഴിയുള്ള ഗതാഗത സൗകര്യവും ഇല്ലാതായി. നൂറനാട് മുതുകാട്ടുകര-രണ്ടു തുണ്ടില്‍ മുക്ക് റോഡിലെ വെട്ടത്തോരി ഭാഗത്തായി ആറ്റുവെള്ളം കയറിയതിനെത്തുടര്‍ന്ന് ഏക്കറുക്കണക്കിനു ഭൂമിയിലെ കൃഷി നശിച്ചു. 

വെട്ടാന്‍ പാകമായ നൂറുക്കണക്കിന് ഏത്തവാഴകളും പയര്‍, പാവല്‍, ചേന, ചേമ്പ്, പാവയ്ക്ക തുടങ്ങിയ ഇടനിലകൃഷികളുമാണ് നശിച്ചത്. ഓണവിപണി മുന്നില്‍ കണ്ട് കൃഷി ഇറക്കിയ കാര്‍ഷികവിളകളാണിത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകരും ആശങ്കയിലായി. 

പകല്‍നേരം മഴയ്ക്ക് അല്‍പം ശമനം വന്നതോടെ വെള്ളം കൃഷിയിടത്തില്‍ നിന്നും തിരിച്ച് ആറ്റിലേക്കെഴുകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വള്ളികുന്നം, നടീല്‍വയല്‍, പെരുവേലിച്ചാല്‍ പുഞ്ച, കരിങ്ങാലിച്ചാല്‍ പുഞ്ച എന്നിവിടങ്ങളില്‍ കൃഷി ചെയ്തിരുന്ന നൂറുക്കണക്കിന് ഏക്കര്‍ നെല്‍കൃഷി വെള്ളം കയറി നശിച്ചു. ലക്ഷക്കണക്കിനു രൂപ പലിശക്കെടുത്തും കടം വാങ്ങിയും കൃഷി ചെയ്ത നെല്‍കര്‍ഷകര്‍ ഇതോടെ അങ്കലാപ്പിലായി. കെപി റോഡിലെ വെട്ടിക്കോടുപുഞ്ചയിലും വടക്കുനിന്നുമുള്ള ആറ്റുവെള്ളത്തിന്റെ വരവിനെത്തുടര്‍ന്ന് അപകടാവസ്ഥയിലാണ്. മെഗാടൂറിസം പദ്ധതി പ്രദേശം വെള്ളത്തിനടിയിലായി. പദ്ധതി പ്രദേശം നിറഞ്ഞെഴുകുന്ന വെള്ളം കെപി റോഡിലേക്ക് വന്നു തുടങ്ങി. ഏതുനേരവും ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.