മുന്നാക്ക- പിന്നാക്ക വിഭാഗങ്ങളില്‍ ചേരിതിരിവുണ്ടാക്കി കലാപത്തിന് വഴിയൊരുക്കി; 50 കോടിയുടെ കേന്ദ്ര ധനസഹായം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍

Wednesday 9 October 2019 8:57 am IST

ചങ്ങനാശ്ശേരി : മുന്നാക്ക- പിന്നാക്ക വിഭാഗങ്ങളില്‍ ജാതീയമായ ചേരിതിരിവുണ്ടാക്കി കലാപത്തിന് വഴിയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകാമാരന്‍ നായര്‍. എന്‍എസ്എസിനു രാഷ്ട്രീയമില്ല. സമദൂരമാണു നയം. എങ്കില്‍പോലും ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. 

നായര്‍ സമുദായങ്ങളോടു മാത്രമല്ല മുന്നാക്ക വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ പ്രതികരിക്കേണ്ട സമയമാണിപ്പോള്‍ എന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്റെ ജന്മദിനം അപ്രസക്തമാക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മന്നം ജയന്തി ദിനത്തില്‍ ശബരിമലയില്‍ യുവതീപ്രവേശം നടത്തിയത്. മന്നം ജയന്തി ദിനം ആഗോള നവോത്ഥാന ദിനമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം അയ്യപ്പന്‍ സമ്മതിച്ചില്ലെന്നും കുറ്റപ്പെടുത്തി. ചങ്ങനാശേരി എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പെരുന്നയില്‍ സംഘടിപ്പിച്ച 106ാം വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 50 കോടിയുടെ ധനസഹായം 2 വര്‍ഷമായി തടഞ്ഞുവച്ചു. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡിലുള്ള സംവരണവും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണവും നല്‍കാന്‍ ശ്രമിക്കുന്നില്ല. മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ പെടുന്ന അവധിയാക്കി മാറ്റണമെന്ന നിവേദനം കാരണമില്ലാതെ നിരസിച്ചു. കുമാരപിള്ള കമ്മിഷന്‍ പ്രകാരം എയ്ഡഡ് കോളജില്‍ മാനേജ്‌മെന്റ്, സമുദായ ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് ആനുകൂല്യം നിഷേധിച്ചതും വിവേചനപരമാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. 

രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ഈ ഉപതിരഞ്ഞെടുപ്പില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ശരിദൂരം കണ്ടെത്തുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ശരിദൂരം ഏതാണെന്ന് സമുദായാംഗങ്ങള്‍ക്ക് അറിയാം. ഇരു മുന്നണികളോടും തുല്യദൂരം പാലിക്കുന്നതാണ് എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂരം. ഏതാണു ശരിയായ തീരുമാനമെന്നു അംഗങ്ങള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം നല്‍കുന്നതാണു ശരിദൂരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.