മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കി കാര്യം സാധിക്കുകയാണ് എന്‍എസ്എസിന്റെ തന്ത്രം; പ്രസ്താവനകള്‍ ഇറക്കുന്നത് അതിനാണെന്നും വെള്ളാപ്പള്ളി നടേശന്‍

Thursday 17 October 2019 12:04 pm IST

കൊട്ടിയം : അഴിമതി മുങ്ങിക്കുളിച്ചതായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരെന്ന് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാലയളവില്‍ മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കി എന്‍എസ്എസ് കാര്യം സാധിക്കുകയായിരുന്നെന്നും കുറ്റപ്പെടുത്തി. 

അടുത്ത കാലത്തുവരെ എന്‍എസ്എസിന് പിണറായി സര്‍ക്കാര്‍ നല്ലതായിരുന്നു. ഇടക്കാലം കൊണ്ട് മാറുകയും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു. 

യുഡിഎഫ് ഭരണകാലത്ത് പ്രസ്താവനകളിറക്കാതെ തന്നെ കാര്യംസാധിക്കാന്‍ ഒരുപാട് മന്ത്രിമാര്‍ അവര്‍ക്കുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തിനുവേണ്ടി ഏറെ അധ്വാനിച്ചത് താനാണ്. പക്ഷെ അതിന്റെ പേരില്‍ താക്കോല്‍ സ്ഥാനം പിടിച്ചുവാങ്ങിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

എന്‍എസ്എസിന് ആവശ്യമുള്ള വലിയ കാര്യങ്ങളെല്ലാം സാധിച്ചുകഴിഞ്ഞു. ഇനി ചെറിയ കാര്യങ്ങളേയുള്ളു. അത് സാധിക്കുന്നതിനുള്ള ശ്രമമായാണ് പ്രസ്താവനകള്‍ ഇറക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഒരുചുക്കും സംഭവിക്കില്ല. ശബരിമല കേസില്‍ സന്യാസി ശ്രേഷ്ഠന്മാരുടെ അടക്കം അഭിപ്രായം ആരായണമെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിലെ വിവരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാഞ്ഞത് ഇടതുപക്ഷത്തിനുപറ്റിയ വീഴ്ചയാണെന്നും വെള്ളാപ്പള്ളി ന്യായീകരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.