തെങ്ങിന്‍ചുവട്ടിലെ നഴ്‌സറി

Wednesday 1 January 2020 5:59 am IST

തിരുവനന്തപുരത്തെ പ്ലാമൂട്ടുകടയില്‍ കഴിഞ്ഞ 27 വര്‍ഷമായി തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി നടീല്‍ വസ്തുക്കളുടെയും അലങ്കാരച്ചെടികളുടെയും നഴ്‌സറി നടത്തി സ്വയം തൊഴില്‍ സംരംഭകര്‍ക്ക് മാതൃക കാട്ടുകയാണ് സിസില്‍ ചന്ദ്രന്‍. 

അലങ്കാരച്ചെടിയിലെ ക്രോട്ടണ്‍ വിഭാഗത്തില്‍പ്പെട്ട 760 ഇനത്തിലധികം ചെടികള്‍ നഴ്‌സറിയില്‍ ഇടം നേടിയിട്ടുണ്ട്. രത്‌ന, വസന്ത്, ഫുല്‍ക്കാരി, ഇന്ദിരാഗാന്ധി, ദില്‍രൂപ, ചിത്രരേഖ, നാസറുദ്ദീന്‍, നിഷ്‌കണ്ട് തുടങ്ങി ചെമ്പരത്തിയില്‍ 60 ഇനങ്ങളും നഴ്‌സറിയില്‍ സുലഭം.

തെങ്ങിന്‍ ചുവട്ടിലെ ഒരിഞ്ച് ഭൂമിപോലും ചന്ദ്രന്‍ വെറുതെ ഇടുന്നില്ല. വെറുതെയിട്ടാല്‍ പുല്ലും കളകളും വന്നു നിറയും. തെങ്ങിന്‍ ചുവട്ടില്‍ കൂടത്തൈകള്‍ വയ്ക്കുന്നതിനാല്‍ ഈര്‍പ്പം നിലനില്‍ക്കുകയും സൂക്ഷ്മജീവികള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാകുക മാത്രമല്ല വേനല്‍ക്കാലങ്ങളില്‍ പുതയിടീലിന്റെ പ്രയോജനം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

തെങ്ങിന്‍ തോട്ടത്തിലെ തണലുള്ള സ്ഥലങ്ങളില്‍ തണല്‍പറ്റി വളരാന്‍ കഴിയുന്ന പൈപ്പറോമിയ ഇലച്ചെടിയുടെ വിവിധ ഇനങ്ങളിലെ നീണ്ട നിര ആരെയും അത്ഭുതപ്പെടുത്തും. ഇല കഷ്ണങ്ങള്‍ നട്ട് പുതിയ തൈകള്‍ ഉണ്ടാക്കാവുന്ന സാന്‍സി വിരയും വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന വെര്‍ബീന, ഇലകള്‍ ആകര്‍ഷകങ്ങളായ വിവിധ ഫേണുകളും ധാരാളമായി കണ്ടുവരുന്നു. 

ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒട്ടുമിക്ക ഔഷധചെടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുമ്പ മുതല്‍ നീലക്കുറിഞ്ഞിവരെ ഇതില്‍ ഉള്‍പ്പെടും. തെങ്ങിന് വര്‍ഷത്തില്‍ ഒരു തവണപോലും പ്രത്യേകിച്ച് വളപ്രയോഗം നടത്താറില്ല. കൂടത്തൈകളില്‍ പോട്ടിംഗ് മിശ്രിതമായി നല്‍കുന്ന ഉണങ്ങിപ്പൊടിഞ്ഞ കാലിവളത്തിന്റെ അംശം ജലസേചനസമയം മണ്ണില്‍ എത്തുന്നതിനാല്‍ തെങ്ങുകള്‍ നന്നായി വളര്‍ന്ന് മികച്ച വിളവ് തരുന്നു.

തെങ്ങിന്റെ ഓലയും മറ്റ് പാഴ്‌വസ്തുക്കളും കൊണ്ട് മണ്ണിരവളം നിര്‍മ്മിക്കുന്നു. ഇത് തെങ്ങിനും ചെടികള്‍ക്കും തന്നെ നല്‍കുന്നു. തെങ്ങിന്‍ തോട്ടവും പരിസരവും സദാവൃത്തിയായി കിടക്കുന്നതിനാ

ല്‍ കൊമ്പന്‍ ചെല്ലിയുടെ ആക്രമണവും തീരെ കുറവാണ്.തോട്ടത്തിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് പത്തിലധികം വമ്പന്‍ ഹൈടെക് പോളിത്തിന്‍ കൂടാരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ വെള്ളരി, പാവല്‍, പയര്‍, വെണ്ട തുടങ്ങിയ നിരവധി പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നു. ഹൈ-ടെക് പോളിത്തീന്‍ കൂടാര കൃഷിയില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചന്ദ്രനെ തേടി എത്തിയിരുന്നു.

ഗ്രാമശ്രീ, ഗ്രാമപ്രിയ, ഫാസ്റ്റ്ട്രാക്ക് തുടങ്ങി വിവിധ ഇനങ്ങളിലെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചും കര്‍ഷകര്‍ക്ക് നല്‍കുന്നു. തേനീച്ച, മത്സ്യകൃഷി, പപ്പായതോട്ടം, നെല്‍കൃഷി തുടങ്ങിയവയെല്ലാം ഈ നേഴ്‌സറിയുടെ വിവിധ ഭാഗങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. തെങ്ങിന്‍ പുരയിടവും, ഗതാഗതയോഗ്യമായ റോഡും, പരിശ്രമിക്കുവാനുളള മനസ്സും ഉണ്ടായാല്‍ ബാങ്ക് വായ്പയും കൃഷി വകുപ്പിന്റെ സബ്‌സിഡിയും ലഭിക്കുമെന്നതാണ് ഇദ്ദേഹത്തിന്റെ അനുഭവം. പോട്ടിംഗ് മിശ്രിതം തയ്യാറാക്കല്‍ മുതല്‍ ചെടിയും പൂക്കളും മീനും മുട്ടയും വിപണനം ചെയ്യാന്‍ വരെ 21 തൊഴിലാളികള്‍ നിത്യവും സിസില്‍ ചന്ദ്രന്റെ തോട്ടത്തില്‍ ഉണ്ട്. ഫോണ്‍: 9447200215.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.