'15 പ്രാവശ്യവും മത്സരത്തിനിറങ്ങിയത് പ്രസ്ഥാനം വളര്‍ത്താന്‍; ബി.ജെ.പി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി; കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത് പത്തുമിനിട്ടിന്റെ വ്യത്യാസത്തില്‍'; ജീവിതം പറഞ്ഞ് ഒ. രാജഗോപാല്‍ എംഎല്‍എ

Sunday 15 September 2019 3:30 pm IST

തിരുവനന്തപുരം: കെട്ടിവെച്ച കാശ് കിട്ടില്ലെന്നറിഞ്ഞുതന്നെയാണ് പലപ്പോഴും  തിരഞ്ഞെടുപ്പിനിറങ്ങിയതെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. ജയിക്കില്ലെങ്കിലും  ഇങ്ങനെയൊരു പാര്‍ട്ടിയുണ്ടെന്ന് ജനത്തെ അറിയിക്കാനും, പ്രസ്ഥാനം വളരാനുള്ള പ്രായോഗിക സമീപനമായാണ് തിരഞ്ഞെടുപ്പിനെ കണ്ടതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. എബ്രഹാം ലിങ്കണ്‍ 15 തവണയാണ് തോറ്റത്. 16ാം തവണ ജയിച്ചു. അതുപോലെയാണ് എന്റെയും വിജയം.

കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേയ്ക്കുണ്ടാക്കിയ വികസനം കേരളം മറക്കില്ല. കേന്ദ്രത്തില്‍നിന്ന് എന്തെങ്കിലും കിട്ടിയെന്ന് മലയാളിക്കുതോന്നിയത് അപ്പോഴാണ്. ഇപ്പോള്‍ എം.എല്‍.എ.യായപ്പോഴും പാര്‍ട്ടിയോ ജാതിയോ നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ചെയ്യാന്‍ പലതുമുണ്ട്. അതിനാല്‍ പൂര്‍ണസന്തുഷ്ടനാണെന്ന് പറയുകവയ്യ.   കേരളത്തില്‍ ഇന്ന് വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പി. യാണെന്നും വളര്‍ച്ചയ്ക്ക് ഇനിയും വേഗംകൂട്ടണമെന്നുമാണ് രാജഗോപാലിന്റെ അഭിപ്രായം. മൂന്നുകൊല്ലം കൂടുമ്പോള്‍ തിരഞ്ഞെടുപ്പുനടത്തുന്ന പാര്‍ട്ടി ബി.ജെ.പി.യല്ലാതെ ഏതുണ്ടെന്ന് അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. 

1998ല്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഥോടനത്തെ തുടര്‍ന്നാണ് തനിക്ക് സുരക്ഷ അനുവദിച്ച കാര്യവും ഒ.രാജഗോപാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോയമ്പത്തൂരിലെ വേദിയില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിക്കൊപ്പം ഒ.രാജഗോപാലും പങ്കെടുക്കേണ്ടതായിരുന്നു. അന്ന് ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായിരുന്നു ഒ.രാജഗോപാല്‍. നാഗര്‍കോവിലിലെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞായിരുന്നു അദ്വാനിക്കൊപ്പം രാജഗോപാലിനും കോയമ്പത്തൂരില്‍ എത്തേണ്ടിയിരുന്നത്. മൂന്ന് മണിക്കായിരുന്നു ഇവിടെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നാഗര്‍കോവിലിലെ പ്രചരണ പരിപാടി നേരത്തെ തീരുമാനിച്ചതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് തീര്‍ന്നത്. അതിനാല്‍ തിരുവനന്തപുരത്തു നിന്നും പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തിയപ്പോള്‍ പത്തു മിനിട്ടു വൈകി.

വൈകിയെത്തിയ പത്തുമിനിട്ടിന് തങ്ങളുടെ ജീവന്റെ വിലയുണ്ടായിരുന്നെന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറിഞ്ഞത്. അദ്വാനി പ്രസംഗിക്കേണ്ടിയിരുന്ന ആര്‍.കെ.പുരത്തെ സമ്മേളന വേദിയിലും അടുത്തുമായി പതിമൂന്ന് ഉഗ്രശേഷിയുള്ള ബോംബുകളാണ് കൃത്യം മൂന്ന് മണിക്ക് പൊട്ടിയത്. തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അന്നുമുതല്‍ക്കാണ് ഒ.രാജഗോപാലിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അത് ഇന്നും തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.