'വലിയ' ഐഎസ് ഭീകരനെ പിടികൂടി സുരക്ഷാസേന; പൊണ്ണത്തടിയനെ അറസ്റ്റ് ചെയ്ത് നീക്കിയത് ലോറിയില്‍

Saturday 18 January 2020 12:59 pm IST

ബാഗ്ദാദ്: ഏറെ നാളുകളായി സുരക്ഷാസേന തെരയുന്ന ഐഎസ് ഭീകരന്‍ ഒടുവില്‍ അറസ്റ്റില്‍. എന്നാല്‍, കൊടുംഭീകരനെ അറസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ലെങ്കിലും കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ നന്നേ ബുദ്ധിമുട്ടി. ഷിഫ അല്‍ നിമ എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്. മൂന്നുറു കിലോയിലധികം ഭാരമുള്ള ഭീകരനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ സാധിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തു നീക്കിയത് ആകട്ടെ ഒരു ലോറിയിലും. മൊസൂളിലെ ഒളിത്താവളത്തില്‍ നിന്നു പിടികൂടിയ ഭീകരന്‍ അടുത്തിടെ അറസ്റ്റിലാകുന്ന വലിയ ഭീകരനാണെന്നു സുരക്ഷാ സേന വ്യക്തമാക്കി.

ഇസ്ലാം മതപണ്ഡിതന്‍ കൂടിയായ നിമ മതപരായ ഉത്തരവുകളും ഫത്വകളും പുറപ്പെടുവിക്കാനുള്ള ചുമതലയുള്ള ഭീകരനായിരുന്നു. ഇയാളുടെ ഫത്വ അനുസരിക്കാത്ത പല മുസ്ലിം മതപണ്ഡിതരേയും ഈ ഭീകരന്റെ ഉത്തരവ് പ്രകാരം ഐഎസ് ഭീകരര്‍ കൊന്നൊടുക്കിയിരുന്നു. ഇയാളെ ലോറിയില്‍ കിടത്തിയിരിക്കുന്ന ചിത്രം പുറത്തുവന്നെങ്കിലും എങ്ങനെയാണ് പുറത്ത് എത്തിച്ചതെന്ന് വ്യക്തമല്ല. 

ഇയാള്‍ക്ക് അബു അബ്ദുള്‍ ബാറി എന്ന് മറ്റൊരു പേരു കൂടി ഉണ്ട്. ഇയാളുടെ ഉത്തരവ് പ്രകാരമാണ് 2014ല്‍ മൊസൂളിലും ജോനയിലും പല പള്ളികളും തകര്‍ത്തത്. പ്രവാചകനായ യൂനസിനെ ആരാധിക്കാനായി സ്ഥാപിച്ച പള്ളികളാണ് തകര്‍ത്തക്. ക്രൈസ്തവ വിശ്വാസികള്‍ കൂടി പ്രവാചകനായി ആരാധിക്കുന്ന പള്ളികളാണ് തകര്‍ക്കപ്പെട്ടത്. നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും അടക്കം വധശിക്ഷയ്ക്കു വിധിച്ച ഭീകരനെ ഒരു മൃഗമായി മാത്രമാണ് കണക്കാക്കുന്നതെന്ന് ഐഎസിനെതിരേ പോരാടുന്ന സുരക്ഷ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാക്കര്‍ ഗിഫോര്‍ഡ് പ്രതികരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.