ആഗോള വിപണിയിൽ എണ്ണ വില ഉയരുന്നു, ബാരലിന് 70 ഡോളർ, 28 വര്‍ഷത്തിനിടെയുള്ള എറ്റവും വലിയ വിലക്കയറ്റം

Monday 16 September 2019 10:15 am IST

ന്യൂദല്‍ഹി: സൗദി സർക്കാർ കമ്പനി ആരാംകോയുടെ എണ്ണ സംസ്കരണ ശാലയും എണ്ണപ്പാടവും ഡോൺ ആക്രമണത്തിൽ കത്തിയമർന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു. തിങ്കളാഴ്ച ബാരലിന് 20% വരെ ഉയര്‍ന്ന് 70 ഡോളര്‍ വരെ എത്തി. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വിലക്കയറ്റമാണിത്. 

അബ്‌ഖൈക്ക് എണ്ണ സംസ്കരണ ശാലയും ഖുറൈസ് എണ്ണപ്പാടവും സ്ഫോടനത്തെ തുടർന്ന് പൂർണമായി പ്രവർത്തനം നിർത്തിയതോടെ സൗദിയുടെ ആകെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചിരുന്നു. പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ എണ്ണ ഉത്പാദനമാണ് കുറഞ്ഞിരിക്കുന്നത്.  എണ്ണ ഉത്പാദനം പകുതിയാക്കി കുറച്ചതോടെ വരുംനാളുകളില്‍ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് സൂചന.

ന്യുയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ഇലക്‌ട്രോണിക് ട്രേഡിംഗില്‍ ബാരലിന് 5.61 ഡോളര്‍ (10.2%) ഉയര്‍ന്ന് 60.46 ഡോളറില്‍ എത്തി. ബ്രെന്‍ഡ് ക്രൂഡ് വില 20% ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഉയരത്തില്‍ എത്തുന്നത്. ആക്രമണത്തിന്റെ ആഘാതം പരിഹരിക്കാന്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്ന് അരാംകോ വ്യക്തമാക്കിയ സ്ഥിതിക്ക് വരുംനാളുകളില്‍ ബ്രെന്‍ഡ് ക്രൂഡ് വില വരുംനാളുകളില്‍ ബാരലിന് 80 ഡോളറില്‍ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വെള്ളിയാഴ്ച ലോക വിപണിയിൽ ഒരു വീപ്പ എണ്ണയുടെ 60 ഡോളറായിരുന്നു. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയും സൗദിയിൽ നിന്നുമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തുവെങ്കിലും അത് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറയുന്നത്. ലോകത്തെ ഊര്‍ജ വിതരണം തടസ്സപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന ഇടപെടലാണിത്. ഇറാന്‍ ഇതിനകം തന്നെ സൗദി അറേബ്യയിലേക്ക് നൂറിലേറെ തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മൈക്ക് പോംപെയോ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.