ഉണ്ണുന്നതു മാത്രമല്ല, ഊട്ടുന്നതും കലയാക്കി ഓണംതുരുത്ത് ശ്രീകൃഷ്ണശ്രമസംഘം; സ്ത്രീകളുടെ കൂട്ടായ്മ സൂപ്പര്‍ ഹിറ്റ്

Tuesday 10 September 2019 2:33 pm IST

കൊച്ചി: ഓണസദ്യയും മറ്റ് അടിയന്തര വിശേഷങ്ങള്‍ കൂടാതെ കല്യാണ സദ്യയും ഓണ്‍ലൈനില്‍ പാക്കറ്റായി വീട്ടിലെത്തുന്ന കാലമാണ്. പേരെടുത്ത ക്യാറ്ററിങ്ങ്  കേന്ദ്രങ്ങള്‍ക്കു മുമ്പില്‍ ഓര്‍ഡര്‍ ചെയ്ത സദ്യപ്പൊതി കൈക്കലാക്കാന്‍ പൊരിവെയിലില്‍ എത്രനേരം വേണമെങ്കിലും ക്യൂ നില്‍ക്കുന്ന മടിയന്‍മാരെയും മടിച്ചികളെയും ഈ ചിങ്ങമാസത്തില്‍ എവിടെയും  കാണാം. കാലം മാറിയ ഈ കാലത്തെ സദ്യക്ക് എത്രകണ്ട് രുചിയുണ്ടാകും. നമ്മുടെ കുട്ടികളെങ്കിലും  അറിയണ്ടേ  യഥാര്‍ത്ഥ സദ്യവട്ടത്തിന്റെ രുചിയും രസവും അറിയൂ, സദ്യയുടെയും വിളമ്പലിന്റെയും  രസവിന്യാസങ്ങള്‍. 

താലികെട്ട് കഴിഞ്ഞ്  നാഗസ്വരത്തില്‍ മംഗളരാഗം  തുടങ്ങേണ്ട താമസം വന്നവരുടെ കണ്ണുകള്‍ സദ്യപന്തലിലേക്ക് പായുന്നു. പിന്നെ യുദ്ധമാണ്. തിക്കിതിരക്കി ഏതു വിധേനയും ഇലയ്ക്കുമുന്നില്‍ എത്താനുള്ള ഉത്രടാട പാച്ചിലിനെ വെല്ലുന്ന വെപ്രാള പാച്ചില്‍. തള്ളിമാറ്റിയും ചാടിയും ഊണിന്  സീറ്റ്  ഉറപ്പിക്കാനുള്ള തത്രപ്പാട്. 'പൂഴിക്കടകംമുറ' പ്രയോഗിക്കുന്നവരും കുറവല്ല. എങ്ങനെയെങ്കിലും കിട്ടിയ വിഭവങ്ങള്‍ കൂട്ടി സദ്യ ഉണ്ടെന്നു വരുത്തി സ്ഥലം കാലിയാക്കുന്ന കാഴ്ച്ചയാണ് എവിടെയും കാണാറുള്ളത്. 

 

ശാസ്ത്രീയമായ സദ്യവട്ടമനുസരിച്ച് വയററിഞ്ഞും, രുചിയറിഞ്ഞും, ആസ്വദിച്ച് സദ്യ ഉണ്ണുന്നവരുടെ കാഴ്ച്ച ഇന്ന് വിരളമാണ്. വന്നവരെക്കാള്‍ വലിയ തിരക്കുള്ളവരാണ് വിളമ്പുകാര്‍. മുഖം  നോക്കാതെയും വിഭവങ്ങള്‍ വിളമ്പേണ്ട സ്ഥാനം നോക്കാതെയും വിളമ്പിപ്പായുന്ന ഇന്നത്തെ യുവവിളമ്പലുകാര്‍. അവരുടെ 'ഡ്യൂട്ടി' നിര്‍വ്വഹിക്കുക എന്നതല്ലാതെ സദ്യയുടെ രുചിശാസ്ത്രം അറിഞ്ഞവരായി രിക്കണമെന്നില്ല. 'എങ്ങനെയുണ്ടായിരുന്നു സദ്യ?' എന്ന ചോദ്യം ഏതൊരു മലയാളിയുടെയും  നാവിന്‍തുമ്പിലെ സ്ഥിരം പല്ലവിയാണ്. കറികളുടെ എണ്ണം 28 ആയാലും ഇലയിലൊക്കെ കൈയ്യോടിക്കാനുള്ള ഭാഗ്യം ഇലയുടെ മുമ്പിലുള്ള ഹതഭാഗ്യര്‍ക്ക് കഴിയാറില്ല. പ്രൗഡി കാണിക്കാനും മേനി നടിക്കാനും ശ്രമിക്കുന്ന ധനാഢ്യമാരുടെ സദ്യാവേളകളില്‍ പാവം ചോറിനിരിക്കാന്‍ സ്ഥലം നന്നേ കുറവായിരിക്കും. ഫലമോ കാക്കകള്‍ക്കുപോലും വേണ്ടാതെ ഭക്ഷണം കുഴിച്ചു മൂടുന്ന  അവസ്ഥ. 

 

ഊണ് ഒരു കലയാണ്. കൈയ്യും, നാവും കൊണ്ടറിഞ്ഞ് നാക്കിന്റെ രസനയില്‍ അലിഞ്ഞ് ഉരുളുരുളയായി മൃഷ്ഠാനം  ഭുജിച്ച് കുംഭ നിറയ്ക്കുന്ന ശ്രേഷ്ഠകല. യഥാര്‍ത്ഥത്തില്‍, ദേഹണ്ണപ്പുരയില്‍ വിയര്‍പ്പൊഴുക്കി മനകണക്കുകളുടെ രസതന്ത്രത്തില്‍ കറിക്കൂട്ടുകള്‍ തയ്യാറാകുമ്പോള്‍ ആദ്യം മനവും വയറും നിറയുന്നത് പാചകത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കാണ്. ആഞ്ഞൂറോ  അതിലധികമോ വരുന്ന  അതിഥികളുടെ  മനം സ്വാദുകൊണ്ട്  നിറയ്ക്കുക എന്നത് അവര്‍ക്ക്  അഭിമാന നിമിഷങ്ങളാണ്.  ഇലവട്ടത്തില്‍ ഇടത്തു നിന്ന് തുടങ്ങിയാല്‍ ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, നാരങ്ങ, മാങ്ങ,  പുളിയിഞ്ചി, ഇഞ്ചിത്തൈര്, പാവക്കയോ  വെള്ളരിക്കയോ കൊണ്ടുള്ള  കിച്ചടി, പഴം, പപ്പടം, ഉപ്പ്, തോരന്‍, ഓലന്‍,  അവിയല്‍ എരിശ്ശേരി, പച്ചടി, കൂട്ടുകറി അങ്ങനെ ഇലയറ്റം മുഴുവന്‍ മഴവില്ലുപോലെ മഹാരുചികളുടെ സംഗമം. പിന്നെ അതാ വരവായി... ആവി പറക്കുന്ന ചെമ്പരിച്ചോറ്. ഒപ്പം  കൂട്ടാളികളായി അകമ്പടി സേവകരെപ്പോലെ പരിപ്പും നെയ്യും  കൂട്ടിനെത്തും. ഇത്രയുമായാല്‍  പരിസരം പോലും മറന്ന്  തുടങ്ങുകയായി   കൈയ്യും  മെയ്യും മറന്നുള്ള  വലംകൈ  പഞ്ചവാദ്യം.  പിന്നങ്ങോട്ട്  ഉരുളകളുടെ മേളപ്പെരുക്കം. മസ്തകപ്പെരുമയുള്ള ഗജവീരനെപ്പോലെ സാമ്പാറും എത്തിയാല്‍ 'ക്ഷ' യായി. ഒന്നും രണ്ടും മൂന്നും വട്ടവും ആവശ്യം കണ്ടറിഞ്ഞ്  വിളമ്പലുകാരുടെ  വരിവരിയായുള്ള വരവ്. ഇനി  അല്‍പ്പം ചോറ്  ഇലയുടെ ഇടത്തു മാറ്റിവച്ച,് ദൂരേക്ക്  നോക്കിയുള്ള കാത്തിരിപ്പാണ് ഹാവൂ, അതാ വരവായി സദ്യയുടെ രാജാധി രാജനായ പാലടയും മറ്റു  മന്ത്രിമാരടക്കമുള്ള  സഖ്യകക്ഷികളും. 

മനുഷ്യശരീരഘടനയ്ക്കനുസൃതമായി സദ്യയിലെ ഇഞ്ചിക്കറിയ്ക്കും പായസത്തിനുശേഷമുള്ള മോരുകൂട്ടലിനും രസത്തിന്റെ രുചിയൂട്ടിനും ആരോഗ്യ പരമായ പ്രത്യയശാസ്ത്രങ്ങളുണ്ട്. ആമാശയത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും സഹന ദഹനശക്തിയും ഇത്രകണ്ട് വര്‍ണ്ണാഭമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഊണിന്റെ രസപ്രപഞ്ചം നമ്മള്‍ മലയാളികള്‍ക്കു മാത്രം സ്വന്തമാണ്. അതുകൊണ്ടു തന്നെ കണ്ടറിഞ്ഞ് വിളമ്പുക എന്ന തത്വശാസ്ത്രം ജീവിതോപാസനയാക്കിയ  ഏറ്റുമാനൂരിനടുത്തുള്ള ഓണംതുരുത്ത് ഗ്രാമത്തിലെ അന്‍പതോളം വരുന്ന വിളമ്പലുകാരുടെ 'ശ്രീകൃഷ്ണശ്രമസംഘം' ചിങ്ങമാസം മുതലുള്ള മുഹൂര്‍ത്ത വേളകളില്‍ തിരക്കോടു തിരക്കിലാണ്. 

ചോറൂണ് മുതല്‍ ഉപനയനം, ഷഷ്ടിപൂര്‍ത്തി, സപ്തതി, ശാതാഭിഷേകം, അയനിയൂണ് (വിവാഹത്തലേന്നുള്ള  ചടങ്ങ്), വേളി, (കല്യാണം) തുടങ്ങിയ ചടങ്ങു സദ്യകള്‍ ഏറെയാണ്. സദ്യ ഉണ്ണാനിരുന്നാല്‍ കാരണവമാരുടെ കണ്ണുകള്‍ പൂര്‍ണ്ണമായും വിളമ്പലുകാരിലായിരിക്കും. ഒരു തൂശനിലയില്‍ ഓരോ വിഭവങ്ങള്‍ക്കും  കല്പ്പിച്ചിട്ടുള്ള  സ്ഥാനങ്ങളുടെ കൃത്യത  തെറ്റിയാല്‍  അവരുടെ നെറ്റി  ചുളിയും. അധികാര ഭാവത്തോടെ സദ്യയുടെ എല്ലാ  നടത്തിപ്പുകാര്‍ക്കും  പഴികേള്‍ക്കേണ്ടി വരും. ഒടുവില്‍ സദ്യ ബഹുമോശം എന്ന്  അവര്‍ വിധിയെഴുതും. രുചിയില്‍ മാത്രമല്ല, വിളമ്പലിലാണ് ശാസ്ത്ര വിധിപ്രകാരമുള്ള ഊണിന്റെ മഹത്വം എന്ന വാസ്തവം തിരിച്ചറിയാന്‍ ഇന്നത്തെ  'ന്യൂജെന്‍' വിളമ്പല്‍ വിദ്വാമാര്‍ക്ക്  അശ്ശേഷം അറിയില്ല. ഇവിടെയാണ് ഓണംതുരുത്തിലെ ശ്രീകൃഷ്ണ ശ്രമസംഘത്തിന്റെ നിയോഗം. 

നാലുകെട്ടിലും നടുമുറ്റത്തും ക്ഷേത്രമതിലകത്തും കണ്ടുമുട്ടിയിരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് ഉറച്ച പിന്തുണയുമായി അത്രയുംതന്നെ പുരുഷ പ്രജകളുമുണ്ട്. വീട്ടമ്മമാരും ജോലിക്കാരുമൊക്കെ ഉള്‍പ്പെടുന്ന ഈ സംഘത്തിന് വിളമ്പല്‍ എന്നത് ഒരു നേരമ്പോക്കല്ല. അഞ്ച്  വര്‍ഷമായി നൂറ് കണക്കിന് സത്ക്കാര വേളകളില്‍  ഇലയിട്ടാല്‍ പ്രൗഡിയുടെ മുഖമുദ്രയുമായി ഈ കൂട്ടായ്മ ഉണ്ടാകും. ഒരു കുടുംബത്തിലെ  അംഗങ്ങളെപോലെ, പരിചിതരും  അപരിചിതരും ഉള്‍പ്പെട്ട നൂറുകണക്കിന് അതിഥികളുടെ നടുവില്‍ പുഞ്ചിരി  മുഖമുദ്രയാക്കി രുചിയുടെ വകഭേദങ്ങള്‍ യഥാവിധി ക്രമാനുസൃതമായി തൂശനിലയിലേക്ക് പകരുമ്പോള്‍  വയറുനിറയുന്നത്, അവരെ കേട്ടറിഞ്ഞ വിളമ്പല്‍ പ്രകിയയ്ക്കായി ക്ഷണിച്ചവര്‍ക്കു മാത്രമല്ല, മൃഷ്ഠാനം ഭുജിച്ചവര്‍ക്കുമല്ല, തങ്ങളുണ്ടാക്കിയ വിഭവങ്ങളെല്ലാം യഥോചിതം വിധിയാംവണ്ണം ഇലകളിലേക്കെത്തുമ്പോള്‍ അതുകണ്ട്  സായൂജ്യമടയുന്നത്  കൈപ്പുണ്യത്തിന്റെ രാജാക്കമാരായ പാചക ശിരോമണികള്‍ കൂടിയാണ്.  

ശ്രീകൃഷ്ണശ്രമസംഘത്തിലെ മുതിര്‍ന്ന അംഗങ്ങളായ പാണ്ഡത്തില്ലത്ത് ശങ്കരന്‍ നമ്പൂതിരിയും റിട്ടയേഡ്് അധ്യാപകനായ  കൃഷ്ണന്‍ നമ്പൂതിരി മാഷും ഒപ്പം വിളമ്പലിനായി വിളിവന്നാല്‍ ഇത്രയും പേരെ അതിന് സജ്ജമാക്കുന്ന കണ്ണമ്പിള്ളി ഇല്ലത്തെ രുദ്രന്‍ നമ്പൂതിരിയും 'സദ്യപ്പന്തല്‍' എന്ന  രുചിയുടെ കളിയരങ്ങിലെ കാര്യക്കാരായി മാറുന്നു. 

ഓണംതുരുത്ത് കേന്ദീകരിച്ചാണ് ഈ ശ്രമസംഘം പ്രവര്‍ത്തിക്കുന്നതെങ്കിലും വിളമ്പലിന്റെ മഹാത്മ്യം  തിരിച്ചറിഞ്ഞ് പരിസര ദേശങ്ങളില്‍ നിന്നുപോലും കൈമെരുക്കമുള്ള വിളമ്പലുകാര്‍ ഈ ശ്രമസംഘത്തിലെ കണ്ണികളാണ്. ബാങ്കു ദ്യോഗസ്ഥയായ ശോഭയ്ക്ക് കണക്കിലെ കളികളെക്കാള്‍ ഇന്നു മനഃപാഠം കറിയളവുകളാണ്. തിരുവഞ്ചൂരില്‍ നിന്നുള്ള വത്സല, കവിത കൂടാതെ കിടങ്ങൂരിലെ പുതിയിടം മോഹനന്‍  നമ്പൂതിരി  അടക്കമുള്ള പരിചയ സമ്പന്നര്‍ ഇന്ന് നിറഞ്ഞ തൃപ്തിയിലാണ്. കാരണം അതിഥികളും ആതിഥേയരുമായെത്തുന്ന ആയിരങ്ങള്‍ ക്കരികെ രുചിയുടെ സൗഹൃദക്കൂട്ടൊരുക്കുക എന്ന സത്കര്‍മ്മം ഒരു മുജ്ജമ്മ സുകൃതമായി  ഇവര്‍ കരുതുന്നു. 

 

 പേരെടുത്ത  പാചകക്കാരായ മലമേല്‍ നീലകണ്ഠന്‍ നമ്പൂതിരി, വള്ളിവട്ടം  മണി, പുലയന്നൂര്‍ ഹണി, ചിരട്ടപ്പുറം ശ്രീയേഷ്, ലോകത്തെ ഏറ്റവും  വലിയ   യുവജനോത്സവ വേദിയില്‍ സദ്യയൊരുക്കുന്ന പഴയിടം മോഹനന്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ സദ്യവട്ടങ്ങള്‍ വിളമ്പാന്‍ ഓണംതുരുത്തിലെ ശ്രീകൃഷ്ണശ്രമസംഘം ആണെന്നറിഞ്ഞാല്‍ പെരുത്ത് സന്തോഷം. അപ്പോള്‍ രുചി കൂടും. കറികള്‍ക്കു മാത്രമല്ല, മനസ്സിനും. 

അതിഥിദേവോഭവ, എന്ന ഭാരതീയ സംസ്‌കാരം ഒരു തൂശനിലയില്‍  സദ്യയായി സമ്മേളിക്കുമ്പോള്‍ ശ്രമസംഘത്തിലെ അംഗങ്ങള്‍ ഇപ്പോള്‍ ബിസിയാണ്. വിളിച്ചാല്‍ ചിലപ്പോള്‍ പരിധിക്കു പുറത്തുമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.