ഓര്‍മകളിലേക്ക് ഒരു വര്‍ഷം കൂടി

Wednesday 1 January 2020 4:30 am IST

ഇതാ 2019 നമ്മുടെ കൈയില്‍ നിന്ന് ഊര്‍ന്നു വീണു പോയിരിക്കുന്നു. ഇനി 2020 ലേക്കുള്ള പ്രയാണമാണ്. ഒരു വര്‍ഷം കണ്‍മുമ്പില്‍ നിന്ന് മായുമ്പോള്‍ എന്തെന്തൊക്കെ ഓര്‍മകളാണ് നമ്മുടെ മനസ്സിന്റെ ഭിത്തിയില്‍ ഇടം പിടിച്ചിരിക്കുന്നത്. കദനവും കാരുണ്യവും കാലുഷ്യവും ഭയവും സന്തോഷവും നിറഞ്ഞ എത്രയെത്ര സംഭവഗതികള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചത്.പലതും എന്നന്നേക്കും ഓര്‍ത്തുവെയ്‌ക്കേണ്ടവ, ചിലത് ഒരിക്കലും ഓര്‍ക്കാതിരിക്കേണ്ടവ .കാലചക്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഇതൊക്കെ അനിവാര്യമാകുന്നു. വേദനയോടെ ഒരു വര്‍ഷത്തെ യാത്രയാക്കുമ്പോള്‍ പടികടന്നെത്തുകയായി ഹൃദയഹാരിയായേക്കാവുന്ന ഒരു വര്‍ഷം.

കഴിഞ്ഞ വര്‍ഷത്തെ നീക്കി ബാക്കിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഒരുപാടുണ്ട്. രണ്ടാം പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ചുള്ള ഓര്‍മകളില്‍ പോലും കണ്ണീര്‍ ഉറഞ്ഞു കിടപ്പുണ്ട്. തോരാത്ത കണ്ണീരിന്റെ പ്രളയത്തില്‍ തന്നെയാണ് അതിന് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും.സര്‍ക്കാറിന്റെ കാരുണ്യത്തിന് വേണ്ടി അവര്‍ മുട്ടാത്ത വാതിലുകളില്ല; നടന്നു തീരാത്ത വഴികളില്ല. പക്ഷേ, നീതിയും കാരുണ്യവും അവര്‍ക്കു മുമ്പില്‍ കരിങ്കല്‍ മതിലുകള്‍ പണിതിരിക്കുകയാണ്.അര്‍ഹരായവരെ വകഞ്ഞുമാറ്റി രാഷ്ട്രീയ താല്‍പര്യവും മുഷ്‌കും കൈമുതലായവര്‍ അതൊക്കെ തട്ടിയെടുത്തു. രാഷ്ട്രീയ മതിലാണ് അവര്‍ പണിതത്. നിരാലംബരും നിരാശ്രയരുമായവര്‍ ഇപ്പോഴും നമുക്കു മുമ്പില്‍ ചോദ്യചിഹ്നമാണ്. അത്തരക്കാരുമുള്ള സമൂഹത്തെ ചൂണ്ടിക്കാണിച്ച് നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണെന്ന് അഭിമാനം കൊള്ളുന്നു.

കേരളത്തിന്റെ ഹൃദയം പൊട്ടിയ പ്രളയവും തുടര്‍ സംഭവങ്ങളും എങ്ങനെയാണ് സര്‍ക്കാര്‍ വിലയിരുത്തി നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് നാം കണ്ടറിഞ്ഞു. ഒരു ഭാഗത്ത് നീറുന്ന മനുഷ്യരുടെ രോദനമുയരുമ്പോള്‍ അതൊന്നും കണക്കിലെടുക്കാതെ ധൂര്‍ത്തും ദുഷ്‌ച്ചെലവുമായി ലോകം ചുറ്റാനാണ് സംസ്ഥാന ഭരണാധികാരികള്‍ ഉത്സാഹിച്ചത്. ആഡംബരത്തിന്റെ അംബരചുംബികള്‍ക്കായി അവര്‍ തിക്കും തിരക്കും കൂട്ടി.അതേസമയം രാജ്യത്തിന്റെ പുരോഗമനാത്മക നടപടികള്‍ക്കെതിരെയും ക്രിയാത്മക നിലപാടുകള്‍ക്കെതിരെയും കൊമ്പുകോര്‍ക്കാന്‍ അവര്‍ കൂടുതല്‍ കൂടുതല്‍ അവസരമൊരുക്കി.

ജമ്മുകശ്മീരിലെ 370 വകുപ്പ് റദ്ദാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ജനങ്ങളെ തെരുവിലിറക്കാന്‍ സംസ്ഥാന ഭരണകൂടം തയാറായി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഇതേ നിലപാടു സ്വീകരിച്ചു.കഴിഞ്ഞ വര്‍ഷം തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര ഭരണകൂടം കൊണ്ടുവരുന്ന ക്രിയാത്മക നടപടികളെ അട്ടിമറിക്കുക എന്ന രീതിയാണ് സംസ്ഥാന ഭരണകൂടത്തിന്റേത്.ആദ്യം രാഷ്ട്രം ,രാഷ്ട്രീയം പിന്നീട് എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിന് നേര്‍വിപരീതമായി ജനങ്ങളെ അണിനിരത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്തും രാഷ്ട്രീയക്കണ്ണിലൂടെയേ കാണൂ എന്ന ദൃഢനിശ്ചയമാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കണ്ടത്. അതു തന്നെയാണ് അതിന്റെ ദുരന്തവും.

ജമ്മുകശ്മീരിലെ 370 വകുപ്പ് റദ്ദാക്കിയത്, മുത്തലാഖിനെതിരെയുള്ള നിയമനിര്‍മാണം, പൗരത്വ നിയമ ഭേദഗതി, അയോധ്യ വിധി തടങ്ങിയവ ദേശീയതലത്തില്‍ ശ്രദ്ധേയ സംഭവഗതികളായപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതയുള്‍പ്പെടെയുള്ളവ കേരളത്തെ നാണം കെടുത്തി. ഇതില്‍ ഗവര്‍ണര്‍ കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോയത് സര്‍ക്കാറിനെ വെട്ടിലാക്കിയതും ശ്രദ്ധേയ സംഭവഗതിയാണ്. അതിന്റെ ബാക്കിപത്രമെന്ന നിലയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണകക്ഷിയും പ്രതിപക്ഷവും രംഗത്തെത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇങ്ങനെ നോക്കുമ്പോള്‍ സംഭവബഹുലവും വിവാദപരവുമായ ഒട്ടേറെ സംഗതികളുടെ മാറാപ്പും പേറിയാണ് 2019 നമ്മില്‍ നിന്ന് നടന്നകലുന്നത്. കണക്കുകൂട്ടലും കുറയ്ക്കലുമായി കുറച്ചു കാലം നാമതൊക്കെ ചികഞ്ഞു കൊണ്ടേയിരിക്കും. 2020 ന്റെ കൈപിടിച്ച്  ഉല്ലാസവാന്മാരായി നടക്കുമ്പോള്‍ ഇതൊക്കെ മറവിയുടെ മറുതലയ്ക്കല്‍ അവകാശികളില്ലാതെ കിടക്കും. എല്ലാ വര്‍ഷവും ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നതും.ജീവിതം ഒഴുകിപ്പരക്കുന്ന മഹാനദിയാണെന്നല്ലോ കടന്നു കാണുന്നവര്‍ പറയുന്നത്.ആ നദിയില്‍ നീന്തിത്തുടിക്കുകയോ, തീരത്തിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. എന്തു ചെയ്യുമ്പോഴും അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കണമെന്നേയുള്ളൂ. ചിന്ത മനുഷ്യന് മാത്രമുള്ള ഒരനുഗ്രഹമാണ്. അത് വേണ്ടതരത്തില്‍ പ്രയോജനപ്പെടുത്തുന്നിടത്താണ് മനുഷ്യത്വത്തിന്റെ വിജയം. എല്ലാവര്‍ക്കും പുതുവര്‍ഷം പൂക്കാലമാവട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.