ഊരിയവാളിനുപിന്നില്‍

Wednesday 22 January 2020 7:37 am IST

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടന്നുവരുന്ന സമരങ്ങളില്‍ കലാപകാരികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ പ്രധാനമായും മുഴങ്ങികേട്ടത് 'ഇരുപത്തിയൊന്നില്‍ ഊരിയവാള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല...'  എന്നതാണ്. സത്യത്തില്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടിയാണ് ഇത്തരത്തിലുള്ള മുദ്രാവാക്യം മുഴക്കുന്നത്. 1921ല്‍ നടന്ന മാപ്പിള ലഹളയുടെ അലയൊലിയാണ് പ്രസ്തുത മുദ്രാവാക്യത്തിന് പിന്നില്‍. ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ലഹളയെ മതേതര സര്‍ക്കാര്‍ വീണ്ടും പുനരാവിഷ്‌കരിക്കുവാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല. ഒരു മതവിഭാഗത്തന്റെ വികാരം വ്രണപ്പെടുത്തി വോട്ടുനേടി വീണ്ടും അധികാരത്തില്‍  വരാനുള്ള ശ്രമവും  നല്ലതല്ല.

കേരളത്തിലെ  ഹിന്ദുജനവിഭാഗത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കുവാന്‍ നടത്തിയ ആദ്യശ്രമമായിരുന്നു മലബാര്‍ ലഹള. ഏകപക്ഷീയമായി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ആദ്യകാലഘട്ടത്തില്‍ കോണ്‍ഗ്രസ് ഈ ലഹളയെ പിന്താങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ സ്വതസിദ്ധ ശൈലിയായ നുണപ്രചരണത്തിലൂടെ ഈ ലഹളയെ ദേശീയവത്കരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഇപ്പോഴും ഇവര്‍ ഇരുവരും ഈ മുദ്രാവാക്യം മുഴക്കുന്നവരെ പിന്തുണയ്ക്കുന്നില്‍ അതിശയോക്തിയില്ല. 

1921ല്‍ കലാപകാരികള്‍ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പെരിന്തല്‍മണ്ണ താലൂക്കുകളെ കൂട്ടിച്ചേര്‍ത്ത് ഒരു സ്വതന്ത്ര മുസ്ലിം രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. തിരൂരങ്ങാടി പള്ളിയിലെ ആലി മുസ്ലിയാരെ സുല്‍ത്താനായി തെരഞ്ഞെടുത്തു. ഈ രാഷ്ട്രത്തിന് അല്‍ ദൗള (വിശുദ്ധ രാഷ്ട്രം) എന്ന പേരും നല്‍കി. യഥാര്‍ത്ഥത്തില്‍ കേരളവുമായോ ഭാരതവുമായോ ഇങ്ങനെ ഒരു രാഷ്ട്രം പ്രഖ്യാപിക്കുന്നതിനു മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്ന യാതൊരു സംഭവും ഉണ്ടായിരുന്നില്ല. തുര്‍ക്കി സുല്‍ത്താനെ ഖലീഫ പദവിയില്‍ നിന്ന്  ബ്രിട്ടീഷുകാര്‍ നിഷ്‌കാസനം ചെയ്തു എന്നുപറഞ്ഞാണ്  കേരളത്തില്‍ ഈ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം നടത്തിയത്.  ആലി മുസ്ലിയാര്‍ സുല്‍ത്താനായി രണ്ടു ദിവസം മാത്രമാണ് തുടര്‍ന്നത്. അതിനു ശേഷം വാര്യംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി പ്രസ്തുത പദവി ഏറ്റെടുത്തതോടുകൂടി ഹിന്ദുക്കള്‍ക്കെതിരെ അതിക്രൂരമായ അക്രമങ്ങള്‍ ഒന്നൊന്നായി അഴിച്ചുവിട്ടു. ഇയാള്‍ ഒരു കൊടുംക്രിമിനലും, പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളുമായിരുന്നുവെന്ന് പല ചരിത്ര രേഖകളും വിളിച്ചുപറയുന്നുണ്ട്. വ്യാജ പ്രചാരണത്തിലൂടെ മുസ്ലിം കലാപകാരികളെ രംഗത്തിറക്കി മതപരിവര്‍ത്തനവും ഹിന്ദു കൂട്ടക്കുരുതിയുമായിരുന്നു ഇവര്‍ ലക്ഷ്യമാക്കിയിരുന്നത്. 

മതഭ്രാന്തുമൂത്ത മാപ്പിളമാരുടെ ഹിംസാത്മക ലഹള 1921 ആഗസ്ത് മുതല്‍ 1922 ഫെബ്രുവരി വരെ നീണ്ടുനിന്നു.  1921 ആഗസ്ത് 20ന് തിരൂരങ്ങാടി മമ്പുറം പള്ളി തകര്‍ത്തു എന്ന വ്യാജപ്രചാരണം നടത്തി 2000 മുസ്ലിം കലാപകാരികള്‍ ആയുധങ്ങളുമായി രംഗത്തിറങ്ങി. നിലമ്പൂര്‍ കോവിലകം അക്രമിച്ച് 17 പേരെ തലയറത്തുകൊന്നു. അടുത്ത ദിവസം മഞ്ചേരി ഖജനാവ് ആക്രമിച്ച് പണം തട്ടിയെടുത്തു. തിരൂര്‍ കോടതിയിലെ റെക്കാര്‍ഡുകള്‍ നശിപ്പിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ലോക്കപ്പില്‍നിന്ന് കുറ്റവാളികളെ മോചിപ്പിച്ചു. ആഗസ്ത് 23ന് മഞ്ചേരി നമ്പൂതിരി ബാങ്ക് കൈയ്യേറി പണയ ഉരുപ്പടികള്‍ ഉള്‍പ്പെടെയുള്ളവ കൊള്ളയടിച്ചു. 1921 സെപ്തംബര്‍ 21ന് രാത്രി കലാപകാരികള്‍ ഏറനാട്ടിലെ ഹിന്ദുക്കളുടെ നൂറു വീടുകള്‍ തീയിട്ടു നശിപ്പിച്ചു. സ്ത്രീകളെ ബന്ധുജനങ്ങളുടെ മുന്നില്‍വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. പുരുഷന്മാരെ മുഴുവന്‍ ബന്ധനസ്ഥരാക്കി പാങ്ങോട് എന്ന സ്ഥലത്തുകൊണ്ടുപോയി വിചാരണ നടത്തി കഴുത്തറത്ത് അടുത്തുള്ള കിണറ്റില്‍ തള്ളി. കോണ്‍ഗ്രസ് നേതാവായിരുന്ന മാധവന്‍ നായര്‍ തന്റെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ താന്‍ ശ്രീനിവാസ ശാസ്ത്രിയോടൊപ്പം പ്രസ്തുത കിണര്‍ സന്ദര്‍ശിച്ചപ്പോള്‍ 20 പേരുടെ തലയെണ്ണിയെന്ന് പ്രതിപാദിച്ചിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സമ്മതിക്കാതിരുന്ന ഹിന്ദുക്കളെ മുഴുവന്‍ അരും കൊലചെയ്തു. ആഹാരത്തിനുപോലും വകയില്ലാതെ പേടിച്ചരണ്ടുപോയ ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്ക് ഉടുതുണി മാത്രമായി പലായനം ചെയ്യേണ്ടിവന്നു. 

ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഈ ലഹളയുടെ പ്രധാന ഉദ്ദേശ്യം. ലഹളയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ ജിഹാദികളുടെ കൊലക്കത്തിക്ക് ഇരയായി. മുപ്പത്തേഴോളം ക്ഷേത്രങ്ങള്‍ തകര്‍ത്തു. ക്ഷേത്രഭൂമികള്‍ കൈയ്യേറി. ഹിന്ദുഭവനങ്ങളിലെല്ലാം മുസ്ലീങ്ങള്‍ കടന്നുകയറി. കൊത്തിയരിയപ്പെട്ട ഹിന്ദുക്കളുടെ ജഡങ്ങള്‍ക്കൊണ്ട് നിറഞ്ഞ കിണറുകള്‍. ഗര്‍ഭിണികളെ വരെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്തി. നാല്‍ക്കാലികള്‍ക്കുപോലും രക്ഷയുണ്ടായില്ല. കന്നുകാലികളുടെ കുടല്‍മാലകള്‍ ക്ഷേത്രവിഗ്രഹങ്ങളില്‍ ചാര്‍ത്തി. മുസ്ലിം കലാപകാരികളുടെ ക്രൂരത എത്രത്തോളം ഉണ്ടെന്ന് ചരിത്രകാരന്മാരും വരച്ചുകാട്ടിയിട്ടുണ്ട്. 

എസ്.കെ. പൊറ്റക്കാട് തന്റെ ഒരു ദേശത്തിന്റെ കഥ എന്ന ഗ്രന്ഥത്തില്‍ മുസ്ലിം കലാപകാരികള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ഈ ലഹളയെക്കുറിച്ച് വിശദീകരിക്കുന്നു. മഹാകവി കുമാരനാശാന്റെ ദുരവസ്ഥയും വരച്ചുകാട്ടുന്നത് ഇതുതന്നെ. നിരപരാധികളായ ഹിന്ദുക്കളെ ഖാഫീറുകളായി മുദ്രകുത്തി നടത്തിയ അരുംകൊല ഇന്നത്തെ ഐഎസ് ഭീകരരെ പോലും നാണിപ്പിക്കും.

മലബാര്‍ കലാപത്തിന്റെ ഭാഗമായി 20000 ത്തോളം ഹിന്ദുക്കള്‍ കൊലചെയ്യപ്പെടുകയും ഒരുലക്ഷത്തോളം പേരെ കാണാതാവുകയും ചെയ്തു. ഹിന്ദുക്കളുടെ വീടുകളുടെ മുറ്റമെല്ലാം കുരുതിക്കളമാക്കി. അരിഞ്ഞുവീഴ്ത്തപ്പെട്ട ഹിന്ദുക്കളുടെ വേദന കാണുവാന്‍ ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റുകാര്‍ തയാറായില്ല. അവര്‍ ഈ സമരത്തെ മഹത്വവത്കരിക്കാനാണ് ശ്രമിച്ചത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ  അധ്യാപക സംഘടനയുടെ നേതാവായിരുന്ന ഗോവിന്ദന്‍ നായര്‍ അക്രമകാരികളെ  പിന്തുണച്ചുകൊണ്ട് രചിച്ച  മലബാര്‍ പടപ്പാട്ട് 1944ല്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. 1946ല്‍  എ.കെ.ജി പെരുന്തല്‍മണ്ണയില്‍  നടത്തിയ പ്രസംഗവും കലാപകാരികളെ പിന്തുണച്ചുകൊണ്ടായിരുന്നു. ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് ഈ കലാപത്തെ കാര്‍ഷിക വിപ്ലവമാക്കി മാറ്റി.

മതഭ്രാന്തന്മാരായ ജിഹാദികള്‍ നടത്തിയ ഹിന്ദു കൂട്ടക്കുരുതിയെ ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പിന്തുണച്ചുവരികയാണ്. പൗരത്വ  നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരത്തിലും ഇവര്‍ ചെയ്യുന്നത് ഇതുതന്നെയാണ്. പക്ഷേ അവരുടെ ഹിന്ദുവിരുദ്ധത അധികകാലം മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ല.  ഭാരതവും കേരളവും കാലത്തിനനുസൃതമായി മാറിക്കഴിഞ്ഞു എന്ന യാഥാര്‍ഥ്യം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും  ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.