അട്ടപ്പാടിയിലേത് കേന്ദ്രസര്‍ക്കാരിന്റെ 'ഓപ്പറേഷന്‍ ദീപാവലി'; തണ്ടര്‍ബോള്‍ട്ടിനെ ദൗത്യമേല്‍പ്പിച്ചത് ആഭ്യന്തരമന്ത്രാലയം നേരിട്ട്; പിണറായി അറിഞ്ഞത് വെടിവെയ്പ്പിന് ശേഷം; കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകള്‍

Sunday 17 November 2019 8:34 pm IST

ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശ പ്രകാരം നടന്ന 'ഓപ്പറേഷന്‍ ദീപാവലി'യില്‍  സുരക്ഷാ സേനകള്‍ കൊലപ്പെടുത്തിയത്  14 മാവോയിസ്റ്റുകളെ. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന മാവേയിസ്റ്റ് ഏറ്റുമുട്ടലും ഈ ഓപ്പറേഷന്റെ ഭാഗമായിരുന്നു. ഉള്‍വനത്തില്‍ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ സംബന്ധിച്ച് കൃത്യമായ വിവരം കേരളാ പോലീസിലെ തണ്ടര്‍ ബോള്‍ട്ട് സേനയ്ക്ക് കൈമാറിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമായിരുന്നു. രാജ്യത്താകമാനം നടന്ന ഓപ്പറേഷനിലെ വിവരങ്ങളില്‍ കേരളത്തില്‍ മാത്രമാണ് അവസാനം ചോര്‍ന്നത്. 

ഒക്ടോബര്‍ 26, 27, 28, 29 തീയതികളിലാണ് മാവോയിസ്റ്റുകള്‍ ഒളിച്ച് താമസിക്കുന്ന ചുവപ്പ് ഇടനാഴി കേന്ദ്രീകരിച്ച് ആഭ്യന്തരമന്ത്രാലം നിര്‍ണ്ണായക നീക്കം നടത്തിയത്. ഇൗ വിവരം പല സര്‍ക്കാരുകള്‍ക്കും അറിയില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രആഭ്യന്തരമന്ത്രാലയമാണ് നേരിട്ട് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഇതില്‍ ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ സുരക്ഷാ സേനകളും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നു കേരളത്തില്‍ കൊല്ലപ്പെട്ട 4 പേര്‍ അടക്കം 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കശ്മീര്‍, ബംഗ്ലദേശ് അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതോടെ വിദേശ ഭീകരസംഘടനകള്‍ ഇന്ത്യയിലെ പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകള്‍ക്കു പണം നല്‍കി ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് 'ഓപ്പറേഷന്‍ ദീപാവലി'യെന്ന പേരില്‍ മാവോയിസ്റ്റ് വേട്ട കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയത്.  മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രസേന ഓപ്പറേഷന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കേരളത്തില്‍ സംസ്ഥാന പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയെ ആഭ്യന്തരമന്ത്രാലയം ദൗത്യമേല്‍പിക്കുകയായിരുന്നു. വെടിവെയ്പ്പ് കഴിഞ്ഞതിന് ശേഷമാണ് കേരളാ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഈ ഓപ്പറേഷന്‍ വിവരം അറിയുന്നത്. 

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാ സേനകള്‍ക്ക് നല്‍കിയിരിക്കുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കമ്മ്യൂണിസ്റ്റ് ഭീകരവാദം ഒഴിപ്പിക്കണം. ജമ്മു കശ്മീര്‍ താഴ്വരയില്‍ അരങ്ങേറി വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്നും അമിത് ഷാ സിആര്‍പിഎഫിന്  നിര്‍ദ്ദേശം നല്‍കി.  

നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ യാതൊരു ദയാ ദാക്ഷിണ്യവും കാട്ടരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് പാരാമിലിട്ടറി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരളത്തിലേതടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ചര്‍ച്ച ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.