അയോധ്യവിഷയം അടഞ്ഞ അധ്യായം; സമാധാനം പുലരണമെന്നാണ് ആഗ്രഹം; ചരിത്രവിധിയെ മാനിക്കുന്നു, തര്ക്കങ്ങള്ക്കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
ലഖ്നോ: അയോധ്യയില്‍ രാമക്ഷേത്രമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയെ മാനിക്കുന്നെന്നും ഇനി തര്‍ക്കങ്ങള്‍ക്കില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് ചെയര്മാന് സുഫര്‍ അഹമ്മദ് ഫാറൂഖി. അയോധ്യവിഷയം അടഞ്ഞ അധ്യായമാണ്. വിധിയില്‍ നിരാശയോ നഷ്ടബോധമോ ഇല്ലെന്നും സമാധാനം പുലരണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹമെന്നും ഫാറൂഖി വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെ മാനിക്കാനുളള ഭരണഘടനാ ബാധ്യത മാത്രമേ വഖഫ് ബോര്‍ഡ് പരിഗണിക്കുന്നുളളൂ. വിധിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അയോധ്യ കേസില്‍ സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയും രൂപപ്പെട്ടിട്ടുണ്ട്. ഭൂമി ഏറ്റെടുക്കരുതെന്നാണ് ചിലരുടെ ഉപദേശം. പക്ഷേ, അത് നിഷേധാത്മക സമീപനം വര്‍ധിപ്പിക്കുമെന്നാണ് സുഫര്‍ അഹമ്മദ് ഫാറൂഖി നേരത്തെ പറഞ്ഞിരുന്നു.
ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭൂമി സ്വീകരിക്കാനാണെങ്കില്‍ അത് എങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.