സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു; പിണറായി സര്‍ക്കാര്‍ കുരുക്കിലേക്ക്

Thursday 29 August 2019 3:53 pm IST

തിരുവനന്തപുരം: സഭ തര്‍ക്കക്കേസില്‍ കോടതി വിധി നടപ്പാക്കത്തതിനെതിരേ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. 2017ലെ സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിധി നടപ്പാക്കുന്നതിനു പകരം മന്ത്രിസഭാ സമിതിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസിന്റെ സഹായത്തോടെ പള്ളികളില്‍ സമാന്തരഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ എത്തിയ പാത്രിയാര്‍ക്കീസ് ബാവയെ സര്‍ക്കാര്‍ അതിഥിയാക്കി. ഇതടക്കം നിരവധി ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. 

മലങ്കര സഭാ തര്‍ക്ക കേസില്‍ ഭരണഘടനയുടെ അസല്‍ ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ ആവശ്യം കടുത്ത കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഭ സുപ്രീംകോടതിയെ സമീപിച്ചത്. അതേ സമയം സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സഭ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. 

ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് 2017 ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെങ്കില്‍ 1934 ലെ സഭാഭരണഘടനയുമായി കാതോലിക്കാ ബാവ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം കടുത്ത കോടതിയലക്ഷ്യമാണെന്നാണ് സഭയ്ക്ക് ലഭിച്ചിരുന്ന നിയമോപദേശം. ഈ സാഹചര്യത്തിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സഭ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 1934ലെ സഭാഭരണഘടന ഹാജരാക്കണമെന്നുള്ള സര്‍ക്കാരിന്റെ ആവശ്യപ്രകാരം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ബാവ ഹാജരാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കാണ് സഭ കത്ത് നല്‍കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.