പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്ത്‌ഡോക്‌സ് വികാരിക്ക് നല്‍കാന്‍ വിധി; ഇരു സഭകളുടേയും മിക്കിമൗസ് കളിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Wednesday 9 October 2019 1:17 pm IST

കൊച്ചി : പിറവം പള്ളി തര്‍ക്കത്തില്‍ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് അനുകൂല വിധി.  പള്ളിയുടെ താക്കോല്‍ ഓര്‍ത്ത്‌ഡോക്‌സ് വികാരി സ്‌കറിയ വട്ടക്കലിന് നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പിറവം പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.  

കൂടാതെ പള്ളിയുടെ സ്വത്ത് വകകളില്‍ യാക്കോബായ വിഭാഗത്തിന് യാതൊരു വിധത്തിലുമുള്ള അധികാരമില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. എന്നാല്‍ ഇരുവിഭാഗങ്ങളുടേയും മിക്കിമൗസ് കളിക്ക് കൂട്ടുനില്‍ക്കാല്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. 

അതേസമയം പിറവം പള്ളിക്ക് കീഴില്‍ 11 ചെറു പള്ളികള്‍ ഉണ്ട് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരെന്ന് കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ജില്ലാ കളക്ടര്‍ കോടതിയില്‍ പറഞ്ഞു. 11 ചെറു പള്ളികളും നേരത്തെ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് കൈമാറാനാണ് ഹെക്കോടതി ആദ്യം നിര്‍ദ്ദേശിച്ചത്. ഇതിനായി ഇവയുടെ പട്ടിക നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉടമസ്ഥത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാലാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സമയം തേടിയത്. 

ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് സെപ്തംബര്‍ 26നാണ് പിറവം പള്ളിയില്‍ നിന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കി സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നത്തെ ദിവസം ഇത് ഓര്‍ത്ത് ഡോക്‌സ് ഭാഗത്തിന് കൈമാറുകയും ചെയ്തു. 

നടപടിയില്‍ അതൃപ്തിയറിയിച്ച് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ദമാസ്‌കസില്‍ നിന്ന് കത്തയയ്ക്കുകയും യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് സഭാ തര്‍ക്കം വീണ്ടും വഷളാവുകയും ചെയ്തു. സുറിയാനി സഭയുടെ തലവന്‍ താനാണെന്നും, തന്റെ അധികാരത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കണം. അല്ലെങ്കില്‍ സുറിയാനി സഭയെന്ന നിലയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നിയമപരമായ നിലനില്‍പ്പുണ്ടാകില്ലെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.