'പള്ളി തര്‍ക്കത്തില്‍ പക്ഷം പിടിക്കാന്‍ പിണറായി സര്‍ക്കാര്‍ പണം വാങ്ങി; വൈദികര്‍ക്കെതിരെ കേസെടുത്തത് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശത്തില്‍'; ഗുരുതര ആരോപണവുമായി ഓര്‍ത്തഡോക്‌സ് സഭ

Thursday 18 July 2019 5:15 pm IST

തിരുവനന്തപുരം: പള്ളി തര്‍ക്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും  ആഞ്ഞടിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭയെ എതിര്‍ക്കുന്നവുടെ പണം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസിലും അവരുടെ അക്കൗണ്ടിലും പോകുന്നതായി സംശയമുണ്ടെന്ന് സഭയുടെ മാധ്യമ വിഭാഗം മേധാവിയും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ആരോപിച്ചു. 

എറണാകുളം ജില്ലയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെ കേസെടുക്കേണ്ടി വന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കാതെ തല്‍സ്ഥിതി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. 

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന്  ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ ബസേലിയോട് പൗലോസ് ദ്വിതീയന്‍  നേരത്തെ  പറഞ്ഞിരുന്നു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു.  സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്  കട്ടച്ചിറ, വാരിക്കോലി പള്ളികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍  സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ  എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ കോടതിയില്‍ ക്ഷുഭിതനായിരുന്നു.

കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര, ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണെന്ന്  ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈ മൂന്നിനാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി ഉണ്ടായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.