ഒരു വെടിയൊച്ചയില്‍ തീരുന്നത്

Tuesday 5 November 2019 2:27 am IST

 

'കൊല്ലാതെ കൊള്ളാത്തതെന്തവന്‍ തന്നെ നീ,

 കൊല്ലിക്കയത്രേ നിനക്ക് രസമെടോ' 

ഇങ്ങനെയല്ലേ പണ്ട് ഗാന്ധാരി കുരുക്ഷേത്രഭൂമിയില്‍ വന്ന് നെഞ്ചുപൊട്ടി ആവലാതിപ്പെട്ടത്. അതും ആരോട്? ഇക്കാണായ പ്രപഞ്ചത്തിന്റെ ഊടും പാവുമായി നില്‍ക്കുന്ന പാര്‍ഥസാരഥിയോട്. കൂടെനടന്ന് കൊഞ്ചിയും കൂട്ടുകൂടി ആര്‍ത്തുല്ലസിച്ചും നടന്നയാള്‍ കൊല്ലിക്കാന്‍ തന്ത്രം മെനഞ്ഞ് കാത്തിരിക്കുകയായിരുന്നു എന്ന സൂചന അതിലൂടെ ഗാന്ധാരി നല്‍കുന്നുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിവെക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. നൂറ്റൊന്നുമക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എത്രയാവുമെന്ന് പറയാവുന്നതല്ല. നൂറ്റൊന്ന് അവിടെ നില്‍ക്കട്ടെ. ഒരു മകനോ അല്ലെങ്കില്‍ മകളോ നഷ്ടപ്പെട്ടാല്‍ ഒരമ്മയുടെ സ്ഥിതിയെന്താ? അതിന്റെ ആഴവും പരപ്പും എത്രയെന്ന് ചിന്തിക്കാന്‍പോലും കഴിയില്ല.

  ഇവിടെ നമ്മുടെ കാനം രാജേന്ദ്രനാണ് ആവലാതി, അല്ലെങ്കില്‍ മനോവിഷമം. അട്ടപ്പാടിയിലെ ഉള്‍ക്കാട്ടില്‍ മൂന്നുനാല് ഓമനകള്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല. ലോകം മുഴുവന്‍ മുമ്പില്‍ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുന്നതുപോലെയായി. മാനവികതയും സ്‌നേഹവും സമൂഹത്തില്‍ വളര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന മക്കളാണ് പോയത്. അതും പൊലീസിന്റെ കണ്ണും മൂക്കുമില്ലാത്ത നടപടി മൂലം. അവരുടെ നിത്യനിദ്ര പേര്‍ത്തും പേര്‍ത്തും ഓര്‍മയില്‍ തെളിയുമ്പോള്‍ ചെങ്കൊടിയുടെ ചങ്കിടിയുന്ന പ്രതീതി. എന്തിന് അവരോട് ഇമ്മാതിരി ക്രൂരത കാട്ടിയെന്ന ന്യായമായ ചോദ്യമാണ് കാനം ഉന്നയിച്ചിരിക്കുന്നത്. അതിന് മറുപടി പറയാന്‍ ബാധ്യതപ്പെട്ടവര്‍ ഇതുവരെ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നത് വേറെകാര്യം.

   പറഞ്ഞുവരുമ്പോള്‍ കാനത്തിന്റെ സംഘവും പിണറായിയുടെ സംഘവും മേപ്പടി മാവോവാദി ഓമനകളുടെ ചാര്‍ച്ചക്കാരായി വരും. തുടക്കത്തില്‍ അവരൊക്കെ ഒന്നായിരുന്നു. പോരെങ്കില്‍ അവര്‍ ഉന്നയിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ 'ഡൈല്യൂട്ട്' ആയി കാന-പിണറായി സംഘത്തിലും കാണാം. മാവോമക്കള്‍ രഹസ്യമായി ചെയ്യുന്നതൊക്കെ നിയമപരമായി പരസ്യപ്പെടുത്തി ഇവര്‍ ചെയ്യുന്നു എന്നേയുള്ളൂ. ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പാണ് മാവോമക്കളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. മറ്റവരോ? രാഷ്ട്രീയ ശത്രുത തീര്‍ക്കാന്‍ ആയുധങ്ങള്‍ രാകിമിനുക്കി ഇരുട്ടിന്റെ മറവിലും അല്ലാതെയും അന്യകക്ഷികളുടെ കൊരവള്ളി അരിഞ്ഞിടുന്നു. അങ്ങനെ നോക്കുമ്പോള്‍ മാവോമക്കളും ഇവരും ഒരേ ട്രാക്കിലൂടെയാണല്ലോ പോവുന്നത്. ഇങ്ങനെ പോവുമ്പോള്‍ കന്നംതിരിവ് കാണിക്കുന്നത് ശരിയല്ല എന്നാണ് കാനത്തിന്റെ പക്ഷം. 

ഒരു പ്രൊഫഷണല്‍ മര്യാദയുടെ അസാന്നിധ്യം അവിടെയുണ്ട്! അതിലൊട്ട് അനൗചിത്യമില്ല താനും. കൊച്ചുന്നാളിലേ കൈപിടിച്ചു വളര്‍ത്തിയെടുത്തവരെ പാതിരാത്രിയില്‍ പൊലീസിനെക്കൊണ്ട് എന്തിന് കൊല്ലിച്ചു എന്നാണ് കാനത്തിന്റെ ചോദ്യം. ഒരേ വികാരം കാത്തുസൂക്ഷിക്കുന്നവര്‍, ഒരേ ലക്ഷ്യത്തിനായി മുന്നേറുന്നവര്‍. എന്നിട്ടും എന്തിന് കൂട്ടത്തിലുള്ളവന്റെ കഴുത്തുവെട്ടിയെന്ന ചോദ്യം പ്രസക്തമല്ലേ? ഇതുതന്നെയല്ലേ പണ്ട് ഗാന്ധാരി ചോദിച്ചതും. അന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും കൃഷ്ണന്‍ പറഞ്ഞില്ല.

എന്നാല്‍ കാനത്തിന്റെ ചോദ്യത്തിന് നേരിട്ടല്ലെങ്കിലും പിണറായി കൊടുത്ത മറുപടിയില്‍ ചെറിയ വസ്തുതകള്‍ ഓടിക്കളിക്കുന്നുണ്ട്. 'അയ്യാ അല്‍പ്പം അരിതരുമോ എന്ന് ചോദിച്ചു വരുന്നവരല്ല മാവോമക്കള്‍' എന്ന് പിണറായി പറയുന്നു. ഇത് നിയമസഭയിലായതിനാല്‍ രേഖകളില്‍ കിറുകൃത്യമായിക്കിടക്കും. മാവോമക്കളെ കൊന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നെന്ന് നാട്ടിലെമ്പാടും പാണന്മാര്‍ പാടി നടക്കുന്നുണ്ട്. അതിലെ നെല്ലും പതിരും നാട്ടുകാര്‍ക്ക് മനസിലാവുന്നുമുണ്ട്. വാളയാറിലെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സ്വയമ്പനായി ഊരിപ്പോന്നത് നാട്ടില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതില്‍നിന്ന് പെട്ടെന്ന് ശ്രദ്ധ തിരിക്കണമെങ്കില്‍ അതിനെക്കാള്‍ ഭീകരമായ എന്തെങ്കിലും സംഭവഗതികള്‍ വേണ്ടേ? മാവോ മക്കള്‍ ഏതായാലും ധ്യാനം കൂടാനൊന്നുമാവില്ലല്ലോ കൂട്ടമായി എത്തിയത്. പല സംസ്ഥാനങ്ങളിലും കര്‍ശന നടപടികള്‍ തുടങ്ങിയതോടെ ദൈവത്തിന്റെ നാടാണല്ലോ സകല രാക്ഷസീയ ശക്തികള്‍ക്കും സുരക്ഷാകേന്ദ്രം. അതുകൊണ്ടവര്‍ ഇവിടേക്ക് വന്നു. എല്ലാം ഒത്തുവന്നപ്പോള്‍ അങ്ങ് തട്ടി, അത്രതന്നെ. അതുകൊണ്ട് എന്തുണ്ടായി? വാളയാര്‍ കുട്ടികള്‍ പോയി, തെരഞ്ഞെടുപ്പ് വിജയ-പരാജയ ചര്‍ച്ചകള്‍ പോയി, ഭരണവൈകല്യങ്ങള്‍ പോയി, ക്രമസമാധാന പ്രശ്‌നങ്ങള്‍ പോയി. അങ്ങനെ ''നേട്ടങ്ങ''ളെത്രയെത്ര! ഇതുണ്ടോ കാനത്തിനു മനസ്സിലാവുന്നു. എത്ര ഓണം ഉണ്ടു എന്നതല്ല, അതിലെത്ര തടിക്ക് പിടിച്ചു എന്നതാണ് പ്രശ്‌നം. കൂടെ കൊണ്ടുനടന്നവനെ കൊന്നുതള്ളുമ്പോള്‍ കിട്ടുന്ന സുഖമുണ്ടല്ലോ, അതൊരു പ്രത്യേക സുഖമാണ്. ഒരു നിര്‍വൃതിയാണ്. പറഞ്ഞറിയിക്കാനാവില്ല. 

രാഷ്ട്രീയ എതിരാളിയെ വെട്ടിക്കൊന്ന് ആവേശത്തോടെ അണികള്‍ വന്നുപറയുമ്പോള്‍ കിട്ടുന്ന സുഖമല്ലേ ഇപ്പോള്‍ ക്ലിഫ് ഹൗസിലും പരിലസിക്കുന്നത്. പൊലീസുകാര്‍ വിവരം അറിയിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അനുഭവിക്കാന്‍ കാനം ഇനിയെത്ര കാലം നെല്‍ക്കതിര്‍ കൊടിയും പിടിച്ച് നടന്ന് കാല് കഴയ്ക്കണം. കാനത്തിന് അതൊക്കെ മനസ്സിലാവണമെങ്കില്‍ ഇനിയും വായിക്കണം മാര്‍ക്‌സിയന്‍ തത്വശാസ്ത്രം. പഠിക്കണം ദാസ് കാപ്പിറ്റല്‍. ആയതിനാല്‍ അതിനായ് ശ്രമിച്ചുകൊണ്ടേയിരിക്കാം. അതുവരേക്കും കൊഞ്ചം തണ്ണിമോന്തി ഇരിക്ക് അയ്യാ...

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.