ഒത്തുചേരാം ധീര സൈനികര്‍ക്കായി

Friday 6 December 2019 5:59 am IST

കര്‍ത്തവ്യത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ച ധീര സൈനികരേയും, കര്‍ത്തവ്യ നിരതരായി രാഷ്ട്രീയ സേവനം നടത്തുന്ന സൈനികരേയും, ജീവിതത്തിന്റെ വസന്തകാലം മുഴുവനും രാഷ്ട്രത്തെ സേവിച്ച വിമുക്ത സൈനികരെയും, അവരുടെ ആശ്രിതരേയും രാഷ്ട്രം സ്മരിച്ച് അവരോ ടുള്ള കടമ നിറവേറ്റാന്‍ സമൂഹത്തെ ഓര്‍മിപ്പിക്കുന്ന ദിനമാണ് നാളെ, ഡിസംബര്‍ ഏഴ്, സായുധസേനാ പതാകദിനം. 

സായുധസേനാ പതാക നിധി വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതര്‍ക്കും ഡ്യൂട്ടിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ് പിരിഞ്ഞുപോരേണ്ടി വന്നവര്‍ക്കും, ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി ഓരോ വര്‍ഷവും ഫണ്ട് സ്വരൂപിച്ചു പോരുന്നു.   പതാകകളുടെ വില്‍പ്പനയിലൂടെയും രാജ്യസ്‌നേഹികളായ മഹാമനസ്‌കരുടെ സംഭാവനകളിലൂടെയും ഇന്ത്യന്‍ സേന സ്വരൂപിക്കുന്ന പണം സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടിലേക്കാണ് എത്തുന്നത്. 

ഈ ഫണ്ടില്‍നിന്നാണ് അവര്‍ക്കുള്ള ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവിധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍നിന്നും വിവിധയിനം സഹായങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രി പ്രസിഡന്റായ രാജ്യസൈനിക ബോര്‍ഡും സായുധസേനാ പതാക ഫണ്ട് കമ്മിറ്റിയുമാണ് സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍നിന്ന് വര്‍ഷാവര്‍ഷം ക്ഷേമ-പുനരധിവാസം നടത്താനുള്ള പദ്ധതികളുടെ രൂപകല്‍പ്പന ചെയ്യുന്നതും ധനവിനിയോഗത്തിന് തീരുമാനമെടുക്കുന്നതും. സംസ്ഥാന സൈനിക ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു സമിതികളുടെയും മെമ്പര്‍ സെക്രട്ടറി സൈനിക ക്ഷേമ ഡയറക്ടര്‍ ആണ്.

2018ല്‍ സായുധസേനാ പതാകനിധിയിലൂടെ സംസ്ഥാനത്ത് സ്വരൂപിച്ചത് 2.65 കോടി രൂപയാണ്. ടോക്കണ്‍ പതാകയ്ക്ക് 10 രൂപയും വാഹനങ്ങളില്‍ ഓടിക്കേണ്ട സ്റ്റിക്കര്‍ പതാകയ്ക്ക് 20 രൂപയുമാണ് വില. പതാകദിനമായ ഡിസംബര്‍ ഏഴിന് രാവിലെ പതാക വില്‍പ്പനയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. എന്‍സിസി കേഡറ്റുകള്‍ രാജ്ഭവനിലെത്തി സംസ്ഥാന ഗവര്‍ണര്‍മാരില്‍നിന്ന് പതാക വില്‍പ്പനയ്ക്ക് നാന്ദി കുറിച്ച് സംഭാവന സ്വീകരിക്കും. തുടര്‍ന്ന് കേഡറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതര തൊഴില്‍ സ്ഥാപനങ്ങളിലും ചെന്ന് പതാക വിറ്റും, ഹുണ്ടി ബോക്‌സുകളില്‍ സംഭാവന സ്വീകരിച്ചും പതാക വില്‍പ്പനയ്ക്ക്  നാന്ദി കുറിക്കുന്ന സുദിനം ആഘോഷമാക്കി മാറ്റുന്നു. 

എന്‍സിസി കേഡറ്റുകളില്‍ ഈ പ്രവൃത്തിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ ജില്ലാ സൈനിക ക്ഷേമ ഓഫീസുകളുടെ മേല്‍നോട്ടത്തിലും വിവിധ ജില്ലകളില്‍നിന്നും പണം സ്വരൂപിക്കുന്നതിന് തുടക്കം കുറിക്കുന്നതും എന്‍സിസി കേഡറ്റുകള്‍ തന്നെയാണ്. തുടര്‍ന്ന് അധികൃതര്‍ മുഖേന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പതാക വില്‍പ്പനയും ഫണ്ട് സ്വരൂപിക്കലും നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം  പതാകകള്‍ എത്തിച്ച് വില്‍പ്പന നടത്തി ഫണ്ടുകള്‍ സ്വരൂപിക്കും. ഈ ഫണ്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസുകള്‍ സൈനിക ക്ഷേമ ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കും. ഏറ്റവും കൂടുതല്‍ പണം സ്വരൂപിക്കുന്ന ജില്ലയ്ക്കും, എന്‍സിസി ബറ്റാലിയനും സ്‌കൂളിനും പ്രത്യേക അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തികസഹായങ്ങള്‍പതാക വില്‍പ്പനയിലൂടെയും സംഭാവനകളിലൂടെയും സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍ ലഭിക്കുന്ന പണത്തില്‍നിന്നും സൈനികരുടെ ആശ്രിതര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിവിധയിനം സാമ്പത്തിക സഹായം ചെയ്തുവരുന്നു. അത്യാവശ്യ സാഹചര്യങ്ങളില്‍ നിര്‍ധനരായ വിമുക്ത ഭടന്മാര്‍ക്ക് മുഖ്യമന്ത്രിയും ജില്ലാ കളക്ടറും നല്‍കുന്ന അടിയന്തര സാമ്പത്തിക സഹായം, അവരുടെ മക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ നല്‍കുന്ന വിവാഹ ഗ്രാന്റ്, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാനായി നല്‍കുന്ന തയ്യല്‍ മെഷീനുകള്‍, ഗുരുതരമായ രോഗങ്ങള്‍ക്കു നല്‍കുന്ന ചികിത്സാ ഗ്രാന്റ്, സ്വയം തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, മെഡിക്കല്‍, എഞ്ചിനീയറിങ് തുടങ്ങിയ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനും ഉദ്യോഗലബ്ധിക്കും വേണ്ടി സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ എഴുതാനും മക്കള്‍ക്ക് നല്‍കുന്ന കോച്ചിങ് ക്ലാസ്സുകള്‍, വിമുക്ത ഭടന്‍ മരണപ്പെട്ടാല്‍ മരണാനന്തര ചെലവുകള്‍ക്കായി  നല്‍കുന്ന ധനസഹായം തുടങ്ങി ഇരുപത്തിയൊന്നിനം സഹായ പദ്ധതികള്‍ അക്കൂട്ടത്തില്‍പ്പെടും. ജില്ലാ കളക്ടര്‍ പ്രസിഡന്റായ ജില്ലാ സൈനിക ബോര്‍ഡുകള്‍ ജില്ലകള്‍ തോറും ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ക്ഷേമ-പുനരധിവാസ പദ്ധതികള്‍ വേറെയുമുണ്ട്. ഇതിനായി സംസ്ഥാന സൈനിക ക്ഷേമനിധിയില്‍ ശേഖരിക്കുന്ന വിഹിതം പ്രത്യേകമായി എല്ലാ ജില്ലാ സൈനിക ക്ഷേമ ഓഫീസുകള്‍ക്കും നല്‍കും. 

യുദ്ധം വരുമ്പോള്‍ സൈനികരെ ഓര്‍ക്കുകയും ഇല്ലാതിരിക്കുമ്പോള്‍ അവരെ വിസ്മരിക്കുകയും ചെയ്യുന്ന സാമൂഹ്യരീതിയാണ് നമുക്കുള്ളത്. അന്യരാജ്യങ്ങളുമായി  അതിര്‍ത്തി പങ്കിടുന്ന വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സൈനികര്‍ക്കു നല്‍കുന്ന ആദരവും അംഗീകാരവും നാം അവര്‍ക്കു നല്‍കുന്നില്ലെന്നത് വേദനാപൂര്‍വം പറയേണ്ടിയിരിക്കുന്നു. ആഭ്യന്തര കലാപങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും അടിച്ചൊതുക്കല്‍, തീവ്രവാദി ആക്രമണങ്ങളെ ചെറുക്കല്‍ തുടങ്ങിയവയില്‍ സൈനികര്‍ സദാ ജാഗരൂകരാണ്. പ്രളയ ദുരന്തം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും പുനരധിവാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സൈനികരുടെ സേവനം നിസ്തുലമാണ്. 2018-19ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ കര-നാവിക-വ്യോമസേനകളും തീരദേശസേനയും തോളോടു തോള്‍ ചേര്‍ന്നാണ് സേവനമനുഷ്ഠിച്ചത്.(ഒരു വ്യാഴവട്ടക്കാലത്തിലേറെ സൈനിക ക്ഷേമ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ലേഖകന്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ''ധീരതയുടെ ഇതിഹാസം രിചിച്ച മലയാളി യോദ്ധാക്കള്‍'' എന്ന കൃതിയുടെ കര്‍ത്താവാണ്.)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.