ഐഎന്‍എക്‌സ് മീഡിയാ കേസില്‍ പി.ചിദംബരം അറസ്റ്റില്‍; നിര്‍ണ്ണായക നടപടികളുമായി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും

Wednesday 21 August 2019 9:46 pm IST

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഒളിവില്‍ പോയ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് സിബിഐ. എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയ ശേഷം പിന്‍വാതിലിലൂടെ മുങ്ങിയ പി.ചിദംബരത്തെ പിന്‍തുടര്‍ന്നെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്.  സിബിഐ സംഘത്തെ കണ്ട്  വീടിന്റെ ഗേറ്റ് ചിദംബരത്തിന്റെ അനുയായികള്‍ അടച്ചെങ്കിലും അന്വേഷണസംഘം മതില്‍ചാടിക്കടന്ന് അകത്തെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം അദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.  നേരത്തെ, പത്രസമ്മേളനം നടത്താനാണ് ഒളിവില്‍ പോയ പി. ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്. ചിദംബരം പത്രസമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംഘം ഓഫീസിന് വെളിയില്‍ എത്തിയിരുന്നു. ഇത് അറിഞ്ഞതിനെ തുടര്‍ന്നാണ് ചിദംബരം മറ്റൊരുകാറില്‍ രക്ഷപ്പെട്ടത്. 

ഐഎന്‍എക്‌സ് മീഡിയാ കേസില്‍  താന്‍ പ്രതിയല്ലെന്നും എഫ്‌ഐആര്‍ തനിക്കെതിരല്ലെന്നും ന്യായവാദവുമായാണ് അദേഹം പത്രസമ്മേളനം നടത്തിയത്. ഇപ്പോള്‍ നടക്കുന്നത് പ്രതികാര നടപടിയാണെന്നും തനിക്കും മകനുമെതിരെ നടക്കുന്നത് കള്ളപ്രചരണമാണെന്നും ചിദംബരം ന്യായീകരിച്ചു.  കേസില്‍ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന കോടതി ഉത്തരവ് വന്നതിന് പിന്നാലെ ചിദംബരത്തെ തേടുകയായിരുന്നു സിബിഐ സംഘം. നേരത്തെ ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലെത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം നടത്തിയിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പത്തരവരെ കാത്തിരിക്കണമെന്നും ചിദംബത്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. എന്നാല്‍ കോടതി ഇന്ന് കേസ് പരിഗണിക്കാതെ വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം രാവിലെയും ദസ്റ്റിസ് രമണ നിരാകരിച്ചിരുന്നു. തുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. എന്നാല്‍ അയോധ്യ കേസില്‍ വാദം കേള്‍ക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്ന് അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ഹര്‍ജിയുമായി വീണ്ടും ജസ്റ്റിസ് രമണയെ സമീപിക്കുകയായിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് സ്വീകരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.