ചൈനയും പാക്കിസ്ഥാനും തമ്മില്‍ പെണ്‍വാണിഭ കരാറും!; കഴിഞ്ഞ വര്‍ഷം കടത്തിയത് 629 യുവതികളെ ; പാക് യുവതികളെ ചൈനയില്‍ വ്യാപകമായി വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Thursday 5 December 2019 1:20 pm IST

 

ലാഹോര്‍: അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനും ചൈനയ്ക്കും ഒരു പോലെ നാണക്കേടായി വന്‍ പെണ്‍വാണിഭക്കേസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പാക്കിസ്ഥാനില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് 629 യുവതികളെ. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളാവുമെന്നു പറഞ്ഞ് പാക്കിസ്ഥാന്‍ മൂടിവെക്കാന്‍ ശ്രമിച്ച കേസിന്റെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. 

പാക്കിസ്ഥാനിലെ ദാരിദ്രാവസ്ഥ മുതലെടുത്ത് ചൈനയില്‍ നിന്നുള്ള ഏജന്റുമാര്‍ വിവാഹാലോചനയുമായി സമീപിച്ചാണ് യുവതികളെ കുടുക്കിയത്. ചൈനീസ് യുവാക്കളുമായി വിവാഹത്തിന് എന്നു പറഞ്ഞ് പാവപ്പെട്ട പാക് കുടുംബങ്ങളില്‍ പണം നല്‍കി ഈ യുവതികളെ വാങ്ങുകയാണ് ഏജന്റുമാര്‍. എന്നാല്‍ പിന്നീട് ഈ യുവതികളെ ചൈനയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു. 629 യുവതികളുടെ പേരുകള്‍ ഉള്‍പ്പെടെയാണ് അസോസിയേറ്റഡ് പ്രസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ടു ചെയ്തത്. 

2108ല്‍ ചൈനയില്‍ നിന്നുള്ള ഏജന്റുമാര്‍ക്ക് വിറ്റ പാക് യുവതി രക്ഷപ്പെട്ടു തിരിച്ചെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘങ്ങളെ കെണ്ടത്തിയത്. പാക് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം തുടങ്ങിയ അന്വേഷണത്തില്‍ മുപ്പത്തൊന്നു ചൈനക്കാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ചൈനക്കാെരയെല്ലാം ഫൈസലാബാദിലെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമായിരുന്നു പ്രശ്‌നം. തട്ടിപ്പിനിരയായ യുവതികളും കുടുംബങ്ങളും ഭയന്നും വന്‍ തുക കൈപ്പറ്റിയും കോടതിയില്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു.

പാക്കിസ്ഥാനില്‍ വന്ന് വിവാഹം കഴിക്കുന്ന ചൈനീസ് യുവാക്കള്‍ പിന്നീട് ഭാര്യമാരെ ചൈനയിലേക്ക് കൊണ്ടു പോകുന്നു. ചൈനയില്‍ എത്തിച്ചാണ് പിന്നീട് ഇവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നത്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചില മനുഷ്യാവകാശ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത്. ഇതോടെ ചൈനീസ് അധികൃതരും പ്രശ്‌നം ഗൗരവത്തിലെടുത്തു. ചൈനീസ് യുവാക്കള്‍ വിവാഹം കഴിച്ച നിരവധി പാക് പെണ്‍കുട്ടികളുടെ വിസ അപേക്ഷ തടഞ്ഞുവെയ്ക്കുന്നതടക്കമുള്ള നടപടികള്‍ ചൈന സ്വീകരിച്ചിരുന്നു. 

ജനസംഖ്യാ ആനുപാതികമായി ചൈനയിലെ യുവാക്കള്‍ക്ക് അവിടെ നിന്നു തന്നെ വധുക്കളെ കിട്ടാത്ത അവസ്ഥയുണ്ടായപ്പോഴാണ് ചൈനീസ് സര്‍ക്കാര്‍ വിദേശങ്ങളില്‍ നിന്നുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചത്. ഇതു മുതലെടുത്താണ് ചൈനീസ്-പാക് ഏജന്റുമാര്‍ പെണ്‍വാണിഭം നടത്തിയത്. ചൈനയില്‍ നിന്ന് യുവതികളെ തേടിയെത്തുന്നവരില്‍ നിന്ന് പതിനെട്ടു ലക്ഷം രൂപ മുതല്‍ 46 ലക്ഷം രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ട്. എന്നാല്‍ യുവതികളുടെ വീട്ടുകാര്‍ക്കു കൊടുക്കുന്നത് രണ്ടു ലക്ഷം രൂപ വരെമാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.