പാക്കിസ്ഥാന്‍ എങ്ങോട്ടാണ്?

Sunday 6 October 2019 1:45 am IST

പാക്കിസ്ഥാന്‍ വീണ്ടും പട്ടാളഭരണത്തിലേക്കാണോ? ഇമ്രാന്‍ഖാന്‍ അധികാരഭ്രഷ്ടനാക്കപ്പെടുകയാണോ? അതിനുള്ള സൂചനകളാണ് കേള്‍ക്കുന്നതും കാണുന്നതും. ഭരണതലത്തില്‍ പാക് പട്ടാളമേധാവി നേരിട്ട് ഇടപെടുന്നു. ഭാവികാര്യങ്ങള്‍ ഏറെക്കുറെ തീരുമാനിച്ചതുപോലെയാണ് പോക്ക്. അതിനൊപ്പം കാണേണ്ടതാണ് പാക് സൈന്യത്തിന്റെ 111-ാം ബ്രിഗേഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ച വാര്‍ത്ത. ഏതുകാലത്തും പട്ടാള അട്ടിമറിക്ക് അരങ്ങൊരുക്കിയത് ഈ ബ്രിഗേഡ് ആണ്. പട്ടാള മേധാവി ക്വമര്‍ ജാവേദ് ബജ്വാ നേരിട്ട് അധികാരമേല്‍ക്കുമോ, ഏതെങ്കിലും കളിപ്പാവയെ മുന്നില്‍നിര്‍ത്തി കളിതുടങ്ങുമോ എന്നതേ ഇനി അറിയേണ്ടതുള്ളു.

ഇന്ത്യയെ തകര്‍ക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഇമ്രാന്‍ഖാനാണ് ഇപ്പോള്‍ തലകുത്തിവീഴുന്നത്. നരേന്ദ്രമോദി കശ്മീര്‍ 'മാസ്റ്റര്‍ സ്ട്രോക്ക്' വഴി തകര്‍ത്തത് ജമ്മുകശ്മീരിലെ പാക്ദല്ലാളന്മാരെ മാത്രമല്ല, പാക്കിസ്ഥാനെയുമാണ്. ഇന്ത്യന്‍ നടപടിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഇമ്രാന്‍ഖാന് ലോകമെമ്പാടും കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഇസ്ലാമിക രാജ്യങ്ങള്‍ ബഹുഭൂരിപക്ഷവും അവരെ കയ്യൊഴിഞ്ഞു. സൗദിഅറേബ്യ, യുഎഇ, ബംഗ്ലാദേശ് അടക്കമുള്ളവ ഇന്ത്യയുടെ നിലപാടിനൊപ്പം പരസ്യമായി നിലകൊണ്ടു.

 ചൈന പാക്കിസ്ഥാനൊപ്പം നില്‍ക്കുമെന്ന് അറിയാമായിരുന്നു. അവര്‍ക്ക് അത് ചെയ്തേ പറ്റൂ. എത്രയോ കോടി ബില്യണ്‍ ഡോളര്‍ അവര്‍ പാക്കിസ്ഥാനില്‍ ഇറക്കിക്കഴിഞ്ഞു. അതൊക്കെ വെള്ളത്തിലാവുമോ എന്നാണ് ആശങ്ക. ഒരു പദ്ധതിയും വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ല. 2014ല്‍ ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാവുകയും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതോടെയാണ് ബീജിങ്ങിന്റെ പദ്ധതികള്‍ പാളിയത്. പാക്അധീന കശ്മീരിലൂടെയുള്ള അവരുടെ നിര്‍ദ്ദിഷ്ട ചൈന-പാക് സാമ്പത്തിക ഇടനാഴിക്ക് മറ്റേത് സര്‍ക്കാരാണെങ്കിലും തടസമുണ്ടാവില്ല എന്നവര്‍ക്കറിയാമായിരുന്നു. പക്ഷെ മോദിസര്‍ക്കാര്‍ അതിനെതിരാണ്. മാത്രമല്ല ആ പദ്ധതി ഇന്ത്യയുടെ അനുമതികൂടാതെ അതിലൂടെ നീക്കിയാല്‍ പ്രത്യാഘാതം ഗുരുതരമാവുമെന്ന സൂചനയും നല്‍കി. പാക്അധീന കശ്മീര്‍ (പിഒകെ) ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് ചൈനയെ ദല്‍ഹി നേരിട്ടത്. അതിനുപുറമെയാണ് ബലൂചിലും മറ്റും പാക്‌വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ചത്. ആ 'സ്വാതന്ത്ര്യസമര'ത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ട് എന്ന് ഇസ്ലാമാബാദിനെപ്പോലെ ചൈനയും കരുതിപ്പോരുന്നു. ചൈനയുടെ മോഹപദ്ധതികള്‍ക്ക് തടസ്സമായത് ഇന്ത്യയാണ്. ആ വിദ്വേഷവും അവരുടെ പ്രതിഷേധത്തിന് കാരണമാവുമല്ലോ.

ലോക സമ്പദ്ഘടനയിലെ പ്രശ്നങ്ങളും അമേരിക്കയുമായുള്ള 'വ്യാപാരയുദ്ധവും' മറ്റും ചൈനയെ വിഷമത്തിലാക്കിയിട്ടുണ്ട്. അനവധി വിദേശകമ്പനികള്‍ അടുത്തിടെ ചൈന വിട്ടുപോയി. അത് അമേരിക്കന്‍ കമ്പനികള്‍ മാത്രമല്ല. സാംസങ് മൊബൈല്‍ പോലെ ചിലര്‍ ചൈനയോട് വിടചൊല്ലിയപ്പോള്‍ കടന്നുവരാന്‍ തെരഞ്ഞെടുത്തത് ഇന്ത്യയെ ആയിരുന്നുവല്ലോ. ഇതിനൊക്കെയിടയില്‍ പാക്കിസ്ഥാനിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ചൈനയുടെ കൂടെ ആവശ്യമായിരിക്കുന്നു. ചൈനക്ക് പാക്കിസ്ഥാന്‍ അടുത്ത രണ്ടുവര്‍ഷംകൊണ്ട് കൊടുക്കേണ്ടത് 6.70 ബില്യണ്‍ യുഎസ് ഡോളറാണ്. ഇമ്രാന്‍ അധികാരമേറ്റത് മുതല്‍ വായ്പയായി വാങ്ങിയ തുകയും പലിശയുമാണിത്. അത് തിരിച്ചുകിട്ടുമോ എന്നു ദൈവത്തിനേ അറിയൂ. അതേസമയത്ത് തന്നെയാണ് ഐഎംഎഫില്‍നിന്ന് പാക്കിസ്ഥാന്‍ കടമെടുത്ത 2.80-ഓളം ബില്യണ്‍ ഡോളര്‍ തിരിച്ചുകൊടുക്കേണ്ടത്. അത് തിരികെ കിട്ടില്ലെന്ന് വന്നാല്‍ ഐഎംഎഫ് പാക്ഭരണത്തില്‍ ഇടപെടുകതന്നെ ചെയ്യും. പാക്-ചൈന വ്യവസായ ഇടനാഴിയുടെ രേഖകളടക്കം പണയം നല്‍കാമെന്ന ഉറപ്പിലാണ് ഐഎംഎഫ് സഹായിച്ചത്. വായ്പ കൊടുത്തതിലും എത്രയോ ഇരട്ടി ചൈന പാക്കിസ്ഥാനില്‍ നിക്ഷേപിച്ചിരിക്കുന്നു. അതാവട്ടെ, ഒരു വരുമാനവും സൃഷ്ടിക്കാത്ത നിലയിലുമായി. പാക്ഭരണകൂടം വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവും. മുന്‍പൊക്കെ അടിയന്തരഘട്ടങ്ങളില്‍ അമേരിക്ക കയ്യയച്ച് സഹായിച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ആ ചരിത്രമൊക്കെ തിരുത്തി.

പാക്കിസ്ഥാനില്‍ പ്രകൃതിക്ഷോഭം ഉണ്ടായ മേഖലകളില്‍ ഇത്തവണ വ്യോമനിരീക്ഷണം നടത്താന്‍പോയത് പാക്പ്രധാനമന്ത്രിയോ മന്ത്രിമാരോ ഒന്നുമല്ല, പാക്പട്ടാള മേധാവിയാണ്. രാജ്യത്തെ പ്രമുഖ വ്യവസായികളുടെ മൂന്ന് യോഗങ്ങള്‍, സൈനിക കേന്ദ്രങ്ങളില്‍, പട്ടാളമേധാവി നേരിട്ട് വിളിച്ചുകൂട്ടി. ഒന്നിലും സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരും മറ്റും പങ്കെടുത്തില്ല. അവരെ അറിയിച്ചോ എന്ന് വ്യക്തമല്ല. അത്തരമൊരു യോഗത്തില്‍ സംബന്ധിച്ച ചിലര്‍ പറഞ്ഞത്, രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യമാണ് സൈനികമേധാവി ചൂണ്ടിക്കാണിച്ചത് എന്നാണ്. പാക്‌സൈന്യത്തിന്റെ പാവയാണ് ഇമ്രാന്‍ഖാന്‍ എന്ന് വിളിച്ചുപറയുന്നതല്ലേ ഈ സംഭവങ്ങള്‍?

പാക്കിസ്ഥാന്‍ ബഹുമുഖ പ്രതിസന്ധിയിലാണ്. കശ്മീരില്‍ എന്തും ചെയ്യാന്‍ ഇന്ത്യ തയ്യാറാവുന്നു എന്ന ആശങ്ക അവര്‍ക്കുണ്ട്. നയതന്ത്രതലത്തില്‍ അതിനെ നേരിടാനാവില്ല എന്ന തിരിച്ചറിവുമുണ്ടായിരിക്കുന്നു. സൈനികനടപടി എന്നതൊക്കെ ഭീഷണിമാത്രമാണ്. യുദ്ധത്തിനുള്ള കെല്‍പ്പൊന്നും അവര്‍ക്കില്ല. ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവുന്നുമില്ല. ഇപ്പോള്‍ ജെകെഎല്‍എഫിന്റെ ബാനറിനുകീഴില്‍ ഒരു മാര്‍ച്ച് നടക്കുന്നുണ്ട്. ഭിംബറില്‍ നിന്നാണ് അത് തുടങ്ങിയത്. ശ്രീനഗറിലേക്കാണത്രെ മാര്‍ച്ച്. എന്തൊരു വങ്കത്തരമാണിത്..! പാക് ജനതയാണ് മാര്‍ച്ച് നടത്തുന്നത് എന്നാണ് പറയുന്നത്. അതിനുവേണ്ട സഹായമേകുന്നത് സൈന്യമാണുതാനും. മാര്‍ച്ചില്‍ പാക് സൈന്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കരുത് എന്ന് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചത് പുറത്തുവന്നിട്ടുമുണ്ട്. കൈവിട്ട കളിക്ക് പാക്കിസ്ഥാന്‍ തയ്യാറാവുന്നു എന്നര്‍ഥം. അതിര്‍ത്തിയില്‍ സംശയകരമായി ആരെ കണ്ടാലും വെടിവെക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ അതിര്‍ത്തിയിലെത്തുന്നവരെ നുഴഞ്ഞുകയറാനുള്ളവരായി കാണുമെന്നും പറഞ്ഞുകഴിഞ്ഞു. അതിര്‍ത്തിക്കപ്പുറത്തെ ലോഞ്ച്പാഡുകളില്‍ പാക് ഭീകരര്‍ കുറെദിവസമായി ക്യാമ്പ്‌ചെയ്യുന്നുണ്ട്. പക്ഷെ അതിര്‍ത്തികടക്കാന്‍ കഴിയുന്നില്ല. ആ കടന്നുകയറ്റം സാധ്യമാക്കുകയാണ് ഇപ്പോഴത്തെ മാര്‍ച്ചിന്റെ ലക്ഷ്യം എന്ന് തീര്‍ച്ച. സംഘര്‍ഷമുണ്ടാവുമ്പോള്‍ സിവിലിയന്‍ പ്രതിഷേധക്കാരെ ഇന്ത്യന്‍ സൈന്യം വധിച്ചു എന്ന് കൊട്ടിഘോഷിക്കാനുള്ള നീക്കമായും കാണേണ്ടിയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടതില്ലല്ലോ.

ഇതിനൊക്കെയിടയില്‍ വേണം, നേരത്തെ സൂചിപ്പിച്ച, സൈനിക ബ്രിഗേഡ് 111ന്റെ വിന്യാസത്തെ കാണാന്‍. ഇസ്‌ക്കന്ദര്‍ മിര്‍സ മുതല്‍ നവാസ് ഷെരീഫ് വരെയുള്ളവരെ അട്ടിമറിക്കാന്‍ നേതൃത്വമേകിയത് ആ ബ്രിഗേഡ് ആണല്ലോ. അഞ്ച് ഇന്‍ഫന്‍ട്രി ബറ്റാലിയനുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 6500ഓളം സൈനികരാണ് അതിലുള്ളത്. പാക് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ കൊട്ടാരങ്ങളുടെ കാവല്‍ഡ്യൂട്ടി ഇവര്‍ക്കാണ്. അതിനപ്പുറം അവര്‍ക്ക് സ്ഥിരം ഡ്യൂട്ടി ഇല്ലത്രെ. ഈ ബ്രിഗേഡ് പട്ടാളമേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സൈനിക മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് അവര്‍ക്ക് ബാധകം.

ഇമ്രാന്‍ഖാന് പോകാന്‍ സമയമായി എന്നുവ്യക്തം. എങ്ങോട്ടാവും ഇമ്രാന്‍ പോവുക, എന്താവും ഭാവി എന്നതൊക്കെ കണ്ടറിയണം. ഒന്ന് തീര്‍ച്ച, പൂര്‍ണ്ണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലേക്കാണ് പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.