നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭയ്ക്ക് പത്മ പുരസ്‌കാരം; അംഗീകാരത്തില്‍ ഈശ്വരനോടും സര്‍ക്കാരിനോടും നന്ദിയെന്ന് പങ്കജാക്ഷിയമ്മ

Saturday 25 January 2020 10:00 pm IST

കോട്ടയം: നോക്കുവിദ്യ പാവകളി കലാകാരി പങ്കജാക്ഷിയമ്മയ്ക്ക് പത്മപുരസ്‌കാരം ലഭിച്ചു. അന്യം നിന്നുപോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് കുറവിലങ്ങാട് മോനിപ്പള്ളി മുഴിക്കല്‍ 84 കാരിയായ പങ്കജാക്ഷിയമ്മ. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന പങ്കജാക്ഷിയമ്മ അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്‌കാരത്തിന് പരിഗണിച്ചത്. 

കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും- വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്. മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാം നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറുന്നത്. പങ്കജാക്ഷിയമ്മ ചെറുപ്പം കാലം മുതല്‍ ഈ കലാരൂപം അവതരിപ്പിച്ചു വരുന്നു. പണ്ടൊക്കെ വീടുകളില്‍ പോയാണ് അവതരിപ്പിച്ചിരുന്നത്.

പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. കഴിഞ്ഞ 11 വര്‍ഷമായി ഈ കലാരൂപം പേരമകളെ അഭ്യസിപ്പിക്കുന്നുണ്ട്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് രഞ്ജിനി. പരേതനായ ശിവരാമനാണ് ഭര്‍ത്താവ്. മക്കള്‍: രാധാമണി, വിജയന്‍, ശിവന്‍. ഈ അംഗീകാരത്തില്‍ ഈശ്വരനോടും പ്രിയ നാട്ടുകാരോടും കുടുംബാഗങ്ങളോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നതായി പങ്കജാക്ഷിയമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.