'ഭീകരരെ നാലുമാസത്തിനുള്ളില്‍ അടിച്ചൊതുക്കണം; ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കണം'; കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും മുമ്പ് പാക്കിസ്ഥാന് അന്ത്യശാസനം

Friday 18 October 2019 4:00 pm IST

ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നാലുമാസത്തിനുള്ളില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന് താക്കീത്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ആഗോള സംഘടനയായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന പ്രത്യേക സംഘത്തിന്റെതാണ് (എഫ്എടിഎഫ്) ഈ നടപടി. 

രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എഫ്എടിഎഫ് മുന്നോട്ടുവെച്ച 27 മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ 22 എണ്ണവും നടപ്പിലാക്കാന്‍ വൈകിയതോടെയാണ് എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ ആഗോള തലത്തില്‍ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായങ്ങള്‍ കുറയുകയും രാജ്യത്ത് നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശ രാജ്യങ്ങള്‍ പിന്നോട്ട് പോകുന്നതിലേക്കും വഴിവെയ്ക്കും. നിലവില്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാക്കിസ്ഥാന്‍. 2020 ഫെബ്രുവരി വരെ ഈ ലിസ്റ്റില്‍ തുടരും. അതിനുള്ളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയിലേക്ക് തള്ളുമെന്നും മുന്നറിയിപ്പുണ്ട്. ഇറാന്‍, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിലാണ് ഉള്ളത്. 

അതേസമയം എഫ്എടിഎഫുമായി സഹകരണമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനില്‍ സാമ്പത്തിക സഹകരണം ഉണ്ടാക്കിയെടുക്കുന്നതിലും, രാജ്യവുമായി വ്യവസായിക ഇടപാടുകള്‍ നടത്തുന്നതിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐഎംഎഫ്, ലോകബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നുള്ള ഫണ്ടുകളെ എഫ്ടിഎഫിന്റെ പട്ടിക ബാധിക്കും. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കരിമ്പട്ടികയില്‍ കൂടി ഉള്‍പ്പെടുത്തുന്നത് തിരിച്ചടിയാകും. അതിനാല്‍ ഭീകരര്‍ക്ക് മുന്നറിയിപ്പെങ്കിലും നല്‍കിയില്ലെങ്കില്‍ ആഗോള തലത്തില്‍ പാക്കിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിലേക്കും അത് നീങ്ങും. 

ഭീകരതയ്ക്കു പണം ലഭ്യമാകുന്നതു കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ പാരിസില്‍ നടന്ന എഫ്എടിഎഫ് യോഗം വിലയിരുത്തിയിരുന്നു. 205 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരും പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭീകരതയെ തുരത്തുന്നതു പൂര്‍ണമായും നടപ്പാക്കണം. ഭീകരതയ്ക്കു സഹായകരമാകും വിധമുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്നും യോഗം വിലയിരുത്തി. അതേസമയം യോഗത്തില്‍ ചൈന, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ പാക്കിസ്ഥാനെ പിന്തണച്ചു. ഒരു രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്താതിരിക്കണമെങ്കില്‍ മൂന്ന് രാഷ്ട്രങ്ങളുടെ പിന്തുണ വേണമെന്നാണ് എഫ്എടിഎഫ് ചട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.