ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന്‍ പരാജയപ്പെടും; അണ്വായുധം കൈവശമുള്ള രാജ്യം അവസാന പോരിനിറങ്ങുമ്പോള്‍ അനന്തരഫലങ്ങള്‍ ഭീകരമായിരിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Sunday 15 September 2019 12:43 pm IST

 

ഇസ്ലാമബാദ്: ജമ്മു കശ്മീര്‍ വിഷയത്തില്‍ യുദ്ധം ഉണ്ടാവുകയാണെങ്കില്‍ പാക്കിസ്ഥാന്‍ തോല്‍ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അണ്വായുധ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ ലോകത്തിന് തന്നെ വന്‍ ഭീഷണി ആയിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഖാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ാക് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

അണ്വായുധം കൈവശമുള്ള രാജ്യം അവസാന പോരിനിറങ്ങുമ്പോള്‍ അനന്തരഫലങ്ങള്‍ ഭീകരമായിരിക്കും. പാക്കിസ്ഥാന്‍ ഒരിക്കലും ആണവയുദ്ധത്തിന് തുടക്കം കുറിക്കില്ല. ഞാന്‍ സമാധാനവാദിയാണ്, ഞാന്‍ യുദ്ധവിരുദ്ധനാണ്. യുദ്ധങ്ങള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് വിശ്വസിക്കുന്നു. എന്നാല്‍ രണ്ട് അണ്വായുധ രാജ്യങ്ങള്‍ യുദ്ധം ചെയ്യുബോള്‍ അതൊരു ആണവയുദ്ധത്തില്‍ അവസാനിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നത് വളരെ വ്യക്തമാണ്.

ഇന്ത്യക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ പാക്കിസ്ഥാന് രണ്ടു വഴിയാണുള്ളത്. ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ അവസാന നിമിഷം വരെ രാജ്യത്തിനു വേണ്ടി പോരാടുകയോ ചെയ്യുക. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന്‍ പോരാടുമെന്ന് ഉറപ്പാണ്. ഒരു അണ്വായുധം കൈവശമുള്ള രാജ്യം അവസാന പോരിനിറങ്ങുമ്പോള്‍ അനന്തരഫലങ്ങള്‍ ഭീകരമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ അനാവശ്യമായി പാക്കിസ്ഥാന്‍ കൈകടത്താന്‍ ശ്രമിക്കുകയും,​ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യയെ ഒറ്റപ്പെടുത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  എന്നാല്‍ ഇത് ആഭ്യന്ത്ര വിഷയം മാത്രമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. പാക് സര്‍ക്കാരിന്‍റെ പല പ്രസ്താവനകളോടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. അപ്പോഴാണ് ഇമ്രാന്‍ ഖാന്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെ കുറിച്ച് വീണ്ടും വീണ്ടും പ്രസ്താവന ഇറക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.