പാകിസ്ഥാന്‍ 'സൈനിക' ഭരണത്തിലേക്കുതന്നെ

Thursday 26 July 2018 6:48 am IST
പകുതിയില്‍ താഴെ പോളിങ് സ്‌റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം പിടിഐ 113 സീറ്റിലും പിഎംഎല്‍-എന്‍ 64 സീറ്റിലും പിപിപി 43 സീറ്റിലുമാണ് മുന്നിലുള്ളത്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ 'സൈനിക' പിന്തുണയുള്ള പാര്‍ട്ടിയുടെ ഭരണത്തിലേക്കുതന്നെ. പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ഏതു വിധേനയും പ്രധാനമന്ത്രിയാകും. പുലര്‍ച്ചെ നാലുമണിവരെയുള്ള കണക്കു പ്രകാരം അതിനാണ് സാധ്യത.

പകുതിയില്‍ താഴെ പോളിങ് സ്‌റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം പിടിഐ 113 സീറ്റിലും പിഎംഎല്‍-എന്‍ 64 സീറ്റിലും പിപിപി 43 സീറ്റിലുമാണ് മുന്നിലുള്ളത്. 

272 സീറ്റാണ് ആകെ. 137 സീറ്റില്‍ വിജയിച്ചാല്‍ ഭരിക്കാം. ചെറിയ പാര്‍ട്ടികളുടെ സഹായത്തോടെ ഇംമ്രാന്‍ ഖാന് പാകിസ്ഥാന്‍ പ്രസിഡന്റാകാന്‍ കഴിയുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ആരോപണങ്ങളും നിരീക്ഷണങ്ങളും. സൈന്യത്തിന്റെ കളിപ്പാവയായൊരു പ്രധാനമന്ത്രി എന്നതാവും ഇമ്രാന്റെ അവസ്ഥയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

പ്രവിശ്യാ സര്‍ക്കാരുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ആകെ 577 മണ്ഡലങ്ങളിലേക്കാണ് പ്രവിശ്യാ വോട്ടെടുപ്പ്. പ്രവിശ്യകണക്കാക്കി പറഞ്ഞാല്‍, പഞ്ചാബില്‍ 50 ശതമാനം ബൂത്തുകളിലെ കണക്കുകള്‍ പ്രകാരം നവാസ് ഷെരീഫിന്റെ പിഎംഎല്‍ ആണ് മുന്നില്‍. അവര്‍ക്ക് 129 സീറ്റില്‍ ലീഡുണ്ട്. 122 സീറ്റുമായി പിടിഐ ഒപ്പമുണ്ട്. 

ഖൈബര്‍ പക്തൂണ്‍ക്വയില്‍ പിടിഐയാണ് മുന്നില്‍. 35 ശതമാനം പോളിങ് സ്‌റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ടു പ്രകാരം, 64 സീറ്റില്‍ ലീഡ്. ഇവിടെ മുത്താഹിദ മജ്‌ലിസ് ഇ അമാല്‍ (എംഎംഎ) 12 സീറ്റില്‍ ലീഡ് നേടി ശക്തി പ്രകടിപ്പിച്ചു. 

സിന്ധ് പ്രവിശ്യയില്‍നിന്ന് 37 ശതമാനം സ്‌റ്റേഷനിലെ ലീഡ് വന്നപ്പോള്‍ പിപിപി 75 സീറ്റില്‍ മുന്നിലാണ്. പിടിഐക്ക് 22 സീറ്റേ ലീഡുള്ളു.

ബലൂചിസ്ഥാനില്‍ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) 12 സീറ്റില്‍ മുന്നിലാണ്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) ഒന്തു സീറ്റില്‍ ലീഡു നേടി. 

ഫലം പൂര്‍ണമായും വരാതിരിക്കാന്‍ കാരണം വോട്ടെണ്ണല്‍ തടസപ്പെട്ടതാണ്. യന്ത്രത്തിലല്ല വോട്ട് രേഖപ്പെടുത്തല്‍. ആളുകള്‍ എണ്ണിത്തന്നെയാണ് വോട്ട് കണക്കാക്കുന്നത്. 

വോട്ടെണ്ണല്‍ തടസപ്പെട്ടു. ആദ്യമായി പരീക്ഷിക്കുന്ന റിസള്‍ട്ട് ട്രാന്‍സ്മിഷന്‍ സിസ്റ്റം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാഞ്ഞതാണ് ഫലം വൈകാന്‍ കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ മുഹമ്മദ് റാസാ ഖാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണത്തിലുണ്ടായിരുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍), നവാസ് ഷെരീഫ് വിഭാഗം, പ്രസിഡന്റ് ഷഹ്ബാസ് ഷരീഫ് തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടന്നതായി ആക്ഷേപം ഉയര്‍ത്തി. ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടി പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ആക്ഷേപങ്ങള്‍ ഉയര്‍ത്തി.

കമ്മീഷന്‍ പുറത്തുവിട്ട ആദ്യ ഔദ്യോഗിക ഫലത്തില്‍ റാവലപിണ്ടിയില്‍നിന്ന് പിടിഐയുടെ ചൗധ്‌രി അഡ്‌നാന്‍ 43.089 വോട്ടുകള്‍ക്ക് വിജയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.