പാക്ക് പടയ്ക്ക് പുതുജീവന്‍

Friday 28 June 2019 4:28 am IST

ബിര്‍മിങ്ഹാം: ന്യൂസിലന്‍ഡിന്റെ വിജയക്കുതിപ്പ് തടഞ്ഞ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. എഡ്ജ്ബാറ്റണിലെ നിര്‍ണായക മത്സരത്തില്‍ ആറു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ കിവികളുടെ ചിറകരിഞ്ഞത്. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ തോല്‍വി. 

ഈ വിജയത്തോടെ പാക്കിസ്ഥാന് ഏഴു മത്സരങ്ങളില്‍ ഏഴു പോയിന്റായി. അവസാന രണ്ട് മത്സരങ്ങളില്‍ ജയം ആവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന്റെ സെമിസ്വപ്‌നം യാഥാര്‍ത്ഥ്യമായേക്കും.

അടുത്ത മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ നാളെ അഫ്ഗാനിസ്ഥാനെയും ജൂലൈ അഞ്ചിന് ബംഗ്ലാദേശിനെയും നേരിടും. 

ഷഹീന്‍ അഫ്രീദിയുടെ തീപാറുന്ന ബൗളിങ്ങും ബാബര്‍ അസമിന്റെ സെഞ്ചുറിയുമാണ് പാക്കിസ്ഥാനെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ വിജയം സമ്മാനിച്ചത്. ഷഹീന്‍ അഫ്രീദി പത്ത് ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നേടിയതോടെ ന്യൂസിലന്‍ഡ്  അമ്പത് ഓവറില്‍ ആറു വിക്കറ്റിന് 237 റണ്‍സ് എടുത്തു. 238 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ പിടിച്ച പാക്കിസ്ഥാന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിയില്‍ വിജയം നേടി. 49.1 ഓവറില്‍ നാലു വിക്കറ്റിന് 241 റണ്‍സ്.

ബാബര്‍ അസം 127 പന്തില്‍ പതിനൊന്ന് ഫോറുകളുടെ അമ്പടിയില്‍ 101 റണ്‍സ് നേടി കീഴടങ്ങാതെ നിന്നു. ഹാരിസ് സോഹയ്ല്‍ ബാബര്‍ അസമിന് മികച്ച പിന്തുണ നല്‍കി. സോഹയ്ല്‍ 76 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും അടക്കം 68 റണ്‍സ് എടുത്തു. പാക്കിസ്ഥാന് തുടക്കത്തില്‍ തന്നെ  44 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. പക്ഷെ  ബാബറും മുഹമ്മദ് ഹഫീസും പിടിച്ചുനിന്നതോടെ കരകയറി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹഫീസ് 50 പന്തില്‍ അഞ്ചു ഫോറുകളുടെ പിന്‍ബലത്തില്‍ 32 റണ്‍സ് നേടി.ന്യൂസിലന്‍ഡിനായി ബോള്‍ട്ട്, ഫെര്‍ഗ്യൂസന്‍, വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കിവീസ് ഓള്‍ റൗണ്ടര്‍ നീഷാമിന്റെ മികവിലാണ് അമ്പത് ഓവറില്‍ 237 റണ്‍സ് നേടിയത്. നീഷാം 112 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു ഫോറും മൂന്ന് സിക്‌സറും അടിച്ചു. കോളിന്‍ ഗ്രാന്‍ഡ്‌ഹോമും തിളങ്ങി. 71 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടക്കം 64 റണ്‍സ് നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.