മതനിന്ദ നിയമങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നു; സര്‍ക്കാര്‍ തന്നെ തീവ്ര മനോഭാവമുള്ളവര്‍ക്ക് ഇതിന് അവസരം നല്‍കുന്നു, പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍

Sunday 15 December 2019 1:40 pm IST

ന്യൂദല്‍ഹി : പാക്കിസ്ഥാനില്‍ തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നതായി രൂക്ഷ വിമര്‍ശനവുമായി യുഎന്‍ ഘടകം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിവേചന പരമായ നിലപാടുകളാണ് പാക് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും യുഎന്നിന്റെ കമ്മിഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്ഡബ്ല്യൂ) കുറ്റപ്പെടുത്തി. 

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും മതനിന്ദയ്‌ക്കെതിരായ നിയമങ്ങള്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് ഇവിടെ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉള്ളവര്‍ക്കു നേരെ ആക്രമങ്ങള്‍ അഴിച്ചുവിടുന്നത്. പാക്കിസ്ഥാന്‍- റിലീജിയസ് ഫ്രീഡം അണ്ടര്‍ അറ്റാക്ക് എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും ദുര്‍ബലരാണെന്നും സിഎസ്ഡബ്ല്യൂ പ്രസിദ്ധീകരിച്ച 47 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ന്യൂനപക്ഷ സമുദായക്കാരെ കാണാതാവുന്നുണ്ട്. ഇവരില്‍ പലരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകുകയോ, മുസ്ലിം പുരുഷനെ വിവാഹം ചെയ്യേണ്ടതായി വരികയോ ചെയ്യുന്നുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്. 

പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകുന്നവരില്‍ നിന്നുള്ള ഗുരുതരമായ ഭീഷണികള്‍ കാരണം ഇരകള്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരാന്‍ സാധിക്കാറില്ല. നടപടിയെടുക്കുന്നതില്‍ പോലീസിന്റേയും, നിയമ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും വന്‍ വീഴ്ച്ചയാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തിലെ പല ഭാഗങ്ങളിലും ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ ഇത് നിത്യം അരങ്ങേറുന്ന വിവേചനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ഈ അതിക്രമങ്ങള്‍ തടയുന്നതിനും മതപരമായ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സിഎസ്ഡബ്ല്യൂപാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.