പുല്‍വാമയ്ക്ക് ശേഷം മുഹമ്മദിന്റെ പോരാളികള്‍ രാജ്യതലസ്ഥാനം ആക്രമിക്കാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് എന്‍ഐഎ

Monday 2 December 2019 5:42 pm IST

ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം പാക് ഭീകര സംഘടനയായ മുഹമ്മദിന്റെ പോരാളികള്‍ (ജെയ്‌ഷെ മുഹമ്മദ്) ദല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നത്തിന്റെ ഭാഗമായി ഭീകരര്‍ ദല്‍ഹിയില്‍ നിരീക്ഷണം നടത്തിയിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. പുല്‍വാമയ്ക്കുശേഷം കൂടുതല്‍ ആക്രമണങ്ങള്‍ക്കായി തീവ്രവാദ ഗ്രൂപ്പായ ജെഎം സര്‍ക്കാര്‍ സംവിധനങ്ങളായ സൗത്ത് ബ്ലോക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നിവയ്ക്ക് സമീപം ഇവര്‍ രഹസ്യാന്വേഷണം നടത്തി. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 16 ന് ഡല്‍ഹിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണക്കേസില്‍ കുറ്റക്കാരായ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സജത് അഹമ്മദ് ഖാന്‍, തന്‍വീര്‍ അഹമ്മദ് ഗാനി, ബിലാല്‍ അഹമ്മദ് മിര്‍, മുസാഫര്‍ അഹമ്മദ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അഫ്ഗാനിസ്ഥാനും ഇന്ത്യയുമടക്കം മുഴുവന്‍ പ്രദേശത്തെയും ബാധിക്കുന്ന ഭീകരതക്കെതിരെ പാകിസ്ഥാന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പുല്‍വാമ ആക്രമണം നടക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഖാരി മുഫ്തി യാസീര്‍ എന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായും കുറ്റപത്രത്തില്‍ പറയുന്നു. കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കാനാണ് ഇയാള്‍ നുഴഞ്ഞു കയറിയത്. പ്രത്യേക മൊബൈല്‍ നമ്പറുകള്‍ വഴിയാണ് ഭീകരര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതെന്നും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.