പാലാരിവട്ടം പോലെ മൂവാറ്റുപുഴ വാലിയും

Sunday 22 September 2019 5:00 am IST
അഴിമതിക്കെതിരായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിവരുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടികളുടെ നിഴലാട്ടം തന്നെയാണ് പാലാരിവട്ടത്തും മരടിലും കണ്ണൂര്‍ വിമാനത്താവളത്തിലും ദേശീയപാതയുടെ കൊല്ലം ബൈപ്പാസിലും കാണാന്‍ കഴിയുന്നതെന്ന് തീര്‍ച്ചയാണ്. ഇവയൊക്കെ സമീപകാല പ്രതിഭാസങ്ങളാണുതാനും. എന്നാല്‍ ഇവയെക്കാളെല്ലാം ഭീഷണമായ അഴിമതിയുടെയും തട്ടിപ്പുകളുടെയും പരമ്പര തന്നെ കണ്ടെത്താന്‍ കഴിയുന്ന ഒരു പദ്ധതിയാണ് മൂവാറ്റുപുഴ നദീതട പദ്ധതിയുടേത്
"മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാല്‍"

രൂര്‍-ഇടപ്പള്ളി ദേശീയപാതാ ഖണ്ഡത്തിലെ പാലാരിവട്ടം മേല്‍പ്പാലത്തില്‍ കാണപ്പെട്ട തകരാറുകളെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണം ഒട്ടേറെ  വന്‍സ്രാവുകളുടെ ദുഷ്‌ചെയ്തികളിലേക്കും, കോടികള്‍ നീളുന്ന കോഴകളിലേക്കും വെളിച്ചം വീശിവരികയാണല്ലോ. മുന്‍ മന്ത്രിമാരും ഉന്നത സര്‍ക്കാരുദ്യോഗസ്ഥരുമൊക്കെ അതില്‍ കയ്യിട്ട് വാരിയതിന്റെ കോടിക്കഥകള്‍ ദിവസേന മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടുവരുമ്പോള്‍ ബഹുജനം അന്തംവിട്ടു നില്‍ക്കുന്നു. തൊള്ളായിരം മീറ്റര്‍ നീളത്തില്‍ പണിതീര്‍ക്കപ്പെട്ട ആ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങളും സാമഗ്രികളും നിലവാരം പുലര്‍ത്താത്തവയായിരുന്നെന്നു മാത്രമല്ല, അവയുടെ അനുപാതത്തോതും വേണ്ടവിധത്തിലായില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലം നിരീക്ഷിച്ചശേഷം അഭിപ്രായപ്പെട്ടു. അവിടെ അറ്റകുറ്റപ്പണികൊണ്ടു പ്രയോജനമില്ലെന്നും, പുതിയ പാലംതന്നെ പണിയുകയാണു വേണ്ടതെന്നും ഉറപ്പിച്ചു പറഞ്ഞതനുസരിച്ച് അദ്ദേഹത്തെത്തന്നെ കേരള സര്‍ക്കാര്‍ അതിന്റെ ഭാരമേല്‍പ്പിച്ചിരിക്കയാണ്. മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ സമയത്ത് ഗതാഗത തടസ്സം പരമാവധി കുറയ്ക്കാനായി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം നഗരത്തിലെ ചെറു ഇടവഴികള്‍പോലും ഏറ്റവും നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയിരുന്നു. ഇടപ്പള്ളിയിലെ മൂന്നുതട്ടുള്ള മെട്രോ മേല്‍പ്പാലത്തിലൂടെയും, നോര്‍ത്തിലെ റെയില്‍വേ മേല്‍പ്പാലത്തിലൂടെയും വാഹനങ്ങള്‍ തടസ്സമില്ലാതെ ഒഴുകുമ്പോള്‍, കേരളപ്പതിവനുസരിച്ച് നിര്‍മിച്ച പാലങ്ങളിലൂടെ പോകുന്ന വാഹനങ്ങളുടെ നടുവൊടിക്കുന്ന ചാട്ടങ്ങള്‍ അതനുഭവിച്ചവര്‍ക്ക് മറക്കാനാവില്ല. പൂണിത്തുറയിലേക്ക് മെട്രോ നീട്ടുന്നതിനുവേണ്ടി ചമ്പക്കരയില്‍ പണിയുന്ന പാലം എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കി മിച്ചത്തുക തിരിച്ചേല്‍പ്പിച്ച പാരമ്പര്യവും മെട്രോമാന്‍ ശ്രീധരന്‍ നിലനിര്‍ത്തി.

മരട് നഗരസഭാതിര്‍ത്തിയില്‍ പണിതീര്‍ത്ത് ഉടമസ്ഥര്‍ക്ക് കൈമാറിക്കഴിഞ്ഞ പാര്‍പ്പിട സമുച്ചയം എല്ലാ നിയമങ്ങളെയും ലംഘിച്ചുകൊണ്ടാണ് നിര്‍മാതാക്കള്‍ പൂര്‍ത്തീകരിച്ചതെന്ന് കണ്ടെത്തിയ സുപ്രീംകോടതി, അത് പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കല്‍പന നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് കല്‍പ്പന. അതില്‍ നാനൂറോളം കുടുംബങ്ങള്‍ കമ്പളിപ്പിക്കപ്പെട്ടുവെന്ന മാനുഷികവശത്തിനപ്പുറം, സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയതലത്തിലും ഫ്‌ളാറ്റ് വാണിജ്യതലത്തിലുമുള്ള സ്രാവുകളല്ല, തിമിംഗലങ്ങളുടെതന്നെ വിവരങ്ങള്‍ ദിവസംതോറും ഉയര്‍ന്നുവരികയാണ്. സമുദ്രതീര നിയമലംഘനമാണ് സുപ്രീംകോടതി ഉന്നയിച്ച മുഖ്യകാരണമെന്നോര്‍ക്കുമ്പോള്‍ തിമിംഗലങ്ങള്‍ കരയ്ക്കടുക്കാതെ മുങ്ങുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അഴിമതിക്കെതിരായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിവരുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടികളുടെ നിഴലാട്ടം തന്നെയാണ് പാലാരിവട്ടത്തും മരടിലും കണ്ണൂര്‍ വിമാനത്താവളത്തിലും ദേശീയപാതയുടെ കൊല്ലം ബൈപ്പാസിലും കാണാന്‍ കഴിയുന്നതെന്ന് തീര്‍ച്ചയാണ്. ഇവയൊക്കെ സമീപകാല പ്രതിഭാസങ്ങളാണുതാനും. എന്നാല്‍ ഇവയെക്കാളെല്ലാം ഭീഷണമായ അഴിമതിയുടെയും തട്ടിപ്പുകളുടെയും പരമ്പര തന്നെ കണ്ടെത്താന്‍ കഴിയുന്ന  ഒരു പദ്ധതിയാണ് മൂവാറ്റുപുഴ നദീതട പദ്ധതിയുടേത്. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ പെരിയാറ്റിലെ വെള്ളം പൂര്‍ണമായി തടയപ്പെടുകയും, വൈദ്യുതോല്‍പ്പാദനത്തിന് ശേഷമുള്ള വെള്ളം മൂവാറ്റുപുഴ നദീതടത്തിലേക്ക് ഒഴുകിപ്പോകുകയുമാണ് ചെയ്യുന്നത്. വൈദ്യുതോല്‍പ്പാദനം നടക്കുന്ന മൂലമറ്റം ഭൂഗര്‍ഭനിലയത്തില്‍നിന്ന് വെള്ളം തൊടുപുഴയാറ്റിലെത്തുന്നു. അതു മൂവാറ്റുപുഴയിലൂടെ വേമ്പനാട്ടുകായലിലേക്കാണ് പോകുന്നത്. തൊടുപുഴയ്ക്കടുത്ത് മലങ്കരയില്‍ അണകെട്ടി ആ വെള്ളത്തിന്റെ ഒരു ഭാഗം തോടു വഴി പെരിയാറ്റില്‍ എത്തിച്ച് അതിലെ ക്ഷാമം പരിഹരിക്കുന്നതിനു പുറമെ, മൂവാറ്റുപുഴയുടെ ഇരുവശങ്ങളിലും ജലസേചനത്തിനുകൂടി വ്യവസ്ഥ ചെയ്യുന്ന ബൃഹത്തായ പദ്ധതിക്ക് ലോകബാങ്ക് സഹായത്തോടെ പരിപാടി തയ്യാറാക്കപ്പെട്ടു. ഇടുക്കിതന്നെ ഒരു കേന്ദ്രപദ്ധതിയാണ്. അതിന് വിപുലവും വിശാലവുമായ ജലസേചനത്തോടുകളുടെ ശൃംഖല തന്നെ സൃഷ്ടിക്കണമല്ലോ. 1956-ലാണ് ഇടുക്കിയുടെ ഔപചാരിക ഉദ്ഘാടനം കേന്ദ്രമന്ത്രി ഗുല്‍സാരിലാല്‍ നന്ദ നിര്‍വഹിച്ചത്. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്യുമ്പോള്‍ തൊടുപുഴയാറ്റിലേക്കു വെള്ളം ഒഴുകിയെത്തുന്നമെന്നതിനാല്‍ അപ്പോഴേക്ക് ജലസേചന സംവിധാനങ്ങളും ഒരുങ്ങേണ്ടതുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇടത് ഭാഗത്തെ പണികളാണാദ്യം തുടങ്ങിയത്. 80 കളില്‍ അവിടെ വെള്ളമൊഴുകിത്തുടങ്ങി. വലതുകനാല്‍ പണി 94-ല്‍ ആരംഭിച്ചതേയുള്ളൂ. അതിന്റെ സര്‍വേയും സ്ഥലമെടുപ്പും അതിനു പൊന്നുംവില നിശ്ചയിക്കലും എല്ലാം തികച്ചും സംശയകരമായ സ്ഥിതിയിലാണ് നടന്നുവന്നത്. കനാല്‍ ഈ ലേഖകന്റെ വീട്ടുവളപ്പിലൂടെ കടന്നുപോകുന്നുണ്ട്. സ്ഥലമെടുപ്പു കാലത്ത് പൊന്നും വില വര്‍ധിപ്പിച്ചു കിട്ടാനുള്ള വിദ്യകളുമായി ഉദ്യോഗസ്ഥരുടെയും വക്കീലന്മാരുടെയും ഏജന്റുമാര്‍ അടിക്കടി വരാറുമുണ്ടായിരുന്നു. 12 കൊല്ലം കഴിഞ്ഞ് 2006-ല്‍ കനാലിലൂടെ വെള്ളമൊഴുകി. കനാല്‍ നിര്‍മാണം അങ്ങേയറ്റത്തെ അഴിമതി നിറഞ്ഞതായിരുന്നു. കനാലിന്റെ വശങ്ങള്‍ നിര്‍ദ്ദിഷ്ട അളവില്‍ കരിങ്കല്‍ കെട്ടി മീതെ കോണ്‍ക്രീറ്റ് ഇടുന്നതിനുപകരം വെറും മണ്ണുപൊത്തി സിമന്റു കുഴച്ചു തേച്ചുപിടിപ്പിക്കുകയായിരുന്നു. സംസ്ഥാന ഭരണ രാഷ്ട്രീയം മാറിയതനുസരിച്ച് പണിയില്‍ അമാന്തവുമുണ്ടായി. മുന്‍പ് ചുമതല വഹിച്ചവര്‍ക്കെതിരെ അഴിമതിയാരോപണങ്ങളും നടപടികളും വന്നു. ഉദ്യോഗസ്ഥരും കരാറുകാരും തമിഴ്‌നാട്ടില്‍ തോട്ടങ്ങളും മറ്റും വാങ്ങിക്കൂട്ടി. 2016-ല്‍ പണിതീര്‍ന്നു വെള്ളം ഒഴുക്കുമ്പോഴും പണി മുഴുമിപ്പിക്കാതെ ആദ്യത്തെ വെള്ളമൊഴുക്കില്‍ത്തന്നെ പൊളിഞ്ഞുപോയ ഇടങ്ങളും ഉണ്ട്. മുതലക്കോടം എന്ന സ്ഥലത്തു കനാല്‍ തന്നെ പൊളിഞ്ഞു വെള്ളം പാടത്തേക്ക് ഒഴുകിയിരുന്നു. ജലസേചന പദ്ധതി ഇനിയും പൂര്‍ത്തീകരിച്ച് പ്രഖ്യാപിച്ചിട്ടില്ല.

വര്‍ഷാവസാന അറ്റകുറ്റം തീര്‍ത്ത് ശുചീകരിക്കാത്തതിനാല്‍ കനാലിനകം മരങ്ങള്‍ വളര്‍ന്ന് മൂടിക്കിടക്കുന്നു. കനാലിനുള്ളില്‍ത്തന്നെ ചെറുതരം കൃഷി സമീപവാസികളുടെ വകയായി നടന്നുവരുന്നു. ഇരുവശങ്ങളും ഇടിഞ്ഞ് നശിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പദ്ധതികൊണ്ട് ഇടുക്കി ജില്ലയില്‍ ജലസേചനം ഉദ്ദേശിക്കപ്പെടുന്നില്ല. പക്ഷേ ജില്ലയിലെ ഏതാണ്ട് 15 കിലോമീറ്റര്‍ വരുന്ന പാടശേഖരത്തിനു നടുവിലൂടെയാണ് നിര്‍മിതി. അതിനാല്‍ അവിടുത്തെ നെല്ലുല്‍പ്പാദനം തീരെ ഇല്ലാതായി എന്നു പറയാം. ഇക്കാര്യത്തില്‍ ഔദ്യോഗിക രേഖകളെ ഉദ്ധരിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിവുള്ളയാളല്ല ലേഖകന്‍. എന്നിരുന്നാലും, പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടായ അനുഭവത്തില്‍ നിന്നാരംഭിച്ച അന്വേഷണം വമ്പിച്ച അഴിമതിയുടെ മഹാസാഗരത്തില്‍ ചെന്നെത്തിയതുപോലെ, മൂവാറ്റുപുഴ നദീതട പദ്ധതിയുടെ ഇന്നത്തെ അവസ്ഥയും പ്രവര്‍ത്തനരീതിയും സൂക്ഷ്മമായ അന്വേഷണത്തിനു വിധേയമാക്കിയാല്‍, പാലാരിവട്ടത്തെക്കാള്‍ ഭീകരമായ അവസ്ഥയായിരിക്കും അനാവരണം ചെയ്യപ്പെടുക എന്നതിന് സംശയമില്ല. നാലുപതിറ്റാണ്ടുകാലത്തെ ചരിത്രം അവിടെ തോണ്ടിയെടുത്തു പഠനവിധേയമാക്കിയാല്‍ ഒരുപക്ഷേ ആലിബാബാ കണ്ടെത്തിയ ഗുഹാന്തര്‍ഭാഗം പോലെയായിരിക്കും അനുഭവം. അഴിമതിപോയ കൈവഴികള്‍ കണ്ടെത്താന്‍ താല്‍പ്പര്യമുള്ള സര്‍ക്കാര്‍ കേന്ദ്രത്തിലുള്ളതുപോലെ സംസ്ഥാനത്തും ഉണ്ടെങ്കില്‍ അതിനുവേണ്ടി ഉണര്‍ന്ന്  പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.