പാലാരിവട്ടം പാലം അഴിമതിയില്‍ കരാര്‍ നല്‍കിയതിന്റെ ഫയല്‍ അപ്രത്യക്ഷം; കാണാതായത് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍

Tuesday 15 October 2019 1:51 pm IST

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കരാറുകാര്‍ക്ക് പണം മുന്‍കൂര്‍ പണം നല്‍കുന്നതിന്റെ ഫയലുകള്‍ അപ്രത്യക്ഷമായി. വിജിലന്‍സ് അന്വേഷണം നടത്തുന്ന കേസില്‍ നിര്‍ണ്ണായകമായ തെളിവാണ് ഇത്തരത്തില്‍ ഇല്ലാതായിരിക്കുന്നത്. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് നോട്ട് ഫയല്‍ അനുവദിച്ചിരുന്നു. ഇതാണ് കാണാതായിരിക്കുന്നത്.

പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് ഏട്ടേകാല്‍ കോടി രൂപ സംസ്ഥാനം മുന്‍കൂറായി നല്‍കിയിരുന്നു. പണം മുന്‍കൂറായി നല്‍കണമെന്ന വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശപ്രകരമാണ് ഇത് കൈമാറിയതെന്നാണ് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചത്. എന്നാല്‍ ഇത്് തെളിയിക്കുന്നതിനുള്ള രേഖയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.  

നോട്ട് ഫയല്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പൊതുമരാമത്ത് സെക്രട്ടറിക്ക്  കത്തുനല്‍കിയതോടെയാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഇത് നഷ്ടപ്പെട്ടത് അറിയാനായത്. 

അതേസമയം രേഖകള്‍ നഷ്ടപ്പെട്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. കേസില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള നിര്‍ണ്ണായക തെളിവായിരുന്നു ഇത്. കേസില്‍ അറസ്റ്റിലായ മുന്‍ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് വി.കെ. ഇബ്രാഹിമിന് അഴിമതിയില്‍ പങ്കുള്ളതായാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ആര്‍ബിഡിസികെയില്‍ നിന്നാണ് അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുള്ളതായി സൂചിപ്പിക്കുന്ന ചില രേഖകള്‍ കണ്ടുകിട്ടിയത്. കേസിലെ ഗൂഢാലോചന തെളിയിക്കാന്‍  സുപ്രധാനമായ രേഖയാണിത്. 

അതിനിടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഭാരപരിശോധനക്ക് ശേഷം ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിക്കാവൂ എന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.