പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

Friday 27 April 2018 3:52 pm IST

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സും (മികവിന്റെ കേന്ദ്രം) മികച്ച ഗവേഷണ കേന്ദ്രവുമാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ‍. സ്ഥലം ലഭ്യമായാലുടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതാണ്. ഈ മെഡിക്കല്‍ കോളേജിനെ ഒരു ലോകോത്തര സ്ഥാപനമാക്കി മാറ്റാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്‍കെജി മുതല്‍ മെഡിക്കല്‍ കോളേജുവരെ സ്ഥാപനങ്ങളുള്ള അപൂര്‍വം ക്യാമ്പസാണ് പരിയാരം മെഡിക്കല്‍ കോളേജ്. പഴയ ഭരണസമിതിയുടെ അനുഭവ പരിചയം കൂടി ഉള്‍ക്കൊണ്ട് കക്ഷിരാഷ്ട്രീയം മറന്ന് മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കും. കോളേജിന്റെ വിവിധ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഹഡ്‌കോയുടെ കടം വീട്ടിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനും ഡോ. വി.ജി. പ്രദീപ് കുമാര്‍, ഡോ. രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ആണ് ഭരണ ചുമതല ഏറ്റെടുത്തത്. സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജിലെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി വിവിധ വശങ്ങള്‍ പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ ലോക റാങ്കിംഗിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. മികച്ച അധ്യാപകരാണ് ഈ മെഡിക്കല്‍ കോളേജുകളിലുള്ളത്. ഈയൊരു ലക്ഷ്യത്തിലേക്കെത്താല്‍ എല്ലാ വിഭാഗങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കണം. അതിനായുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് 717 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളേജിന് 368 കോടി രൂപ എന്നിവ അനുവദിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ മുഖഛായ മാറ്റാനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ നിലകളിലുമുള്ള ആശുപത്രികളേയും മികച്ച കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 

അഞ്ച് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും. അതിലൊന്നായിരിക്കും പരിയാരം മെഡിക്കല്‍ കോളേജിന്റേയും വികസനം. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.