പാര്‍ലെ ബിസ്‌ക്കറ്റിന്റെ വില്‍പന കുറഞ്ഞെന്നത് കെട്ടുകഥ; കമ്പനിയുടെ വാര്‍ഷികാദായം 15.2% ഉയര്‍ന്നു; വരുമാനത്തില്‍ 6.4% വര്‍ധന

Wednesday 16 October 2019 2:13 pm IST

മുംബൈ: ബിസ്‌ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയതോടെ വന്‍നഷ്ടം നേരിടുന്നുവെന്നും വില്‍പന കുറഞ്ഞു എന്നുമുള്ള കമ്പനികളുടെ പ്രഖ്യാപനം കെട്ടുകഥയെന്ന് തെളിയുന്നു. ജിഎസ്ടി വന്നതോടെ വില കൂട്ടേണ്ട സാഹചര്യം ഉണ്ടായെങ്കിലും ഓരോ പാക്കറ്റുകളിലെയും ബിസ്‌കറ്റുകളുടെ എണ്ണം കുറച്ചാണ് ഇതിനെ നേരിട്ടതെന്നും ഇത് വില്‍പനയെ ബാധിച്ചുവെന്നുമാണ് കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പന കുത്തനെ കുറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ജി 10,000 ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു.  40 ഓളം വന്‍കിട ബിസ്‌കറ്റ് നിര്‍മാതാക്കളാണ് രാജ്യത്തുള്ളത്. വില്‍പന കുത്തനെ കുറഞ്ഞതോടെ ചരക്ക് സേവന നികുതി കുറയ്ക്കണമെന്ന്  ബിസ്‌കറ്റ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കണമെന്നായിരുന്നു ആവശ്യം. 

എന്നാല്‍, കമ്പനികള്‍ പറയുന്ന നഷ്ടക്കണക്കിനു വിപരീതമായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാര്‍ലെ ബിസ്‌കറ്റിന്റെ വാര്‍ഷികാദായം 15.2 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള പാര്‍ലെ പ്രൊഡക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ പാര്‍ലെ ബിസ്‌കറ്റിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് പുറത്ത് വിട്ടത്.

ബിസിനസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാര്‍ലെ ബിസ്‌കറ്റിന്റെ 2019 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 410 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 355 കോടി രൂപയായിരുന്നു. ആകെ വരുമാനത്തില്‍ 6.4 ശതമാനം വര്‍ധിച്ച് 9,030 കോടി രൂപയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാന തുക 6 ശതമാനമായി വര്‍ധിച്ച് 8,780 കോടി രൂപയായി. മറ്റ് വരുമാനങ്ങളില്‍ നിന്നും കമ്പനിക്ക് ലഭിച്ചത് 250 കോടി രൂപയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.