പശ്ചിമേഷ്യയിലെ സംഘര്‍ഷം

Tuesday 7 January 2020 6:44 am IST

ലോകരാഷ്ട്രങ്ങളുടെയെല്ലാം ശ്രദ്ധ ഇപ്പോള്‍ അമേരിക്ക, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കാണ്. ഇരു രാജ്യങ്ങളും പരസ്പരം യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണിപ്പോള്‍.  യുഎസ് ഉള്‍പ്പെടെ ആറ് രാജ്യങ്ങളുമായി 2015 ല്‍ ഉണ്ടാക്കിയ ആണവകരാറില്‍ നിന്നുള്ള ഇറാന്റെ പിന്മാറ്റവും അവര്‍ രണ്ടും കല്‍പ്പിച്ചുതന്നെ എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന് യുഎസ് മുന്നോട്ടുവച്ച വ്യവസ്ഥയില്‍ 2015 ലാണ് ഇറാന്‍ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് ഈ കരാറില്‍ നിന്ന് പിന്മാറുകയും ഇറാന് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. ബന്ധം ഒന്നൂകൂടി വഷളാക്കുന്നതായിരുന്നു ഈ തീരുമാനം. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ശേഷി വര്‍ധിപ്പിച്ചാല്‍ അണവായുധ നിര്‍മാണമായിരിക്കും ഇറാന്റെ ലക്ഷ്യം. 

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രത്യേക വിഭാഗമായ കുദ്‌സ് ഫോഴ്‌സ് മേധാവി  ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ്  വ്യോമാക്രമണത്തില്‍ വധിച്ചതിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത കൂടുതല്‍ രൂക്ഷമാവുകയാണ്. നിലവിലെ ഈ സ്ഥിതിവിശേഷം മറ്റ് ലോകരാഷ്ട്രങ്ങള്‍ക്കും പ്രതികൂലമാവും എന്നും ഉറപ്പാണ്. 

ഇറാന്‍ അമേരിക്കയുടെ ശത്രുപക്ഷത്തായിട്ട് അര നൂറ്റാണ്ടായിട്ടേയുള്ളൂ. അതിന് മുമ്പ് സൗഹൃദം പങ്കിട്ടിരുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വില്ലനായത് എണ്ണയും, ഇറാനെ വരുതിയിലാക്കുനുള്ള അമേരിക്കയുടെ ശ്രമങ്ങളുമാണ്. ലോകപോലീസ് മനോഭാവം വച്ചുപുലര്‍ത്തുന്ന അമേരിക്ക, ഇറാനുമേല്‍ 1979 മുതല്‍ ഉപരോധങ്ങളുടെ പ്രതിരോധ നിരയാണ് ഇക്കാലമത്രയും തീര്‍ത്തുകൊണ്ടിരുന്നത്. ഇറാനുമായി സൗഹൃദം പങ്കിടുന്ന രാജ്യങ്ങളെപ്പോലും യുഎസ് പലപ്പോഴം സമ്മര്‍ദ്ദത്തിലാക്കി. 

ഇറാന്റെ 'റോക് സ്റ്റാര്‍' ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിലൂടെ ഇറാന് ശക്തമായ താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ഈ നടപടിയെ തുടര്‍ന്ന് യുഎസിന് എതിരായി ഇറാന്റെ ജനവികാരം ഉയര്‍ന്നുകഴിഞ്ഞു. ബാഗ്ദാദിലെ അമേരിക്കന്‍ എംബസി ലക്ഷ്യമിട്ട് മിസൈലുകള്‍ പതിച്ചതും ഇതിന്റെ പ്രതിഫലനമാണ്. അമേരിക്കയുമായി യുദ്ധത്തിന്റെ സൂചന നല്‍കി, ചരിത്രത്തിലാദ്യമായി ഇറാനിലെ പുണ്യനഗരമായ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിക്കൊണ്ട് പിന്നോട്ടില്ല എന്ന് ഇറാനും പ്രഖ്യാപിച്ചുകഴിഞ്ഞു. 

ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ ഇറാനെതിരെ ശക്തമായ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാന്റെ എണ്ണ സമ്പത്താണ് യുഎസിനെ മോഹിപ്പിക്കുന്ന പ്രധാന ഘടകം. ഇവിടെ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളും വാണിജ്യാവശ്യങ്ങള്‍ക്കായി ഇറാനുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളും ഉപരോധം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ സാമ്പത്തിക അടിത്തറ പിളര്‍ത്തുക എന്നതിനൊപ്പം പ്രതിരോധ മേഖലയെ അശക്തമാക്കുക എന്നതും ട്രംപിന്റെ ലക്ഷ്യമായിരുന്നു. ഇറാനില്‍ വിന്യസിപ്പിച്ചിരിക്കുന്ന യുഎസ് സൈന്യത്തെ പുറത്താക്കാന്‍ ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസക്കായതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റേയും പരിണാമ ഫലം ഇറാനുമേലുള്ള കടുത്ത ഉപരോധമായിരിക്കും. 

എന്നാലിപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ ഇറാന്റെ സൈനിക മേധാവിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ട്രംപിന്റെ മറ്റൊരു തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. അധികാര ദുര്‍വിനിയോഗത്തെ തുടര്‍ന്ന് സെനറ്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടാനൊരുങ്ങുന്ന ട്രംപ് അതില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുവിടുന്നതിന് നടത്തിയ തരംതാണ പ്രവര്‍ത്തിയാണിതെന്നും വിമര്‍ശനമുണ്ട്. 

ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. ശതകോടികള്‍ ചിലവിട്ടു വാങ്ങിയ ആയുധങ്ങള്‍ ഇറാനുമേല്‍ പ്രയോഗിക്കാന്‍ യാതൊരു മടിയും കാണിക്കില്ല എന്ന ട്രംപിന്റെ മുന്നറിയിപ്പിനെ വെറുമൊരു വീണ്‍വാക്കായി കാണാനുമാവില്ല. അനുനയം മാത്രമാണ് ഏക പോംവഴി. ലോകരാഷ്ട്രത്തലവന്മാര്‍ ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതും ഇതിനുവേണ്ടിയാവണം. സമാധാനമാണ് ഇറാനിലേയും യുഎസിലേയും ഉള്‍പ്പടെയുള്ള സാധാരണ ജനത ആഗ്രഹിക്കുന്നത്. സമാധാനം തകര്‍ത്തുകൊണ്ടുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്  നീങ്ങുന്നതിന് മുന്നേ തന്നെ ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.