കൂടുതല്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ തുറക്കും: വി. മുരളീധരന്‍

Thursday 5 December 2019 6:26 am IST

ന്യൂദല്‍ഹി:  കേന്ദ്രം രാജ്യത്താകമാനം 36 റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളും 93 പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.  ഇതിനു പുറമെ 424 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളുമുണ്ട്. കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. 

പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ സേവ കേന്ദ്രങ്ങളില്‍ കാലതാമസം ഉണ്ടാവാറില്ല. സാധാരണ  ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള, പോലീസ് വെരിഫിക്കേഷന്‍ സമയപരിധി ഒഴിച്ചുള്ള കണക്കാണിത്.  വെരിഫിക്കേഷന് കാലതാമസം വരുമ്പോഴും പൂര്‍ണ്ണമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പോലീസ് നല്‍കുമ്പോഴും അപേക്ഷക്കൊപ്പം ആവശ്യമായ രേഖകള്‍ നല്‍കാത്തപ്പോഴുമാണ് കാലതാമസം വരുന്നത്.  പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ വല്‍ക്കരിച്ചിട്ടുണ്ട്. 

1989 ജനുവരി 26 നോ അതിന് ശേഷമോ ജനിച്ചവര്‍ ജനന തീയ്യതി തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ കാരണം നിരവധിപേര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.നിലവിലെ വ്യവസ്ഥ പ്രകാരം ജനന തീയ്യതി തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂളില്‍ നിന്ന് ലഭിച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്,ഇ ആധാര്‍,ഡ്രൈവിംഗ് ലൈസന്‍സ്,ഇലക്ഷന്‍ ഐ ഡി കാര്‍ഡ്,പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി ബോണ്ട് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.