പയ്യോളി മനോജ് വധക്കേസില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടിക്കും ശുപാര്‍ശ, മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവില്‍

Thursday 19 September 2019 2:10 pm IST

കൊച്ചി : ബിഎംഎസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ ഇരുപത്തിയേഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ കുറ്റപത്രം. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കുറ്റപത്രത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 

ഡിവൈഎസ്പി ജോസി ചെറിയാന്‍, സിഐ വിനോദന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വധക്കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പോലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. 

2012 മെയ് 12 നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം അന്വേഷണം നീണ്ട് പോവുകയായിരുന്നു. അതിനിടെ പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ജനശ്രദ്ധ നേടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.