പയ്യോളി മനോജ് വധം: കൊലപാതകത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന സിപിഎം നേതാവ് സനുരാജ് പിടിയില്‍

Thursday 23 January 2020 2:08 pm IST

പയ്യോളി: ബിഎംഎസ് പ്രവര്‍ത്തകന്‍ സി.ടി. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സനുരാജ് അറസ്റ്റില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബുധനാഴ്ച്ച വന്നിറങ്ങിയ ഇയാളെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സംഭവത്തിനുശേഷം റാസല്‍ ഖൈമയിലേക്ക് കടന്ന ഇയാള്‍ അഞ്ചു വര്‍ഷമായി അവിടെ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇയാള്‍ക്കായി സിബിഐ ബ്ലൂകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കേസിലെ 26ാം പ്രതിയാണ് കെ.കെ. സനുരാജ്. ഇയാള്‍ പിടിയിലായതോടെ കുറ്റപത്രത്തിലുള്ളവരെല്ലാം അറസ്റ്റിലായിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുള്ള സിബിഐയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. 

വിദേശത്തായിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 27-ാം പ്രതി വിപിന്‍ദാസ്, 25-ാം പ്രതി എ.ടി. ഗരേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിപിഎം. 2012 ഫെബ്രുവരി 9ന് ഏരിയാകമ്മിറ്റിയുടെ അറിവോടെ പയ്യോളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് മനോജിനെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്. ഫെബ്രുവരി 12ന് രാത്രി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മനോജിനെ കൊലപ്പെടുത്തിയത്. 

അതേസമയം കേസില്‍ വിചാരണ നടക്കാനിരിക്കെ പ്രതികളില്‍ നാലുപേര്‍ യഥാര്‍ത്ഥ പ്രതികള്‍ തങ്ങളെല്ലന്നും പാര്‍ട്ടിയും പോലീസും നിര്‍ദ്ദേശിച്ചത് പ്രകാരം പ്രതികളാവുകയാണ് ഉണ്ടായതെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതി കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണം ഇഴഞ്ഞതോടെ കോടതിയെ സമീപിക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 27 പേര്‍ പ്രതികളായത്. ഇവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.