പേന തന്നെയാണ് ഇന്ന് വാള്‍!

Saturday 11 January 2020 7:23 am IST

'എന്നെ വിശ്വസിക്കൂ, ഞാന്‍ കള്ളം പറയുകയാണ്' എന്ന റിയാന്‍ ഹോളിഡേയുടെ പുസ്തകത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മനുഷ്യ മനസ്സിലെ പേടിയും ദേഷ്യവും ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്ന് വിശദമായി വിവരിച്ചിരുന്നു. അടിസ്ഥാനപരമായി ഈ പുസ്തകത്തില്‍ പറയുന്നത് മനുഷ്യമനസ്സില്‍ അവര്‍ പോലുമറിയാതെ കൃത്രിമം ചെയ്യാന്‍ പറ്റുമെന്നാണ്. ഇതിനുവേണ്ടി ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള വിഷയമാണ് മനുഷ്യന്റെ 'ഭയം'.  ഭയമോ, വിദ്വേഷമോ ജനിപ്പിക്കുന്നതാണെങ്കില്‍, ആ ലേഖനത്തിനു 34% കൂടുതല്‍ പ്രചാരസാധ്യത കൂടുമത്രേ.

ഇന്ന് 'വിവരങ്ങള്‍' മനുഷ്യ മനസ്സിന്റെ പല വികാരങ്ങളെ വളര്‍ത്താനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ്. വിവരങ്ങള്‍ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ ഏതൊരു അജണ്ടയും പ്രചരിപ്പിക്കാനും, വിശ്വസിപ്പിക്കാനും, സ്ഥാപിച്ചെടുക്കാനും സാധിക്കും. ഇതിപ്പോള്‍ 'വിവര ആയുധങ്ങളായി' മാറിക്കഴിഞ്ഞു. ഈ വിവര ആയുധങ്ങള്‍ക്കൊണ്ട് രാജ്യങ്ങള്‍ തന്നെ തകര്‍ന്ന സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സോവിയറ്റ് യൂണിയനെ ഉള്ളില്‍ നിന്ന് നശിപ്പിച്ച് ഇല്ലാതാക്കിയത് വിവര ആയുധങ്ങളാണ് എന്ന് റഷ്യന്‍ തന്ത്രജ്ഞര്‍ വിശ്വസിക്കുന്നു. പൗരന്മാരുടെ ധാര്‍മ്മിക മൂല്യങ്ങളെ മാറ്റുന്ന, സാമൂഹിക അവബോധം കൈകാര്യം ചെയ്യുന്ന, ഭരണകൂട അധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന, മനഃശാസ്ത്രപരമായ തന്ത്രങ്ങളാണ് പുതിയ തലമുറയുദ്ധം അടയാളപ്പെടുത്തുന്നത്. റഷ്യന്‍ തന്ത്രജ്ഞര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വിവര ആയുധങ്ങള്‍ ഭൗതിക ആയുധങ്ങളേക്കാള്‍ ശക്തിയുള്ളവയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഭാരതവും, പ്രത്യേകിച്ച് 2014ന് ശേഷം, വിവര ആയുധങ്ങളുടെ തീവ്ര ആക്രമണത്തിന് ഇരയായിരിക്കുകയാണ്. ഭാരതത്തിന്റെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തടയാന്‍ താല്‍പര്യമുള്ള ചില രാജ്യങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്നില്‍. അവര്‍ക്ക് വളം വച്ചുകൊടുക്കാന്‍ ഭാരതത്തില്‍ത്തന്നെ ചില രാഷ്ട്രീയ-മത-സാംസ്‌കാരിക-മാധ്യമ 'സിന്‍ഡിക്കേറ്റുകളും' ഉണ്ട്.  ബാഹ്യശക്തികളുടെ ലക്ഷ്യം ഭാരതത്തിന്റെ ശക്തി തകര്‍ക്കുക എന്നതാണ്. അതുകൊണ്ട് തന്നെ അവര്‍ ഭാരതത്തിന്റെ ശക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐക്യവും, സമ്പദ് വ്യവസ്ഥയും, ഭരണഘടനാ സ്ഥാപനങ്ങളുമാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

ഭാരതത്തില്‍ എവിടെ അക്രമം ഉണ്ടായാലും അത് ചില 'സിന്‍ഡിക്കേറ്റ്' മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിക്കും. ഇത് പ്രത്യേകിച്ച് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയമാണെങ്കില്‍ അത് അന്താരാഷ്ട്ര ചര്‍ച്ച വരെയാക്കും. അത് സമൂഹത്തിലെ ചില പ്രമുഖര്‍ ഏറ്റുപിടിക്കുകയും ഭാരതത്തില്‍ അസഹിഷ്ണുതയും മതന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്ന് പ്രചരിപ്പിക്കും. ഇന്ന് ഏത് രാജ്യത്താണ് അക്രമങ്ങള്‍ ഉണ്ടാകാത്തത്? ഏതു പാശ്ചാത്യ വികസിത രാജ്യത്തു പോലും വംശീയമായും മതപരമായും അക്രമങ്ങള്‍ നടക്കാറുണ്ട്. അപ്പോള്‍ 133 കോടി ജനങ്ങളുള്ള ഭാരതത്തില്‍ എങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തീര്‍ത്തും തടയാനാകും? ഭാരതത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കുന്ന പ്രധാനമന്ത്രി പറയുന്ന, ''സബ്കാ സാഥ്, സബ്കാ വികാസ്'' (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം) എന്ന തത്വത്തിന് ഒരു വിലപോലും കല്‍പ്പിക്കാതെ, ഏതെങ്കിലും അപ്രസക്തമായ രാഷ്ട്രീയ നേതാവോ പ്രവര്‍ത്തകനോ പറഞ്ഞ വിവരമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ സിന്‍ഡിക്കേറ്റ് തയ്യാറാവുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരാണ് എന്നുള്ള കള്ള പ്രചാരണം. ഇങ്ങനെ കാണിച്ചുകൊണ്ട് ഭാരതത്തിന്റെ പ്രതീകം തന്നെ മാറുന്നു എന്നും ഇവിടെ മതന്യൂനപക്ഷങ്ങള്‍ക്ക് ഒരു സുരക്ഷയുമില്ല എന്നും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍, അത് വിവര ആയുധങ്ങളുടെ വിദഗ്ധമായ ഉപയോഗം കൊണ്ടാണ്.

ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ലോകരാജ്യങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല. ഇന്ന് അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ടാം സ്ഥാനത്തെത്തും. ബിസിനസ് സൗഹൃദത്തില്‍ ഭാരതം 142-ാം സ്ഥാനത്തു നിന്ന് 62-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റെല്ലാ രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥ പോലെ തന്നെ, നമ്മുടെ രാജ്യത്തും പല ആന്തരികവും ബാഹ്യവുമായ കാരണത്താല്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാം. എങ്കിലും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ദിശ വളര്‍ച്ചയുടെ പാതയില്‍ത്തന്നെയാണ്. എന്നാല്‍ ഈ 'സിന്‍ഡിക്കേറ്റ്' പ്രചരിപ്പിക്കുന്നത് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി എന്നാണ്. ഈ തകര്‍ച്ചയുടെ കാരണം ഒരുതരം 'ഭയമാണ്' എന്ന് അവര്‍ വിശേഷിപ്പിക്കുന്നു. അന്താരാഷ്ട്ര വ്യവസായികള്‍ക്ക് ഇല്ലാത്ത ഭയം എങ്ങനെ ഭാരതത്തിലെ ചില വ്യവസായികള്‍ക്കും ഈ പ്രത്യേക സിന്‍ഡിക്കേറ്റിനും ഉണ്ടാകുന്നു?

മൂന്നാമതായി വിവര-ആയുധങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളെയാണ്. ഇതില്‍ ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജുഡീഷ്യറി, സായുധ സേനകള്‍ മുതലായവ ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ കുപ്രചാരണം നടത്തുന്നത് ജനങ്ങളുടെ ഇടയില്‍ വിശ്വാസം ഇല്ലായ്മ വളര്‍ത്താനാണ്. ഈ വിശ്വാസമില്ലായ്മ കാരണം സാധാരണക്കാരുടെ മനസ്സില്‍ 'ഭയം' ഉണ്ടാകുന്നു എന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യം നോക്കൂ. സാമാന്യ ബോധത്തെത്തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്. മേല്‍ പറഞ്ഞ സിന്‍ഡിക്കേറ്റിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജയിച്ചാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ വിശ്വസിക്കാം. അവര്‍ തോറ്റാല്‍, വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിച്ചു, ജനാധിപത്യം തകരുന്നു എന്ന് പ്രചരിപ്പിക്കും. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികളുടെ ഏതൊരു വിധിയേയും രാഷ്ട്രീയവത്കരിച്ച്, വളച്ചൊടിച്ച് സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കും. ഇതിലൂടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലായ്മ വരുത്തി തീര്‍ക്കുക എന്നതാണു ലക്ഷ്യം. പക്ഷേ വിവര ആയുധങ്ങളുടെ ഏറ്റവും തീവ്രമായ ഉപയോഗം കാണുന്നത് ഭാരതത്തിന്റെ സായുധ സേനകള്‍ക്ക് എതിരെയാണ്. സ്വന്തം മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ പണയം വെച്ചു ശത്രു രാജ്യത്തില്‍ പോയി ഭീകരരെ വധിച്ചാല്‍ പോലും, തെളിവ് ചോദിക്കുന്ന രാഷ്ട്രീയ മാധ്യമ സിന്‍ഡിക്കേറ്റ് നിലവിലുണ്ട്. അതിലൂടെ ഒരു മൂടല്‍മഞ്ഞ് സൃഷ്ടിച്ചു സാധാരണക്കാരുടെ ഇടയില്‍ വിശ്വാസമില്ലായ്മ സൃഷ്ടിക്കാനും, സേനാംഗങ്ങളുടെ മനോബലം ദുര്‍ബലപ്പെടുത്താനുമാണ് ശ്രമം. എല്ലാത്തിനും പിന്നിലെ ലക്ഷ്യം ഭരണഘടനാപരമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ്.

'ഭയ നിര്‍മ്മാണം' കൊണ്ട് ഇവിടെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹൃസ്വകാല നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. പക്ഷേ, രാജ്യത്തിന് അത് വരുംകാലങ്ങളില്‍ ഹാനികരം ആയിരിക്കും. പണ്ട് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ 'ദരിദ്രരുടെയും പാമ്പാട്ടികളുടെയും' രാജ്യം എന്നായിരുന്നു. പിന്നീട് 'അതിവേഗം വികസനപാതയില്‍ മുന്നോട്ടുകുതിക്കുന്ന ശക്തമായ' രാജ്യമായി ഭാരതം മാറി. സാധാരണക്കാരുടെ പരിശ്രമത്തിന്റെ ഫലം കൊണ്ട് നേടിയെടുത്ത ഈ മാറ്റം, ഇഷ്ടപ്പെടാത്ത ചിലര്‍ രാഷ്ട്രീയ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇതിനെ 'ഭയമുള്ള' രാജ്യമായി ചിത്രീകരിക്കുന്നു. ഇതിനെ ചെറുക്കുക തന്നെ വേണം. ഇന്ന് വാളിനെക്കാള്‍ ശക്തി പേനയ്ക്ക് അല്ല. പേന തന്നെയാണ് ഇന്ന് വാള്‍!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.