വീണ്ടും പിണറായിയുടെ രൗദ്രഭാവം; സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കി മുഖ്യമന്ത്രി; സംഭവം സിപിഎം നേതാക്കള്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന പാര്‍ട്ടി നിര്‍ദേശം വന്ന് തൊട്ടടുത്ത ദിവസം

Saturday 24 August 2019 4:04 pm IST

കണ്ണൂര്‍: കടക്കൂ പുറത്ത്, മാറി നിക്ക് അങ്ങോട്ട്... മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിന് ഉദാഹരണമായി സംഭവങ്ങള്‍ നിരവധി. ഇതാ വീണ്ടും ഒരിക്കല്‍ കൂടി പിണറായി വിജയന്‍ രൗദ്രഭാവത്തോടെ പൊതുവേദിയില്‍. പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം  'ആദരവ് ' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ തന്നെ വന്നു കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കുകയായിരുന്നു പിണറായി വിജയന്‍. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും വിനയാന്വീതരായിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണീ സംഭവം എന്നതാണ് ഏറെ രസകരം. ആദ്യം പുഞ്ചിരിച്ചു കൊണ്ടു കൈ പിടിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി, പിന്നീട് പ്രളയത്തിലെ ദുരിതത്തിനു സഹായം ഒന്നു കിട്ടിയില്ലെന്ന മട്ടില്‍ സംസാരിച്ചതോടെ പിണറായിയുടെ മുഖഭാവം മാറി. മുത്തശ്ശിയുടെ കൈകളില്‍ നിന്നു തന്റെ കൈ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. സങ്കടം പറയല്‍ തുടര്‍ന്നതോടെ തൊട്ടരുകിയില്‍ ഇരുന്ന മന്ത്രി ഇ.പി. ജയരാജന്‍ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. അപ്പോഴേക്കും പിണറായി രോഷത്തോടെ കൈകള്‍ മുത്തശ്ശിയുടെ കൈകള്‍ തട്ടിമാറ്റി, ഇരിക്കവിടെ, പോയി ഇരിക്കവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. മറ്റു മന്ത്രിമാരായ കെ.കെ. ശൈലജ , രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരെ സാക്ഷിയാക്കിയായിരുന്നു മുഖ്യന്റെ രോഷപ്രകടനം. 

ജില്ലയിലുണ്ടായ പ്രളയത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും മികച്ച സേവനം ചെയ്ത വിവിധ സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, മത്സ്യതൊഴിലാളികളടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയാണു ശനിയാഴ്ച കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചത്. ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധന വിതരണം, പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പകരം പഠനോപകരണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും ചടങ്ങില്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ വകുപ്പുകളെയും നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയ സേനാ വിഭാഗങ്ങെളയും മത്സ്യതൊഴിലാളികള്‍, വീ ആര്‍ റെഡി, ഡൈവേഴ്സ് യൂനിയന്‍, കയാക്കിങ്ങ് ടീം, കമ്മ്യുണിറ്റി റസ്‌ക്യു ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ സ്തുത്യര്‍ഹമായ നിലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരെയുമാണ് ആദരിച്ചത്. ഇതിനിടെയാണു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലത്ത വിധം പെരുമാറ്റമുണ്ടായത്. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.