'പോക്സോ കോടതികള്‍ക്കായി കേന്ദ്രം നല്‍കിയ കോടികള്‍ കേരളം എന്തു ചെയ്തു'; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

Saturday 11 January 2020 6:09 pm IST

ന്യൂദല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനായുള്ള കോടതികള്‍ സ്ഥാപിക്കാന്‍ തുക കേരള സര്‍ക്കാര്‍ എന്തു ചെയ്‌തെന്ന് സുപ്രീംകോടതി. കേരളത്തിലെ എല്ലാ ജില്ലയിലും പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് കേരളത്തിന് തുക അനുവദിച്ചത്. 

പുതിയതായി 28 പോക്സോ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയ വിവരം ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ അറിച്ചിരുന്നു. നിര്‍ഭയ ഫണ്ടില്‍ നിന്ന് തുക വകമാറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാകും കോടതികള്‍ ആരംഭിക്കുക. ഒരു കോടതിക്കായി 75 ലക്ഷം രൂപയാണ് നിര്‍ഭയ ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നത്. 60:40 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം. ഇതിന്റെ ഭാഗമായി കേന്ദ്രം ആദ്യ ഗഡുവായ 6.3 കോടി രൂപയും നല്‍കി. എന്നാല്‍, ഇതുവരെ എറണകുളത്തല്ലാതെ മറ്റൊരിടത്തും പോക്സോ കോടതികള്‍ സ്ഥാപിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന്  ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണു സംസ്ഥാനത്തെ വിമര്‍ശിച്ചത്. എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ ഉണ്ടാകണം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് 31നകം കോടതികള്‍ക്കു വേണ്ടത്ര സ്റ്റാഫും സാമഗ്രികളും ലഭ്യമാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. മാര്‍ച്ച് ഒന്നിനു മുമ്പായി കോടതികള്‍ പൂര്‍ണ സജ്ജമായി പ്രവര്‍ത്തിച്ചും തുടങ്ങണം. മാര്‍ച്ച് ആറിനു കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 

തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. സംസ്ഥാനത്ത് 57 പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാനാണ് പദ്ധതി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുറ്റവാളികളുടെ ശിക്ഷ വേഗത്തിലാക്കാന്‍ പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.