വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു; സി.പി. സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 54 സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചതോടെയാണ് പിളര്‍പ്പിലേക്ക് നീങ്ങിയത്

Thursday 12 September 2019 1:09 pm IST

തിരുവനന്തപുരം: ശബരിമല വിവാദത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി. സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 54 സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചതോടെയാണ് പിളര്‍പ്പിലേക്ക് നീങ്ങിയത്. 

സമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയരഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ല എന്നതാണ് പുറത്തുവരാന്‍ കാരണമായി പറയുന്നതെങ്കിലും വെള്ളാപ്പള്ളി നടേശന്റേയും പുന്നല ശ്രീകുമാറിന്റേയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് സൂചന. സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പുറത്തുപോകുന്നത്.

നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയാണ് പിളര്‍പ്പിനുള്ള മുഖ്യ കാരണമെന്നാണ് സൂചന.

ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സുഗതന്‍ അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. പലപ്പോഴായി ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവിലാണ് നവോത്ഥാന സമിതി പിളര്‍ന്നിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നൂറോളം സമുദായ സംഘടനകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നവോത്ഥാന സമിതിക്ക് രൂപം നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്റ് ആത്മീയ സഭാ നേതാക്കളും വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.