പ്രോഗ്രസ് ഉണ്ട്, നല്ല പ്രോഗ്രസ്

Wednesday 10 July 2019 3:06 am IST

''ഇടത് മുന്നണിയുടെ പ്രകടന പത്രികയില്‍ 600 വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ മൂന്നുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എത്രത്തോളം നടപ്പിലാക്കി എന്നതാണ് വലിയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമേ ഇതിന്റെ പരിധിയില്‍ വരുന്നുള്ളു. അതിലേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.''

എത്ര ആത്മാര്‍ത്ഥമായ പ്രസ്താവന. ഇടത് സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മുഖക്കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തിയത്. പ്രകടനപത്രികയില്‍ പറയാത്തതും ''നന്നായി'' നടപ്പാക്കിയ കാര്യങ്ങള്‍ നിരവധിയാണല്ലൊ. അതി പ്രധാനപ്പെട്ടതേതെന്ന് ചോദിച്ചാല്‍ കസ്റ്റഡി മരണങ്ങളെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിക്കുതന്നെ അത് എണ്ണിത്തിട്ടപ്പെടുത്താനാകുന്നില്ല. ചിലകേസുകള്‍ പുരാണങ്ങളുമായി സാമ്യപ്പെടുത്താവുന്നതാണ്. ഹിരണ്യകശ്യപൂവിനെ നരസിംഹമൂര്‍ത്തി വധിച്ചത് രാത്രിയിലുമല്ല പകലുമല്ല, അകത്തുവച്ചോ പുറത്തുവച്ചോ അല്ല എന്നതുപോലെയല്ല ഇത്. ചിലര്‍ പോലീസ് സ്റ്റേഷനില്‍ മരിക്കുന്നു, മറ്റുചിലര്‍ സ്റ്റേഷന് പുറത്ത് വധിക്കപ്പെടുന്നു, മറ്റുചിലര്‍ സബ് ജയിലില്‍ വച്ചാകും. എല്ലാം പോലീസിന്റെ നിഷ്ഠൂരവും ഹൃദയഭേദകവുമായ മര്‍ദ്ദനം മൂലമാണെന്ന് മാത്രം. 

അടിയന്തരാവസ്ഥയിലെ ഉരുട്ടിക്കൊലയെകുറിച്ച് എല്ലാവര്‍ക്കുമറിയാം. ഇന്ന് അടിയന്തരാവസ്ഥയില്ല. അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദ്ദനമേറ്റ വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം നിയമസഭയില്‍ വിധിവൈപരീത്യത്തെക്കുറിച്ച് വാചാലനായിരുന്നു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ കസ്റ്റഡി മര്‍ദ്ദനവും മൂന്നാംമുറയും നടക്കുന്നെന്ന് പറയുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകുന്നില്ല. ആയുധം പോലീസിനുണ്ട്. നിയമത്തിന്റെ പിന്‍ബലവും ഉണ്ട്. അത് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലാനല്ല. കേരളപോലീസിന് നല്‍കിയ പുതിയ ആയുധമാണോ കാന്താരിമുളകും കുരുമുളകു സ്‌പ്രേയും. അപരിഷ്‌കൃതമായ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇമ്മാതിരി കസ്റ്റഡി മരണങ്ങളെക്കുറിച്ച് കേള്‍ക്കുന്നില്ല. കേരളം പരിഷ്‌കൃത രാജ്യത്തിനൊപ്പമെത്തി നില്‍ക്കുകയാണെന്ന് പുരപ്പുറം കയറി വിളിച്ചുപറയുന്നവരാണ് ഭരണത്തിലും പ്രതിപക്ഷത്തുമുള്ളത്. എന്നിട്ടും എന്തേ ഇങ്ങനെ?

പ്രകടന പത്രികയില്‍ കസ്റ്റഡി മര്‍ദ്ദനവും, മരണവും അനുവദിക്കില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രി പറഞ്ഞത് അതാണ്. പ്രകടന പത്രികയില്‍ പറയാത്ത കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന്.

സ്വസ്ഥവും സ്വര്യവുമായ ജീവിതമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാല്‍ അതുമാത്രം നടക്കുന്നില്ല. കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സര്‍ക്കാര്‍തന്നെ അതിന് വഴിയൊരുക്കുന്നു. അഞ്ചുവര്‍ഷം ഒരു സാധനത്തിനും വിലകയറാന്‍ അനുവദിക്കില്ലെന്നാണ് വാഗ്ദാനം. ഇപ്പോഴിതാ എല്ലാ സാധനങ്ങള്‍ക്കും വില വാണംപോലെ കയറുന്നു.  അത് ഇന്ധന വിലകൂടുന്നതിനു ശേഷമുള്ള അനുഭവമല്ല. കുറേ മാസങ്ങളായി തുടരുകയാണ്. ഉള്ളി ഇനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ചെറിയ ഉള്ളിക്ക് കിലോഗ്രാമിന് 80 രൂപ കവിഞ്ഞു. വലിയ ഉള്ളി അരിയാതെ തന്നെ കണ്ണില്‍ വെള്ളംനിറയും. പയര്‍വര്‍ഗ്ഗങ്ങളുടെ സ്ഥിതിയും മറിച്ചല്ല.

പച്ചക്കറി വിപ്ലവം പ്രസംഗിക്കാന്‍ കൃഷി മന്ത്രിക്ക് ആയിരം നാക്കാണ്. മൂന്നുവര്‍ഷം കടുംകൃഷി നടത്തുന്ന മന്ത്രിക്ക് കേരളീയരുടെ സ്വാദ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയായതുകൊണ്ടാണ് ഇവിടെ വിലക്കയറ്റമെന്നാണ് ആശ്വസിക്കുന്നത്. ഇവിടെ ഇട്ട വിത്തൊക്കെ എന്തായി ആവോ?

വൈദ്യുതി ഉല്‍പ്പാദനം കൂട്ടുമെന്നല്ലാതെ പ്രകടന പത്രികയില്‍ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ടില്ല. ഒരുകാലത്ത് വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു കേരളം. ഇന്ന് കമ്മിയാണെന്ന് മാത്രമല്ല ഉപഭോക്താവിനെ ഷോക്കടിപ്പിക്കുന്ന നിരക്കുവര്‍ധനയുമായി. ഒരു ദാക്ഷണ്യവുമില്ലാതെ. ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവര്‍. എല്ലാ കുഴപ്പവും വടക്കുള്ളവര്‍ ഉണ്ടാക്കുന്നതാണെന്നാണ് ആരോപണം. കേരളക്കാര്‍ തെക്ക് വടക്ക് നോക്കിയാല്‍ പോര. ഏതെങ്കിലും ഒരുകാര്യത്തില്‍ മിടുക്ക് കാട്ടണം. അതില്ലാതെ പ്രോഗ്രസ് നോക്കിയാല്‍ വട്ടപ്പൂജ്യമാകും ഫലം.

നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാരുണ്യപദ്ധതി. ലോട്ടറിയില്‍നിന്നും മറ്റും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണം കൊണ്ടുള്ള പദ്ധതി അനേകായിരങ്ങള്‍ക്ക് ആശ്വാസമായി. പ്രതീക്ഷയോടെ പാവപ്പെട്ടവര്‍ ഇനിയും കാത്തിരിക്കുന്നു. അപ്പോഴാണ് പദ്ധതിതന്നെ പിന്‍വലിക്കാന്‍ തീരുമാനം. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന അവസ്ഥയിലായി രോഗികള്‍. ആക്ഷേപമായി. വിവാദമായി. ഒടുവില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത മാര്‍ച്ച്‌വരെ കാരുണ്യപദ്ധതി തുടരുമെന്ന്. സിപിഎം കണ്ണൂര്‍ ലോബി, കണ്ണിലെ കരടായി കാണുന്ന ധനമന്ത്രി എടുത്തടിച്ചതുപോലെ പ്രഖ്യാപിച്ചു. അതൊന്നും നടക്കില്ലെന്ന്. ഇതും പ്രകടനപത്രികയില്‍ കാണില്ല. നിര്‍ത്തലാക്കുന്നതാവും നല്ല പ്രോഗ്രസ് !

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.