'തന്റെ ജപ്പാന്‍ കൊറിയ ടൂറുകള്‍ കേരളത്തിലെ യുവാക്കള്‍ക്കു വേണ്ടി'; 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാന്‍ സാധിച്ചെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി

Saturday 7 December 2019 9:03 pm IST

തിരുവനന്തപുരം: യുവാക്കള്‍ക്കു വേണ്ടിയായിരുന്നു താന്‍ ജപ്പാന്‍ കൊറിയ ടൂറുകള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും അദേഹം അവകാശപ്പെട്ടു. 

ഈ യാത്ര യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഒന്നാണ്. അതുകൊണ്ടു തന്നെ, യാത്രയിലെ ഓരോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കള്‍ക്ക് ഗുണകരമായി ഭവിക്കുന്നു എന്നുറപ്പു വരുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കള്‍ക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. 

കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ 'അസെന്‍ഡ് 2020' ജനുവരിയില്‍ നടത്തുകയാണ്. അതിലേക്ക് ജപ്പാനിലെയും കൊറിയയിലെയും കമ്പനികളെയും സര്‍ക്കാര്‍ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാവരും വളരെ താല്പര്യപ്പൂര്‍വ്വം കേരളത്തിന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.

ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഹിരോഷിമ മെമ്മോറിയലില്‍ ചെന്നതും കേരളത്തിന് വേണ്ടി ആദരവ് അര്‍പ്പിച്ചതും പ്രത്യേകം പറയേണ്ടതുണ്ട്. അത് കേവലമായ ഒരു ചടങ്ങായിരുന്നില്ല- നിരായുധീകരണത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കല്‍ തന്നെയായിരുന്നു. ജപ്പാനിലും കൊറിയയിലും ചരിത്രവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതും പുതിയ തലമുറയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പകര്‍ന്നു കൊടുക്കുന്നതും അനുകരണീയ മാതൃകയാണ്.

പോലീസിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ പവര്‍ ഹാന്‍സ് ലിമിറ്റഡില്‍ നിന്നാണ് എ.എസ് 365 ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് ഇത്തരമൊരു തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ സേവന ദാതാവായ പൊതുമേഖലാ കമ്പനിയില്‍ നിന്നാണ് കേരള പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്നും പിണറായി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.