'മലയാളികളെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം നേരത്തെ തുടങ്ങിയിട്ടുണ്ട്'; കപ്പലില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന പിണറായിയുടെ കത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി

Monday 22 July 2019 12:08 pm IST

ന്യൂദല്‍ഹി: ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി എത്തിക്കണമെന്ന് കത്ത് അയച്ച കേരള മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശ കാര്യമന്ത്രി. മലയാളികളെ മാത്രമല്ല കപ്പലില്‍ കുടുങ്ങിയ എല്ലാ ഭാരതീയരെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തുടങ്ങിയെന്ന് എസ് ജയശങ്കര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ മലയാളിയെന്നുള്ള വേര്‍തിരിവ് ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അറിയിച്ചു. 

ടെഹ്റാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിരന്തരം ഇറാനുമായി ഇക്കാരത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തിലെ മറ്റ് പുരോഗമനങ്ങള്‍ വഴിയേ അറിയിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കപ്പലില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  വിദേശമന്ത്രിക്ക് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കത്തയച്ചത്. 

കപ്പല്‍ ജീവനക്കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മല്‍ സാദിഖ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കപ്പലില്‍ കൂടുതല്‍ മലയാളിജീവനക്കാരുണ്ടെന്നും വിവരം ലഭിച്ചു. രണ്ട് കപ്പലിലെയും മലയാളി ജീവനക്കാരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാന്‍ നടപടിയെടുക്കണം. കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ വിവരം സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ മറുപടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.