കേരളം പ്രതിഷേധജ്വാലയില്‍ കത്തുമ്പോള്‍ ഓടിയൊളിച്ച് മുഖ്യമന്ത്രി; ലക്ഷങ്ങള്‍ പൊടിച്ചുള്ള പിണറായിയുടെ വിദേശടൂര്‍ ആരംഭിച്ചു; അനുഗമിച്ച് മന്ത്രിപ്പടയും

Friday 22 November 2019 6:04 pm IST

തിരുവനന്തപുരം: കേരളത്തില്‍ നീതിക്കായുള്ള നിരവധി സമരങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയും സംഘത്തിന്റെ വിദേശ ടൂര്‍ ഇന്നാരംഭിക്കും. ഷെഹ്‌ലയുടെ മരണവും കെഎസ്ആര്‍ടിസിക്കാരുടെ പട്ടിണിസമരവും സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോഴാണ് പിണറായിയുടെയും സംഘത്തിന്റെ വിദേശയത്ര. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരാണ് ഇന്ന് യാത്ര തിരിക്കുന്നത്. 

സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കാനുമായാണ് സംഘത്തിന്റെ യാത്രയെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍, നേരത്തെയും ഇത്തരം യാത്രകള്‍ മുഖ്യമന്ത്രിയും നടത്തിയിട്ടും സംസ്ഥാനത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.  13 ദിവസത്തെ സന്ദര്‍ശനത്തില്‍ മന്ത്രിമാരെക്കൂടാതെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ വി.കെ പ്രേമചന്ദ്രനും, ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെയും സംഘത്തെയും അനുഗമിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നാണ് പ്രാധമിക നിഗമനം.

റീബില്‍ഡ് കേരള പദ്ധതിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചെങ്കിലും കാര്യമായി ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നത്. ഇതും അത്തരത്തിലുള്ള യാത്രയായിരിക്കുമെന്നാണ് അവര്‍ പറയുന്നത്. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. ഇതിനെതിരെ ഭരണാനുകൂല തൊഴിലാളി സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. 

കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം മൂന്ന് ആഴ്ച പിന്നിട്ടെങ്കിലും ശമ്പളം പകുതി മാത്രമാണ് കൊടുത്തിരിക്കുന്നത്. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഇനി 37 കോടി രൂപ കൂടി വേണം. ദൈനംദിന വരുമാനത്തില്‍ നിന്ന് മാറ്റി വച്ച തുക കൂടിച്ചേര്‍ത്താലും 19 കോടിയെങ്കിലും സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഗതാഗത മന്ത്രി യോഗം വിളിച്ചെങ്കിലും പിന്നീടത് മാറ്റിവച്ചു.

നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ കൊറിയയിലുമാണ് പരിപാടികള്‍. ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയായ ശേഷം ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയെങ്കിലും സംസ്ഥാനത്തിന് കാര്യമായ നേട്ടങ്ങള്‍ ഒന്നും കൈവരിക്കാന്‍ സാധിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.