ദുരന്ത പ്രതിരോധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പിണറായി; വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും

Tuesday 21 January 2020 10:15 pm IST

തിരുവനന്തപുരം: ദുരന്തപ്രതിരോധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കഴിഞ്ഞ രണ്ടു പ്രളയത്തില്‍ മനസിലായതാണ്. ബോധവത്ക്കരണവും പ്രാദേശിക രീതിയിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും ചര്‍ച്ചകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രകൃതി സൗഹാര്‍ദ പുനര്‍നിര്‍മാണവും ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനാഭിപ്രായം ശേഖരിക്കുന്ന 'നമ്മള്‍ നമുക്കായി' പരിപാടിക്കും ഇന്ന് തുടക്കം കുറിച്ചു. പ്രത്യേക ഗ്രാമസഭ മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയാണ് നമ്മള്‍ നമുക്കായി. വാര്‍ഡ് തലത്തില്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനായി ഫെബ്രുവരിയില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. അതിനുമുന്നോടിയായി സംസ്ഥാനത്തുട നീളം 2.46 ലക്ഷം പ്രവര്‍ത്തകര്‍ക്ക് കില വഴി പരിശീലനം നല്‍കുകയാണ്. പഞ്ചായത്ത് തലത്തില്‍ നമ്മള്‍ നമുക്കായി വികസന സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.