'ശബരിമലയെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത ശ്രമം'; സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുന്ന ആദ്യ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്‌

Saturday 12 October 2019 5:58 pm IST

തിരുവനന്തപുരം: ശബരിമലയുടെ പവിത്രത  തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎമ്മിന്റേതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. ശബരിമല വിഷയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ എന്ത് നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിന് വാചക കസര്‍ത്തിനപ്പുറം വിശ്വാസികള്‍ക്കായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമുണ്ടാകും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എതിരായാല്‍ നിയമനിര്‍മ്മാണം നടത്തുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇടതു-വലതു മുന്നണികള്‍ നടത്തുന്നത്.  നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ ഇരുകൂട്ടരും അകത്തുപോകും. പാലം നിര്‍മാണത്തിനുള്ള അനുമതി നല്‍കിയത് യുഡിഎഫ് ഭരണകാലത്താണെങ്കില്‍ തൃശൂരിലെ സര്‍ക്കാര്‍ ലാബില്‍ നിന്ന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്തത് എല്‍ഡിഎഫാണ്. ടി.ഒ. സൂരജിനെ അറസ്റ്റ് ചെയ്തതുപോലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ അകത്താക്കാന്‍ പിണറായി തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

 പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ മറികടന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. പാലാരിവട്ടം പാലത്തിന്റെ കരാറുകാര്‍ നിര്‍മിച്ച പാപ്പിനിശേരിയിലേയും പഴയങ്ങാടിയിലെയും പാലങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 അരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. ഇരുമുന്നണികളുടേയും മുന്‍ധാരണ പ്രകാരം വട്ടിയൂര്‍ക്കാവും, അരൂരും എല്‍ഡിഎഫിനും കോന്നിയും, എറണാകുളവും, മഞ്ചേശ്വരവും യുഡിഎഫിനുമായി വീതം വെച്ചുകഴിഞ്ഞു. അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.