പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം 81 ലക്ഷം വീടുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രം; ലക്ഷ്യം 2022 ന് മുമ്പ് എല്ലാവര്‍ക്കും വീട്

Wednesday 26 June 2019 5:18 pm IST

ന്യൂദല്‍ഹി:  പ്രധാനമന്ത്രി ഭവന പദ്ധതി (നഗരം), അമൃത്, സ്മാര്‍ട്ട്‌സിറ്റി എന്നിവയില്‍ ഇതിനകം നിക്ഷേപിച്ചത്  എട്ട്‌ലക്ഷം കോടി രൂപ. ഈ പദ്ധതികളെല്ലാം സമയ പരിധിക്ക് മുമ്പ് തന്നെ പൂര്‍ത്തിയായി വരികയാണെന്ന്‌ കേന്ദ്ര ഭവന നിര്‍മ്മാണ മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി. 

പ്രധാനമന്ത്രി നഗര ഭവന പദ്ധതി പ്രകാരം 4.83 ലക്ഷം കോടി മുടക്കില്‍ 81 ലക്ഷത്തിലധികം വീടുകള്‍ക്കാണ്  അനുമതി നല്‍കിയത്.  നിര്‍മ്മാണം പൂര്‍ത്തിയായ 26 ലക്ഷംവീടുകള്‍ കൈമാറിക്കഴിഞ്ഞു. 48 ലക്ഷംവീടുകള്‍ നിര്‍മ്മാണത്തിലാണ്. നേരത്തെ നിശ്ചയിച്ചിട്ടുള്ള 2022 ന് മുമ്പ് തന്നെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം നേടാന്‍ കഴിയും. പതിമൂന്നു ലക്ഷത്തിലധികം വീടുകള്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി 1.26 ലക്ഷംകോടിരൂപ അനുവദിച്ചതില്‍ 51,000 കോടിരൂപ  നല്‍കികഴിഞ്ഞു.

വായ്പാ ബന്ധിത സബ്‌സിഡിപദ്ധതി പ്രകാരം പ്രതിവര്‍ഷം 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തരം കുടുംബങ്ങള്‍ക്ക് ഇതാദ്യമായി ഭവന നിര്‍മ്മാണ സഹായം അനുവദിച്ചു. വീടുകളുടെ തറവിസ്തീര്‍ണ്ണം 200 ചതുരശ്ര മീറ്റര്‍ വരെയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 6.32 ലക്ഷത്തിലധികം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

2015 ജൂണ്‍ 25 ന് തുടങ്ങിയ സ്മാര്‍ട്ട്‌സിറ്റി പദ്ധതി പ്രകാരം  16 നഗരങ്ങളില്‍ സംയോജിത നിയന്ത്രണ കമാന്റ ്കേന്ദ്രങ്ങള്‍ (ഐ.സി.സി.സി) തുറന്നു. ഇതുവഴി ജനങ്ങള്‍ക്ക് നിരവധി സഹായങ്ങളാണ് ഓണ്‍ലൈനായി നല്‍കിവരുന്നത്.  കുറ്റകൃത്യങ്ങള്‍ തടയാനും മെച്ചപ്പെട്ട നിരീക്ഷണത്തിനും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ട്. ഇത്തരം 55 കേന്ദ്രങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 

സ്മാര്‍ട്ട്‌സിറ്റിയില്‍ മൊത്തം 2.05 ലക്ഷംകോടിരൂപയ്ക്കുള്ള 5,151 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.837 കോടിരൂപ ചെലവില്‍ 25 നഗരങ്ങളില്‍ സ്മാര്‍ട്ട്‌റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 94 നഗരങ്ങളില്‍ 13,000 ലധികംകോടിരൂപ മുതല്‍ മുടക്കില്‍ സ്മാര്‍ട്ട്‌റോഡുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.