പ്രധാനമന്ത്രിയെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സിപിഎമ്മുകാരനായ അധ്യാപകനെ പുറത്താക്കി; നിലവാരം കാത്ത് സൂക്ഷിക്കേണ്ടയാള്‍ തരം താണ രീതിയിലാണ് ഇടപെടുന്നതെന്ന് അറിഞ്ഞില്ലെന്ന് സ്‌കൂള്‍ അധികൃതര്‍

Wednesday 18 September 2019 4:01 pm IST

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പോസ്റ്റിട്ട അധ്യാപകനായ എല്‍ഡിഎഫ് നേതാവിനെ പുറത്താക്കി. കോഴിക്കോട് സ്വദേശി സിജു ജയരാജിനെതിരെയാണ് നടപടി. മോദിയെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വിധത്തില്‍ എഫ്ബിയിലുടെ പോസ്റ്റുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഇത്. 

ഇയാളുടെ എഫ്ബി പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിവാദം ആവുകയും നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സിജു ജോലി ചെയ്തിരുന്ന ആന്ധ്രാ പ്രദേശ് കടപ്പ, ചക്രപ്പേട്ടിലെ ശ്രീ സായി വികാസ് സ്‌കൂള്‍ സ്ഥാപനത്തിന് തന്നെ അപമാനമുണ്ടാക്കുന്ന വിധത്തില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച്് ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

അതേസമയം മലയാളത്തിലാണ് സിജു എഫ്ബിയില്‍ പോസ്റ്റുകള്‍ ഇട്ടത്. അതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധ്യാപകന്‍ എന്ന നിലയില്‍ നിലവാരം കാത്ത് സൂക്ഷിക്കേണ്ടയാള്‍ ഇത്രയും തരം താണ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നത് എന്ന് അറിഞ്ഞത്. അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് മാനേജര്‍ അറിയിച്ചു. സിജുവിന്റെ പെരുമാറ്റത്തില്‍ സ്‌കൂള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുണ്ടെന്നും ഈ വിവരങ്ങള്‍ വിശദമാക്കിക്കൊണ്ട് സ്‌കൂള്‍ ഔദ്യോഗികമായും പ്രതികരിച്ചിട്ടുണ്ട്. 

അതിനിടെ സമൂഹ മാധ്യമങ്ങളിലുടെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വിധത്തില്‍ പോസ്റ്റിട്ടതിന് പോലീസില്‍ പരാതി നല്‍കി. യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. സാലുവാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ രാഷ്ട്രീയം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അപമാനിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.