ഇന്ത്യന്‍ പ്രധാനമന്ത്രിയെ അമേരിക്ക സ്വീകരിച്ചത് റെഡ് കാര്‍പ്പറ്റില്‍; പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് നല്‍കിയത് ചുവന്ന ചവിട്ടുമെത്ത; മോദിയെ സ്വീകരിച്ച് ആനയിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നേരിട്ടെത്തി; വിമാനത്താവളത്തില്‍ ഒറ്റപ്പെട്ട് ഇമ്രാന്‍ ഖാന്‍

Sunday 22 September 2019 4:13 pm IST

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കന്‍ ഭരണകൂടം ഒരുക്കിയത് വന്‍ സ്വീകരണം. എന്നാല്‍ തൊട്ട് പിന്നാലെ എത്തില പാക് പ്രധാനമന്ത്രിയെ അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല.  74ാമത് യുഎന്‍ പൊതുസഭയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അമേരിക്കയിലെത്തിയത്.  ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മോദിക്ക്  യുഎസ് ഉദ്യോഗസ്ഥര്‍ പുച്ചെണ്ടുമായാണ് സ്വാഗതമോതിയത്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്ററും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്‍ധനും യുഎസ് വ്യാപാരരാജ്യാന്തര വകുപ്പ് തലവന്‍ ക്രിസ്റ്റഫര്‍ ഓള്‍സനും മറ്റു മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. റെഡ് കാര്‍പ്പറ്റ് വിരിച്ചാണ് മോദിയെ അമേരിക്ക സ്വീകരിച്ചത്. 

എന്നാല്‍, പിന്നാലെ വന്നിറങ്ങിയ പാക് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. യുഎസിലെ പാക് അംബാസഡര്‍ മാത്രമാണ് അദേഹത്തെകാണാന്‍ വിമാനത്താവളത്തില്‍ എത്തിയത്. റെഡ്കാര്‍പ്പറ്റ് സ്വീകരണം പാക് പ്രധാനമന്ത്രിക്ക് നല്‍കാനും അമേരിക്ക തയാറായില്ല. 'ഹൗഡി മോദി' തുടങ്ങി നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇമ്രാന് ഒരു പൊതുപരിപാടിയും അമേരിക്കയില്‍ ഇല്ല. ഇന്ന് ഹൗഡി മോദി റാലിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാനൊരുങ്ങി ഹൂസ്റ്റണ്‍ ഒരുങ്ങികഴിഞ്ഞു. മറ്റൊരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ പരിപാടിക്കായി അമേരിക്കയില്‍ ഒത്തുചേരുന്ന ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും ഹൂസ്റ്റണിലേത്. ചുഴലിക്കാറ്റും മഴയും മൂലം ഹൂസ്റ്റണില്‍ പ്രതികൂല കാലാവസ്ഥയാണുള്ളതെങ്കിലും മോദിയെത്തുന്നതിന്റെ ആവേശത്തിലാണ് അമ്പതിനായിരത്തില്‍പരം ഇന്ത്യക്കാര്‍. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടി എത്തുന്നതോടെ, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതുപരിപാടി കൂടിയാകുമിത്. അമേരിക്കയിലെ വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ എന്‍ആര്‍ജി ഫുട്‌ബോള്‍ സ്‌റ്റേഡിയമാണ് മൂന്ന് മണിക്കൂര്‍ നീളുന്ന ഹൗഡി മോദിക്ക് വേദിയാകുക. ചടങ്ങ് അവിസ്മരണീയമാക്കാന്‍ 1500ല്‍പരം സന്നദ്ധസേവകര്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വി. ഷ്രിംഗള ഒരുക്കങ്ങള്‍ വിലയിരുത്തി.

ദൃഢമായ സൗഹാര്‍ദം വിളിച്ചോതുന്ന തരത്തില്‍ ഇരുരാജ്യങ്ങളുടെയും പതാകകളേന്തി വെള്ളിയാഴ്ച കാര്‍ റാലി സംഘടിപ്പിച്ചിരുന്നു. 'വീണ്ടും നമോ' എന്നെഴുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് സംഘാടകരും സന്നദ്ധസേവകരുമെത്തിയത്.ഇരു രാജ്യങ്ങളുടെയും ഐക്യത്തിന്റെയും സംസ്‌കാരങ്ങളുടെയും ആഘോഷമാകും ചടങ്ങ്. ദൃഢമാകുന്ന ഇന്ത്യഅമേരിക്ക ബന്ധത്തിലൂന്നിയാകും ചടങ്ങില്‍ മോദി സംസാരിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. ഹൗഡി മോദിയിലെ സാന്നിധ്യത്തിലൂടെ പ്രധാനമന്ത്രിയോടുള്ള ആദരവും സൗഹൃദവുമാണ് ട്രംപ് ഉയര്‍ത്തിക്കാട്ടുന്നത്. 

ഇന്ത്യന്‍ സമൂഹത്തിന്റെ ഊര്‍ജവും വൈവിധ്യവും വിളിച്ചോതുന്ന, 400 കലാകാരന്മാര്‍ അണിനിരക്കുന്ന, വോവണ്‍ എന്ന സാംസ്‌കാരിക പരിപാടിയോടെയാണ് ചടങ്ങിന് തുടക്കം. അമേരിക്കന്‍ സമയം രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി 1.30 വരെ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.