'ഭാരതത്തിന്റെ അതിര്‍ത്തി മാറ്റിവരയ്ക്കാന്‍ ആരെയും അനുവദിക്കില്ല; കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ചതിച്ചു'; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

Saturday 27 July 2019 9:11 pm IST

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഭാരതത്തെ ചതിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന് ശേഷം 1947ലും 65ലും 71ലും 99ലും അവര്‍ അതു തുടര്‍ന്നെങ്കിലും ശക്തമായ തിരിച്ചടിയാണ് ഓരോ തവണയും പാക്കിസ്ഥാന് ലഭിച്ചത്. പാക്കിസ്ഥാന്‍ ആദ്യം മുതല്‍ കശ്മീര്‍ ലക്ഷ്യമിട്ട് യുദ്ധം ചെയ്തു. എന്നാല്‍ ഓരോ തവണയും അവരുടെ പരാജയം ദയനീയമായിരുന്നു. കാര്‍ഗിലില്‍ അവര്‍ക്ക് യോജിച്ച മറുപടിയാണ് നമ്മുടെ സൈന്യം നല്‍കിയതെന്നും മോദി പറഞ്ഞു.  പ്രതിരോധ വകുപ്പ് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ ദിനാഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

യുദ്ധം സര്‍ക്കാരല്ല നയിക്കുന്നതെന്നും മുഴുവന്‍ രാജ്യവുമാണ് യുദ്ധം ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സര്‍ക്കാരുകള്‍ വരും പോകും. എന്നാല്‍ ദേശത്തിനായി വീരമൃത്യു വരിക്കുന്നവര്‍ എക്കാലവും അമരന്മാരായി സ്മരിക്കപ്പെടും. ഭരിക്കുന്നത് ആരുമായിക്കോട്ടെ, എല്ലാ പൗരന്മാരുടേയും അഭിമാന സംരക്ഷണമാണ് പ്രധാനമെന്നും മോദി പറഞ്ഞു. 

എല്ലാ ഇന്ത്യാക്കാരും നമ്മുടെ സൈനികരെ നമിക്കുകയാണ്. ഇരുപത് വര്‍ഷം മുമ്പ് അവര്‍ നമ്മുടെ അഭിമാനം സംരക്ഷിച്ചു. അതിനായി അവര്‍ നല്‍കിയ ജീവത്യാഗം എത്രയോ മഹത്വപൂര്‍ണ്ണമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഓരോ സൈനികനുമാണ് എന്റെ നായകന്മാര്‍. കാര്‍ഗില്‍ യുദ്ധ വിജയം നമ്മുടെ വരാനിരിക്കുന്ന പരമ്പരകളെ വരെ അഭിമാനിപ്പിക്കുന്നു. ജീവത്യാഗം ചെയ്ത വീരസൈനികരുടെ അമ്മമാരെ ആദരവോടെ സ്മരിക്കുന്നു. 

കാര്‍ഗില്‍ വിജയം ഭാരതത്തിലെ യുവജനതയുടെയും സൈനിക മികവിന്റെയും മികച്ച ഭരണത്തിന്റെയും ഫലമാണ്. കാര്‍ഗില്‍ യുദ്ധസ്മാരകം തനിക്ക് തീര്‍ത്ഥാടക കേന്ദ്രമായാണ് അനുഭവപ്പെടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങിനും കരസേനാ മേധാവ് ബിപിന്‍ റാവത്തിനുമൊപ്പമാണ് മോദി ചടങ്ങിനെത്തിയത്. സൈനിക വിഭാഗങ്ങളുടെ പ്രദര്‍ശനവും നൃത്ത പരിപാടികളും വിജയദിനാഘോഷത്തിന്റെ ഭാഗമായി നടത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.